Advertisment

മെഡിക്കല്‍ ടൂറിസം സൂചികയില്‍ ഗള്‍ഫ് മേഖലയില്‍ കുവൈറ്റിന് അവസാന സ്ഥാനം; ആഗോളതലത്തിലും പുറകോട്ട്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് സെന്റര്‍ പുറത്തിറക്കിയ 2020/2021 വര്‍ഷത്തെ ഗ്ലോബല്‍ മെഡിക്കല്‍ ടൂറിസം സൂചികയില്‍ അറബ് മേഖലയില്‍ കുവൈറ്റിന് അവസാന സ്ഥാനം. ആഗോളതലത്തില്‍ ഏറ്റവും അവസാന സ്ഥാനത്തിന് തൊട്ടുമുകളിലാണ് കുവൈറ്റിന്റെ സ്ഥാനം. പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

12 അറബ് രാജ്യങ്ങളും നഗരങ്ങളും ഉള്‍പ്പെടെ ലോകത്തെ 46 രാജ്യങ്ങളെയും നഗരങ്ങളെയുമാണ് സൂചികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമായും മൂന്ന് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. ആരോഗ്യസൗകര്യങ്ങളും അതിന്റെ നിലവാരവും (ഇതില്‍ കുവൈറ്റിന് 43-ാം സ്ഥാനം), എന്‍വയോമെന്റല്‍ ഡെസ്റ്റിനേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ( കുവൈറ്റിന് 43-ാം സ്ഥാനം), മെഡിക്കല്‍ ടൂറിസം വ്യവസായ നിലവാരം (കുവൈറ്റിന് 45-ാം സ്ഥാനം) തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട മാനദണ്ഡങ്ങള്‍.

കുവൈറ്റിന് ആകെ 54.84 പോയിന്റാണ് ലഭിച്ചത്. അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ ടൂറിസം കേന്ദ്രമാണ് കുവൈറ്റെന്നും പുരാതനകാലം മുതലുള്ള സാംസ്‌കാരിക പൈതൃകമാണ് ഇവിടെയുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ ആറാമത്തെ വലിയ എണ്ണ ശേഖരവും ഇവിടെയാണ്.

ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള കറന്‍സിയായി കുവൈറ്റ് ദിനാര്‍ കണക്കാക്കുന്നു. ആഗോളതലത്തില്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ നാലാം സ്ഥാനത്താണ് കുവൈറ്റ്.

രാജ്യത്തെ ആരോഗ്യസംവിധാനത്തിലെ 80 ശതമാനം ധനസഹായവും വഹിക്കുന്നത് കുവൈറ്റ് സര്‍ക്കാരാണ്. പൗരന്മാര്‍ക്ക് സൗജന്യ ആരോഗ്യസേവനങ്ങള്‍ നല്‍കുന്ന പദ്ധതിയും കുവൈറ്റിലുണ്ട്. കൂടാതെ പൗരന്മാര്‍ക്കായി തൊഴില്‍ സുരക്ഷയും ഉറപ്പാക്കുന്നു. ഇതിന് സര്‍ക്കാരിന് പ്രതിവര്‍ശം 18 ബില്യണ്‍ ഡോളര്‍ ചെലവാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗള്‍ഫ് തലത്തില്‍, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മെഡിക്കല്‍ ടൂറിസം സൂചികയില്‍ ദുബായിക്കാണ് ഒന്നാം സ്ഥാനം. 71.85 പോയിന്റുമായി ആഗോളതലത്തില്‍ ആറാം സ്ഥാനവും സ്വന്തമാക്കി. ഗള്‍ഫ് മേഖലയില്‍ അബുദാബിക്കാണ് രണ്ടാം സ്ഥാനം (ആഗോള തലത്തില്‍ ഒമ്പതാം സ്ഥാനം, 70.26 പോയിന്റ്). ആഗോളതലത്തില്‍ കാനഡ, സിംഗപ്പൂര്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍.

Advertisment