Advertisment

സ്ത്രീകളെ വസ്ത്രത്തിന് മുകളിലൂടെ സ്പര്‍ശിച്ചാല്‍ പീഡനമാകില്ലെന്നു പറഞ്ഞ വനിതാ ജഡ്ജിയ്ക്ക് 150 ഗര്‍ഭനിരോധന ഉറകള്‍ അയച്ച് യുവതിയുടെ പ്രതിഷേധം ! വിധിയില്‍ പ്രതിഷേധിച്ച് യുവതി ഗര്‍ഭനിരോധന ഉറകള്‍ അയച്ചത് മുംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയുടെ പേരില്‍. പാര്‍സലയച്ചത് വിവാദ ജഡ്ജിയടക്കം 12 പേര്‍ക്ക്. ജഡ്ജിയുടെ വിധിയെ അടിസ്ഥാനമാക്കി വസ്ത്രങ്ങളുടെ മുകളിലൂടെയുള്ള ലൈംഗിക ചൂഷണത്തിന് പുരുഷന്‍മാര്‍ തുനിയുമെന്നും യുവതി ! പാര്‍സല്‍ കിട്ടിയില്ലെന്നു ഹൈക്കോടതി രജിസ്ട്രി

New Update

publive-image

Advertisment

മുംബൈ: പോക്‌സോ നിയമപരിധിയില്‍ പെടുന്ന ലൈംഗിക പീഡനകേസുകളില്‍ ജസ്റ്റിസ് പുഷ്പ ഗനേഡിവാല നടത്തിയ വിധിപ്രസ്താവങ്ങളില്‍ പ്രതിഷേധിച്ച് 150 ഗര്‍ഭനിരോധന ഉറകള്‍ ജഡ്ജിക്ക് അയച്ചെന്നറിയിച്ച് ഗുജറാത്ത് സ്വദേശിനി.

ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ പേരില്‍ ജസ്റ്റിസിന്റെ ചേംബറുള്‍പ്പെടെ പന്ത്രണ്ട് ഇടങ്ങളിലേക്ക് ഉറകള്‍ അയച്ചതായി അവകാശപ്പെട്ട് ദേവശ്രീ ത്രിവേദിയെന്ന യുവതിയാണ് രംഗത്തുവന്നത്.

അനീതി പൊറുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയ്ക്ക് ജഡ്ജിയുടെ വിധിപ്രസ്താവം കാരണം നീതി ലഭിക്കാതെ പോയെന്നും രാഷ്ട്രീയനിരീക്ഷകയെന്ന് സ്വയം പരിചയപ്പെടുത്തിയ ദേവശ്രീ ത്രിവേദി പറയുന്നു. വിവാദ വിധിപ്രസ്താവം നടത്തിയ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ദേവശ്രീ ത്രിവേദി ആവശ്യപ്പെട്ടു.

ഫെബ്രുവരി ഒമ്പതിനാണ് താന്‍ പാക്കറ്റുകള്‍ അയച്ചതെന്നും ചിലയിടങ്ങളില്‍ അവ കൈപ്പറ്റിയതായി തനിക്ക് വിവരം ലഭിച്ചതായും ദേവശ്രീ പറഞ്ഞു. തന്റെ പ്രവൃത്തിയില്‍ ഒരു സ്ത്രീയെന്ന നിലയില്‍ തെറ്റാണെന്ന് തോന്നുന്നില്ലെന്നും കുറ്റബോധമില്ലെന്നും അവര്‍ വ്യക്തമാക്കി.

സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി നില കൊള്ളണമെന്നും ജഡ്ജിയുടെ വിധിയെ അടിസ്ഥാനമാക്കി വസ്ത്രങ്ങളുടെ മുകളിലൂടെയുള്ള ലൈംഗിക ചൂഷണത്തിന് പുരുഷന്‍മാര്‍ തുനിയുമെന്നും ദേവശ്രീ ത്രിവേദി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത്തരത്തിലുള്ള പാക്കറ്റ് ലഭിച്ചില്ലെന്ന് മുംബൈ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് രജിസ്ട്രി വ്യക്തമാക്കി. ദേവശ്രീയുടെ പ്രവൃത്തി കോടതിയലക്ഷ്യമാണെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാഗ്പുര്‍ ബെഞ്ചിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരംഗ് ഭണ്ഡാര്‍ക്കര്‍ പറഞ്ഞു.

2016 ഡിസംബറില്‍ 39-കാരന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിന്റെ വിധി പറയവെയാണ് ഹൈക്കോടതി അഡിഷണല്‍ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിവാദ പ്രസ്താവന നടത്തിയത്.

വസ്ത്രത്തിന് മുകളിലൂടെയാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതെന്നും നേരിട്ടുള്ള സ്പര്‍ശനം നടക്കാത്തതിനാല്‍ പോക്‌സോ നിയമമനുസരിച്ചുള്ള ലൈംഗികാതിക്രമം നടന്നതായി കരുതാനാവില്ലെന്നുമായിരുന്നു ജഡ്ജിയുടെ പ്രസ്താവന.

ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ പ്രസ്താവന വിവാദങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും വഴിതെളിച്ചിരുന്നു. ഒരാഴ്ചക്കിടെ മൂന്ന് പോക്‌സോ കേസുകളില്‍ വിവാദവിധി പുറപ്പെടുവിച്ച ജഡ്ജിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. മുമ്പും ജസ്റ്റിസ് ഗനേഡിവാല ഉള്‍പ്പെട്ട ബെഞ്ചുകള്‍ പുറപ്പെടുവിച്ച വിധികള്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

mumbai news
Advertisment