കുവൈറ്റിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ ആദ്യ ബാച്ച് പുറപ്പെടുന്നതിന്റെ മുന്നോടിയായി നോർക‌-റൂട്ട്സ് അധികൃതർ കുവൈറ്റിൽ എത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, September 10, 2018

കുവൈറ്റ് : കുവൈറ്റിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ ആദ്യ ബാച്ച് പുറപ്പെടുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി നോർക‌-റൂട്ട്സ് അധികൃതർ കുവൈറ്റിൽ എത്തി .നോർക‌-റൂട്ട്സ് സി‌ഇ‌ഒ ഹരികൃഷ്ണൻ നമ്പൂതിരി, റിക്രൂട്ട്മെന്റ് മാനേജർ അജിത് കൊളാശേരി എന്നിവരാണു സംഘത്തിലുള്ളത്.കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സർക്കാർ നിയന്ത്രിത കമ്പനിയായ അൽ ദുറ കമ്പനി ജനറൽ മാനേജർ മുഹമ്മദ് സാലിം അൽ ആദിലുമായി സംഘം കൂടിക്കാഴ്ച്ച നടത്തി.

കേരളത്തിൽനിന്ന് 500 ഗാർഹിക തൊഴിലാളികളെയാണ് അൽ ദുറ ആവശ്യപ്പെട്ടത്. സൗജന്യമായാണു റിക്രൂട്മെന്റ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനം നൽകിയാണു കുവൈറ്റിലേക്ക് അയയ്ക്കുക. ആദ്യബാച്ചിൽ 17 പേർക്കു പ്രാഥമിക പരിശീലനം പൂർത്തിയാക്കി. അവർക്ക് അടുത്ത ദിവസം വിമാനടിക്കറ്റ് ലഭിക്കുന്നതോടെ കുവൈറ്റിലേക്കു പുറപ്പെടും.

ആദ്യബാച്ചിൽ എത്തുന്നവരുടെ അനുഭവങ്ങളാകും തുടർന്നുള്ള റിക്രൂട്മെന്റിന്റെ ഗതിനിർണയിക്കുക. ഗാർഹിക തൊഴിലാളികൾ നേരിട്ട മുൻ‌കാല അനുഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തുകയാണു ലക്ഷ്യമെന്നും നോർക-റൂട്ട്സ് പ്രതിനിധികൾ പറഞ്ഞു.

×