Advertisment

വേനല്‍കളരിക്ക് ലേബര്‍ ഇന്‍ഡ്യ സ്‌കൂളില്‍ സമാപനം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

മരങ്ങാട്ടുപിള്ളി: കേരളത്തിലെ കുട്ടികളെ സംബന്ധിച്ച് മാര്‍ച്ച് മാസം വര്‍ഷാവസാന പരീക്ഷയുടെ ദിനങ്ങള്‍ ആണ്. പരീക്ഷയിലെ മാര്‍ക്കും വിജയവുമാണ് ജീവിത വിജയത്തിന്റെ അളവുകോല്‍ എന്ന നിലക്കാണ് രക്ഷിതാക്കളും, അദ്ധ്യാപകരും പരീക്ഷയെ കാണുന്നത്.

Advertisment

മാര്‍ച്ച് മാസത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം അതിജീവിക്കാനുള്ള കരുത്തും, പ്രത്യാശയും കുട്ടികള്‍ക്ക് ലഭിക്കുന്നത് ഏപ്രില്‍, മെയ് മാസങ്ങളെ കുറിച്ചുള്ള ചിന്തകളാണ്. പുതിയ തലമുറയാകട്ടെ മൊബൈല്‍ ഫോണിലും, സോഷ്യല്‍ മീഡിയയിലും തങ്ങളുടെ സമയം ചിലവഴിക്കുന്നു.

publive-image

ഔപചാരികതയുടെ മേല്‍ക്കുപ്പായമില്ലാതെ പഠനങ്ങള്‍ക്കും, പരിശീലനങ്ങള്‍ക്കും കൂടിയുള്ള ദിനങ്ങളായി മധ്യവേനല്‍ അവധിക്കാലം മാറേണ്ടേ? പുതുതലമുറക്ക് ഇത്തരത്തില്‍ ഒരു വേറിട്ട ചിന്ത നല്കുന്നതിലേക്ക് ആയിട്ടാണ് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ ഗുരുകുലം പബ്ലിക് സ്‌കൂളില്‍ വേനല്‍ കളരി സംഘടിപ്പിച്ചത്. പഴമയുടെ പെരുമയെ അടുത്തറിയാനും, അനുഭവിക്കാനും ഒപ്പം നാടന്‍ രുചിയുടെ മേന്‍മയറിയാനും കുട്ടികള്‍ക്കായി. മാര്‍ച്ച് മാസം ഒന്നാം തീയതി വേനല്‍ കളരി ആരംഭിച്ചു.

മനുഷ്യന്‍ തന്റെ ജീവിതം ആരംഭിച്ച വൃക്ഷകൂടാരങ്ങള്‍ ഇന്ന് വിനോദത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന കാലഘട്ടത്തില്‍, വേനല്‍ കളരിയുടെ ഭാഗമായി കുട്ടികള്‍ തന്നെ ഒരു വൃക്ഷ കൂടാരം നിര്‍മിച്ചു. ആരെയും വിസ്മയപ്പെടുത്തുന്ന രീതിയിലായിരുന്നു വീടിന്റെ നിര്‍മ്മിതി. സ്വന്തം ആശയത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു 'വൃക്ഷ കൂടാരം' കുട്ടികള്‍ നിര്‍മിച്ചത്. മൂന്നു മരങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിലയിട്ട്, ചുറ്റും മറച്ചു മേല്‍ക്കൂരയിട്ട് കുട്ടികള്‍ വൃക്ഷകൂടാരം നിര്‍മ്മിച്ചു.

publive-image

താഴെ നിന്ന് വീട്ടിലേക്ക് കയറുവാന്‍ കുട്ടികള്‍ ഒരു കയര്‍ ഗോവണിയും നിര്‍മ്മിച്ചു. വൃക്ഷ കൂടാരം കൂടാതെ കുട്ടികള്‍ ചെറിയ കുടിലുകള്‍ നിര്‍മ്മിക്കുന്നതിനും, വേനല്‍ ചൂടിനെ ചെറുക്കുന്നതിനും, വിശ്രമവേളകള്‍ ചെലവഴിക്കുന്നതിനും ഓരോ കുടിലുകളും കുട്ടികള്‍ വിനയോഗപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ ഓരോ പ്രവര്‍ത്തനവും അവരുടെ നൈപുണ്യത്തെ തിരിച്ചറിയുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമായി. പ്രവര്‍ത്തനത്തിലൂടെ പഠിക്കുക എന്ന വിദ്യാഭ്യാസ തത്വത്തെ ഉയര്‍ത്തി പിടിക്കുന്നതിനും ഒപ്പം കോണ്‍ക്രീറ്റു കെട്ടിടങ്ങളിലെ പഠനത്തിനെക്കാള്‍ നല്ലത് ഇതുപോലെ പോലെ ഉള്ള ഏറുമാടങ്ങള്‍ ആണെന്ന് തിരിച്ചറിഞ്ഞു.

കുട്ടികള്‍ക്കു ദാഹം അകറ്റാന്‍ മോര് സംഭാരം കൂടാതെ വേനല്‍ കളരിയില്‍ നിര്‍മ്മിച്ച മറ്റൊരു ശീതളപാനീയം ആയിരുന്നു മാങ്ങാ സംഭാരം. പച്ചമാങ്ങാ ചതച്ച് അതില്‍ ഇഞ്ചി, പച്ചമുളക്, ഉപ്പ് ഇവ ചേര്‍ത്താല്‍ നല്ല മാങ്ങാ സംഭാരമായി. കരിമ്പിന്‍ ജ്യൂസ്, പൈനാപ്പിള്‍ ജ്യൂസ് ഇവയും കുട്ടികള്‍ ദാഹശമനത്തിനായി നിര്‍മ്മിച്ച് വിതരണം ചെയ്തു.

publive-image

വേനല്‍ കളരിയില്‍ നിര്‍മ്മിച്ച ഭക്ഷണങ്ങളില്‍ ഒന്ന് മുളയില്‍ വേവിച്ചെടുത്ത മുട്ടയപ്പം ആയിരുന്നു. പ്രാദേശികമായി ലഭ്യമായ വിഭവങ്ങള്‍ കൊണ്ടുള്ള ഭക്ഷണ നിര്‍മ്മാണം കളരിയിലെ ഒരു ഇനമായിരുന്നു. അതിനായി മുളങ്കുറ്റി വൃത്തിയാക്കി, മുറിച്ച് ഒരുക്കി. ചതുരത്തില്‍ വെട്ടിയെടുത്ത ഭാഗത്തുകൂടി നാടന്‍ കോഴി മുട്ട, മുളക്, ഇഞ്ചി, ഉപ്പ് തേങ്ങാപ്പീര ഇവ നന്നായി യോജിപ്പിച്ച് ഫില്ല് ചെയ്തു. അടപ്പ് വച്ച് മൂടി. ഇതു ഉണ്ടാക്കാനുള്ള അടുപ്പിന് രണ്ട് കല്ലുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. വീടുകളില്‍ ഉണ്ടാക്കുന്ന മുട്ട അപ്പത്തിനേക്കാള്‍ സ്വാദിഷ്ടം ആയിരിന്നു മുളംകുറ്റി മുട്ടയപ്പം

വേനല്‍ കളരിയിലെ കുട്ടികള്‍ കൂജയില്‍ നിറച്ച വെള്ളമാണ് കുടിക്കാനായി ഉപയോഗിച്ചത്. ആദ്യമായിട്ടാണ് പലരും മണ്‍കൂജകളിലെ വെള്ളം കുടിക്കുന്നത്.

മണ്‍കൂജയിലെ വെള്ളത്തില്‍ രാമച്ചവേര് കഴുകിയിട്ടു. ഫ്രിഡ്ജിനു വേണ്ടി ചെലവാക്കുന്ന വൈദ്യുതി ലാഭിക്കുക, അതുവഴി ജലസംരക്ഷണം, ഫ്രിഡ്ജില്‍ നിന്നും പുറത്തു പോകുന്ന സി.എഫ്.സി. കുറക്കാം, അവ നശിപ്പിക്കുന്ന ഓസോണ്‍ പാളികള്‍, അത് മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ എല്ലാം തടയുവാന്‍ ഈ മണ്‍കൂജകള്‍ക്ക് ആവുമെന്ന് കുട്ടികള്‍ തിരിച്ചറിഞ്ഞു.

ലളിതമായ ശാസ്ത്ര പ്രവര്‍ത്തനം കൊണ്ട് നമ്മുടെ ആവശ്യത്തിനുള്ള സോപ്പ് ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് ഉണ്ടാക്കുവാന്‍ ഈ കളരിയിലൂടെ കുട്ടികള്‍ പഠിച്ചു. കുട്ടികള്‍ ചെയ്ത പ്രവര്‍ത്തനങ്ങളിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു സോപ്പ് നിര്‍മ്മാണം. നിറത്തിലും, മണത്തിലുമുള്ള വ്യത്യാസങ്ങള്‍ മാത്രമേ സോപ്പുകള്‍ തമ്മിലുള്ളൂ എന്നും പഠിച്ചു.

വെളിച്ചെണ്ണയില്‍ ഉണ്ടാക്കുന്ന സോപ്പ് ആണ് കൂടുതല്‍ നല്ലതെന്നും അവര്‍ മനസ്സിലാക്കി. രാമച്ചം, ജാസ്മിന്‍ സോപ്പുകളാണ് വേനല്‍ കളരിയില്‍ കുട്ടികള്‍ നിര്‍മ്മിച്ചത്. സോപ്പ് പ്രചാരത്തില്‍ വരുന്നതിനു മുന്‍പ് നാട്ടില്‍ ഉപയോഗിച്ചിരുന്ന ഇഞ്ച, താളി, സോപ്പ് കായ ഇവ ക്യാമ്പില്‍ പരിചയപ്പെടുത്തിയത് കുട്ടികള്‍ക്ക് പുതിയ അറിവുകളായിരുന്നു

ദന്തസംരക്ഷണവും, പ്രകൃതി സംരക്ഷണവും ഉമിക്കരിയിലൂടെ

നിത്യവും പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റുകള്‍ നമ്മുടെ ആരോഗ്യത്തേയും, പ്രകൃതിയുടെ ആരോഗ്യത്തേയും എങ്ങനെ നശിപ്പിക്കുമെന്ന് അധികമായി നാം ചിന്തിച്ചിട്ടില്ല. ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ട്യൂബ്, തലമുറകളോളം നമ്മുടെ മുന്നില്‍ അഴുകാതെ കിടക്കും.

ലക്ഷക്കണക്കിന് പേസ്റ്റ് ട്യൂബുകള്‍ ആണ് നമ്മുടെ പേസ്റ്റ് ഉപയോഗം മൂലം നമ്മുടെ മണ്ണില്‍ കിടക്കുന്നത്. കൂടാതെ പേസ്റ്റില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും നമ്മുടെ വായിലെ മിത്ര മൈക്രോബുകളെ കൂടി കൊന്നൊടുക്കുന്നുണ്ട്. അങ്ങനെയുള്ള ചിന്തയില്‍നിന്നാണ് പ്രകൃതിയെ നശിപ്പിക്കാത്ത, ആരോഗ്യം നശിപ്പിക്കാത്ത പണ്ട് കാലത്ത് നമ്മുടെ നാട്ടില്‍ ഉപയോഗിച്ചിരുന്ന ഉമികരിയെ കുറിച്ച് ചിന്തിക്കുന്നത്. ദന്തസംരക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണം എന്ന ബൃഹത്തായ പദ്ധതിയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

വേനല്‍ക്കാല വസ്ത്ര പരിചരണം : പാരമ്പര്യ വഴിയിലൂടെ

വേനല്‍ കാലത്ത് ജനങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് ജലദൗര്‍ലഭ്യം. കുടിക്കാന്‍ പോലും വെള്ളം ഇല്ലാത്തപ്പോള്‍, കുളിക്കാനും വസ്ത്രം കഴുകാനും മറ്റാവശ്യങ്ങള്‍ക്കും വെള്ളമെവിടെ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. ഈ അവസ്ഥയില്‍ വസ്ത്രങ്ങള്‍ ഏററവും കുറച്ചുവെള്ളം ഉപയോഗിച്ച് എങ്ങനെ കഴുകി ഉണക്കി എടുക്കാം എന്ന് വേനല്‍ കളരിയിലൂടെ കുട്ടികള്‍ അനുഭവിച്ചറിഞ്ഞു.

വാഷിംഗ് മെഷീനില്‍ ഡിറ്റര്‍ജെന്റ് ഉപയോഗിച്ച് വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ ഉണ്ടാകുന്ന ജലനഷ്ടത്തെ കുറിച്ചും ഡിറ്റര്‍ജെന്റിന്റെ പരിസ്ഥിതി മലിനീകരണത്തെകുറിച്ചും ഈ ആക്ടിവിറ്റികളിലൂടെ കുട്ടികള്‍ മനസ്സിലാക്കി.

ചുട്ടുപൊള്ളുന്ന ചൂടിലും ഫാനും, ലൈറ്റും ഒന്നും ഉപയോഗിക്കാതെ ആയിരുന്നു ഗുരുകുലം വേനല്‍ കളരി നടത്തിയത്. ഓലമേഞ്ഞ പുരകളിലേക്കുള്ള ഒരു മാറ്റം കാറ്റിനെ തടഞ്ഞു നിര്‍ത്തുന്ന ഭിത്തികള്‍ക്ക് പകരം നാലുവശത്തുനിന്നും കാറ്റ് കയറിയിറങ്ങുന്നതിനുള്ള തുറസ്സായ സൗകര്യം. ഇടതൂര്‍ന്ന മരച്ചാര്‍ത്തുകള്‍ സൃഷ്ടിക്കുന്ന കുളിര്‍മ. ഇത്രയും ദിവസം ക്ലാസുമുറികളില്‍ ഉപയോഗിക്കേണ്ടിയിരുന്ന വൈദ്യുതി ഫാന്‍ ഉപയോഗിക്കാതെ, ലൈറ്റ് ഉപയോഗിക്കാതെ കുട്ടികള്‍ പഠിച്ചത് അടുത്ത തലമുറയ്ക്ക് കൈമാറേണ്ട നന്മകളാണ്.

വെള്ളം കോരിയത് മൂലം മോട്ടറിന് ഉപയോഗിക്കേണ്ടിയിരുന്ന വൈദ്യുതിയുടെ ലാഭം, സ്വന്തമായി വസ്ത്രങ്ങള്‍ അലക്കിയത് മൂലം വാഷിങ്‌മെഷീനില്‍ ഉപയോഗിക്കേണ്ടിവരുന്ന വൈദ്യുതിയുടെ ലാഭം, അതുവഴി കാര്‍ബണ്‍ ഫ്രൂട്ട് പ്രിന്റ് അഥവാ കാര്‍ബണ്‍ പാദമുദ്രകള്‍ എങ്ങനെ കുറയ്ക്കാനാവുമെന്ന് കുട്ടികള്‍ ജീവിതരീതികൊണ്ട് കാട്ടിക്കൊടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് കുട്ടികള്‍ പ്രതിജ്ഞ ചെയ്തുകൊണ്ടാണ് വേനല്‍ കളരി അവസാനിപ്പിച്ചത്.

കെ കെ ശ്രീജിത്ത്

Advertisment