Advertisment

തീവ്ര ന്യൂനമർദം 'ക്യാർ' ചുഴലിയായി മാറാൻ സാധ്യത ; ചുഴലി ഒമാൻ തീരത്തേക്ക് ; അറബിക്കടലിൽ സൈക്ലോൺ രൂപപ്പെടുന്നുവോ എന്ന നിരീക്ഷണം തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

പത്തനംതിട്ട : ന്യൂനമർദം ചുഴലിക്കാറ്റായി മാറുമോ എന്ന നിരീക്ഷണവുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് . ചുഴലി രൂപപ്പെട്ടാൽ ഒമാൻ അത് തീരത്തേക്കാവും നീങ്ങുകയെന്നും നിരീക്ഷകർ പറയുന്നു. ചുഴലി രൂപപ്പെട്ടാൽ കാറ്റിന്റെ പട്ടികയിലെ ക്യാർ എന്ന പേരാവും നൽകുക. മ്യാൻമറിന്റെ സംഭാവനയാണ് ഈ പേര്.

Advertisment

publive-image

തെക്കൻ കേരളത്തിൽ മഴ കുറയുകയും വടക്കൻ കേരളത്തിലും പശ്ചിമതീരത്തും മഴ കൂടുകയും ചെയ്യും. അറബിക്കടലിൽ കർണാടക തീരത്തിനു പടിഞ്ഞാറുകൂടി വടക്കോട്ടു നീങ്ങുന്ന ന്യൂനമർദം ഇന്ന് (22) വൈകുന്നേരത്തോടെ തീവ്ര ന്യൂനമർദമായി (ഡിപ്രഷൻ) മാറും.

അത് കുറച്ചു കൂടി വടക്കോട്ടു നീങ്ങി മുംബൈ തീരത്തും മഴ എത്തിച്ച ശേഷം വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് നിഗമനം. അറബിക്കടലിലെ ഡിപ്രഷൻ നിരീക്ഷണത്തിലാണെന്നും ഇതിന്റെ തീവ്രത മനസ്സിലാക്കിയ ശേഷമേ ചുഴലിക്കാറ്റായി മാറുമോ എന്ന കാര്യം കൃത്യമായി പറയാനാവൂ എന്നും ന്യൂഡൽഹി ഐഎംഡി മേധാവി ഡോ. എം. മഹാപത്ര പറഞ്ഞു.

അറബിക്കടലിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ ചുഴലിക്കാറ്റുകൾ പതിവുള്ളതിനാൽ ഇപ്പോഴത്തെ തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നതാണ് സ്വകാര്യ കാലാവസ്ഥാ ചാനലായ സ്കൈമെറ്റിന്റെ നിഗമനം. സാധാരണ ഒക്ടോബറിൽ രണ്ടു ചുഴലികൾ വരെ രൂപപ്പെടാറുള്ളതാണ്. എന്നാൽ ഇക്കുറി കാലവർഷത്തിന്റെ പിന്മാറ്റം വൈകിയതിനെ തുടർന്നുണ്ടായ അന്തരീക്ഷ രീതികളിലെ മാറ്റമാവാം ചുഴലി വൈകിച്ചതെന്നും സ്കൈമെറ്റിലെ ശാസ്ത്രജ്ഞർ പറയുന്നു.

അതേസമയം, ഗൾഫ് മേഖലയിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ 24 മുതൽ ജാഗ്രത പുലർത്തണമെന്ന് യുഎഇയിലെയും മറ്റും നിരീക്ഷണ കേന്ദ്രങ്ങൾ ആദ്യ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

Advertisment