Advertisment

ഒരു ദിവസം നാലു വിമാനത്താവളങ്ങളിലേക്കും ചാർട്ടർ ചെയ്ത് കുവൈത്ത് കെ.എം.സി.സി

New Update

കുവൈത്ത് സിറ്റി:ഒറ്റ ദിവസം കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും ചാർട്ടർ വിമാനങ്ങളയച്ച് കുവൈത്ത് കെ.എം.സി.സി. ചരിത്രം സൃഷ്ടിക്കുന്നു. നാല് വിമാന സർവ്വീസിന്‍റേയും നിയമപരമായ മുഴുവൻ നടപടിക്രമങ്ങളും പൂർത്തീകരിച്ചതായി കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്രയും പറഞ്ഞു. ഇതോടെ കൊവിഡ് പ്രതിസന്ധി മൂലം കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനു കുവൈത്ത് കെ.എം.സി.സി. ചാർട്ടർ ചെയ്ത് അയക്കുന്ന വിമാനങ്ങളുടെ എണ്ണം ഏഴാകും.

Advertisment

ജൂൺ 24 നു ബുധൻ രാവിലെ 10:40 നു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ആദ്യ വിമാനം. ഇൻഡിഗോ വിമാനക്കമ്പനിയുമായും തദാക്കിർ ട്രാവൽസുമായും ചേർന്നാണ് പ്രസ്തുത വിമാനം പറന്നുയരുക. 162 യാത്രക്കാരുടെ മുഴുവൻ രേഖകളും ശരിയാക്കി ഇതിന്റെ സർവ്വീസ് കോർഡിനേറ്റ് ചെയ്യുന്നത് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ. ഖാലിദ് ഹാജിയാണ്.

രാവിലെ 11 മണിക്ക് കുവൈത്ത് എയർവേയ്സിന്റെ ബോയിംഗ് 777 വിമാനം 322 യാത്രക്കാരുമായി തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. സംസ്ഥാന സെക്രട്ടറി ടി.ടി.ഷംസുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. ഈദ്സ് ട്രാവൽ മാർട്ടാണ് ട്രാവൽ പാർട്ട്ണർ.

ഉച്ചയ്ക്ക് 3:30 നു ജസീറ എയർവേയ്സിന്റെ എയർബസ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് പറന്നുയരും. 162 പേരാണ് പ്രസ്തുത വിമാനത്തിൽ യാത്ര ചെയ്യുക കുവൈത്ത് കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്. അൽ ഹിന്ദ് ട്രാവൽസുമായി ചേർന്നാണ് ഈ സർവ്വീസ് ഒരുക്കുന്നത്.

രാത്രി 8:00 മണിക്ക് ജസീറ എയർവേയ്സിന്റെ തന്നെ എയർബസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പറന്നുയർന്നുയരും. കുവൈത്ത് കെ.എം.സി.സി. പാലക്കാട് ജില്ലാ കമ്മിറ്റി ഐ.ടി.എൽ ട്രാവൽസുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ ചെയ്യുന്നത്. 162 യാത്രാക്കാരാണ് ഈ വിമാനത്തിലുണ്ടാവുക.

നേരത്തെ ഒരു ദിവസം കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും രണ്ട് വിമാനങ്ങളയച്ചാണ് കുവൈത്ത് കെ.എം.സി.സി. ചാർറ്റേർഡ് വിമാന സർവ്വീസിനു തുടക്കം കുറിച്ചത്. പിന്നീട് ഒരു വിമാനം കൂടി കോഴിക്കോട്ടേക്കും അയച്ചിരുന്നു.

kuwait kmcc
Advertisment