Advertisment

ജോലി ചെയ്യുന്ന വീട്ടില്‍ അമ്മ കടുത്ത പീഡനത്തിനിരയാകുന്നുവെന്ന് വിദേശകാര്യമന്ത്രിയ്ക്ക് കത്തെഴുതി ഹൈദരാബാദ് സ്വദേശിനിയുടെ മകള്‍; വിഷയത്തില്‍ ഇടപെട്ട് കുവൈറ്റ് ഇന്ത്യന്‍ എംബസി, 52കാരിയെ ഉടന്‍ നാട്ടിലെത്തിക്കും

New Update

കുവൈറ്റ്: കുവൈറ്റില്‍ കുടുങ്ങിയ ഹൈദരാബാദ് സ്വദേശിനിയെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസി. അമ്മയെ കുവൈറ്റില്‍ നിന്ന് രക്ഷപ്പെടുത്തണെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശിനിയായ തഹേര ബീഗത്തിന്റെ മകള്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ 52കാരിയായ തഹേര ബീഗവുമായി ബന്ധപ്പെടുകയും നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. ഞായറാഴ്ച്ച ഇവരെ ഹൈദരാബാദിലേക്ക് തിരികെ അയക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിക്കഴിഞ്ഞതായി കുടുംബാംഗങ്ങള്‍ പറയുന്നു.

Advertisment

publive-image

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളിയായി ജോലിചെയ്യുകയാണ് തഹേര ബീഗം. ജോലി ചെയ്യുന്ന വീട്ടില്‍ മാനസികമായും ശാരീരികമായും ഉപദ്രവം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി മകള്‍ തരന്നം ബീഗമാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തെഴുതിയത്.

ഗോല്‍ക്കോണ്ടയില്‍ താമസിക്കുന്ന ഒരു ഡോക്ടറാണ് തഹേര ബീഗത്തിന് കുവൈറ്റില്‍ വീട്ടുജോലി വാഗ്ദാനം ചെയ്തത്.തന്റെ നാലാമത്തെ മകളുടെ വിവാഹത്തെ തുടര്‍ന്നുള്ള കടബാധ്യത മൂലം തഹേര ബീഗം കുവൈറ്റില്‍ ജോലി ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. പ്രതിമാസം 25000 രൂപയായിരുന്നു ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്.

2020 ഫെബ്രുവരിയിലാണ് ഇവര്‍ കുവൈറ്റിലേക്ക് ജോലിക്കായി പോയത്. കുവൈറ്റിലെത്തിയ ശേഷം ഡോക്ടറുടെ സഹോദരനാണ് ഇവരെ സ്വീകരിച്ചത്. തുടര്‍ന്ന് ശാരീരിക ഉപദ്രവങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഡോക്ടറുടെ സഹോദരന്‍ രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സഹോദരനില്‍ നിന്നും ഈ തുകയ്ക്കാണ് താന്‍ ജോലിക്കാരിയെ വാങ്ങിയതെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഇക്കാര്യങ്ങളെല്ലാം അമ്മ തന്നെ അറിയിച്ചിരുന്നതായി തരന്നം ബീഗം വിദേശകാര്യമന്ത്രാലയത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

കഠിനമായ ജോലിയാണ് അമ്മയെ കൊണ്ട് ചെയ്യിച്ചിരുന്നതെന്നും കൃത്യമായി ഭക്ഷണം ലഭിക്കാറില്ലെന്നും മകള്‍ പറയുന്നു. പ്രമേഹ രോഗിയായിട്ടും ആവശ്യമായ വൈദ്യ സഹായവും ലഭിച്ചിട്ടില്ല.

തുടര്‍ന്ന് കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്ത ഡോക്ടറെ സമീപിച്ച് കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ ഇത്തരം കാര്യങ്ങള്‍ കുവൈറ്റില്‍ സാധാരണമാണെന്നും പ്രശ്‌നം നിസാരമാണെന്നും പറഞ്ഞ് ഒഴിയുകയായിരുന്നുവെന്നും തരന്നം പറയുന്നു.

kuwait kuwait latest
Advertisment