Advertisment

മകള്‍ വീടിന് പുറത്തേക്ക് പോകുന്നത് ഇഷ്ടമല്ല, തുടര്‍ന്ന് മുറിയിലിട്ട് പൂട്ടി; പിന്നീട് മുറി തുറന്നപ്പോള്‍ കണ്ടത് മകള്‍ മരിച്ചനിലയില്‍! കുവൈറ്റില്‍ അഞ്ചു വര്‍ഷത്തോളം യുവതിയുടെ മൃതദേഹം ബാത്ത്‌റൂമില്‍ സൂക്ഷിച്ച സംഭവത്തില്‍ മാതാവ് കസ്റ്റഡിയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ യുവതിയുടെ മൃതദേഹം അഞ്ചു വര്‍ഷം ബാത്ത്‌റൂമില്‍ ഒളിപ്പിച്ച സംഭവത്തില്‍ മാതാവിനെയും സഹോദരങ്ങളെയും പൊലീസ് ചോദ്യം ചെയ്തു. സാല്‍മിയയിലാണ് സംഭവം നടന്നത്.

അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ യുവതിയുടെ മാതാവിനെയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയില്‍ വയ്ക്കും. സംഭവം പൊലീസിനെ അറിയിച്ച സഹോദരനെ വിട്ടയച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സത്വര നടപടികള്‍ പൊലീസ് സ്വീകരിക്കൂ.

മുറിയില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേക്ക് വമിക്കാതിരിക്കാന്‍ ഇവര്‍ നൈലോണ്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ബാത്ത്‌റൂം വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്നതിനാല്‍ അവിടെ മുഴുവന്‍ പൊടി നിറഞ്ഞിരുന്നതായി പൊലീസ് പറയുന്നു.

ചോദ്യം ചെയ്യലില്‍ മാതാവും സഹോദരങ്ങളും അസാധാരണമായാണ് പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്. മകള്‍ എപ്പോഴും വീടിന് പുറത്തേക്ക് പോകുമായിരുന്നുവെന്നും, ഇത് തടയാന്‍ ശ്രമിച്ചിരുന്നതായും മാതാവ് പറയുന്നു. തുടര്‍ന്ന് മകളെ ഒരു മുറിയിലാക്കി പൂട്ടി. ഒരു ദിവസം മകള്‍ക്ക് ഭക്ഷണം നല്‍കാന്‍ മുറി തുറന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

മകളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി മുറിയില്‍ പൂട്ടിയത് പുറത്ത് അറിഞ്ഞാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന ഭയത്താലാണ് വര്‍ഷങ്ങളോളം മകളുടെ മരണം മറച്ചുവച്ചതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തന്റെ സഹോദരിയുടെ മൃതദേഹം അഞ്ച് വര്‍ഷമായി ബാത്ത്‌റൂമില്‍ ഒളിപ്പിച്ചതായി യുവാവ് പൊലീസില്‍ അറിയിക്കുന്നത്. 2016-ല്‍ മരിച്ച യുവതിയുടെ മൃതദേഹമാണിത്. സഹോദരന്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അസ്ഥികൂടം മാത്രമാണ് അവശേഷിച്ചിരുന്നത്. മാതാവാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

Advertisment