Advertisment

കർദ്ദിനാളിന്റെ സർക്കുലർ വായിച്ചില്ല: മാർ ഭരണികുളങ്ങരയ്ക്കെതിരെ ആഞ്ഞടിച്ച് ഫരീദാബാദ് ലെയ്റ്റി മൂവ്മെന്റ് : ബിഷപ്പിന്റെ നിലപാട് ​ഗുരുതരമായ അച്ചടക്ക ലംഘനം

New Update

ലവ് ജിഹാദ് വിഷയത്തിൽ സിറോ മലബാർ സഭയുടെ സർക്കുലർ വിശ്വാസികളെ അറിയിക്കാത്ത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നിഷേധാത്മക നിലപാടിനെതിരെ വിശ്വാസികൾ രം​ഗത്ത്. ഇത് സംബന്ധിച്ച് ഫരീദാബാദ് രൂപതയിലെ സിറോ മലബാർ ലെയ്റ്റി മൂവ്മെന്റ് പ്രസ്താവന ഇറക്കി. രൂപതയിലെ പ്രമുഖ അൽമായ സംഘടനയാണ് ഇപ്പോൾ ബിഷപ്പിനെതിരെ തിരിഞ്ഞിരിക്കുന്നത്.

Advertisment

publive-image

സംഘടനയുടെ പ്രസ്താവന

പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ

സിറോ-മലബാർ സഭയുടെ പരമാധികാരസമിതിയായ മേജർ ആർക്കിഎപ്പിസ്കോപ്പൽ സിനഡിനുശേഷം 2020 ജനുവരി 15ന്, സിനഡ്‌ തീരുമാനം വിശ്വാസികളെ അറിയിക്കുന്നതിനായി സഭാതലവനായ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഒരു സർക്കുലർ പുറപ്പെടുവിക്കുകയുണ്ടായി. സിറോ മലബാർ സഭയുടെ എല്ലാ ദേവാലയങ്ങളിലും ജനുവരി 19 ഞായറാഴ്ച പ്രസ്തുത സർക്കുലർ വായിക്കേണ്ടതായിരുന്നു. സഭ നേരിടുന്ന നിർണായക പ്രശ്നങ്ങളെക്കുറിച്ചു പ്രാർഥനാപൂർവ്വമായ വിചിന്തനങ്ങൾക്കുശേഷം സഭാസിനഡ് തയ്യാറാക്കിയ സർക്കുലർ, ലോകമെമ്പാടുമുള്ള സിറോ മലബാർ വിശ്വാസികൾക്ക് വഴികാട്ടിയാകുമെന്നത് അതിന്റെ ഉള്ളടക്കത്തിൽനിന്നും വളരെ വ്യക്തമാണ്. ലവ് ജിഹാദ് പോലുള്ള അത്യന്തം ഗുരുതരമായ ഒരു വിഷയത്തിൽ, വളരെ സുധീരമായ നിലപാടെടുത്ത സിനഡ്‌ പിതാക്കന്മാർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

എന്നാൽ, അത്യന്തം ദൗർഭാഗ്യകരമെന്നു പറയട്ടെ, ഫരീദാബാദ് രൂപതയുടെ അധ്യക്ഷനായ ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, അദ്ദേഹംകൂടി പങ്കെടുത്ത സിനഡിന്റെ തീരുമാനങ്ങൾ വ്യക്തമാക്കുന്ന സർക്കുലർ കഴിഞ്ഞ ഞായറാഴ്ച രൂപതയിലെ പള്ളികളിൽ വായിക്കുന്നതിനു വൈദികരെ അനുവദിച്ചില്ല. ഇത് സിറോ മലബാർ സഭാസിനഡിനോട് രൂപതാധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹത്തിനുള്ള ശ്ലൈഹീകകൂട്ടായ്മയുടെ നഗ്നമായ നിഷേധവും ഗുരുതരമായ അച്ചടക്കലംഘനവുമാണ്.

മാത്രവുമല്ല, സിറോ മലബാർ സിനഡിന്റെ തീരുമാനങ്ങളെക്കുറിച്ചു അറിയുവാനുള്ള ഏതൊരു സാധാരണ വിശ്വാസിയുടെയും അടിസ്ഥാനപരമായ അവകാശത്തെ ബോധപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ആർച്ച്ബിഷപ്പ് ഭരണികുളങ്ങര, അദ്ദേഹത്തിന്റെ ഏറ്റവും ലജ്ജാകരമായ ഈ നടപടിയിലൂടെ ചെയ്തത്. അതിന്റെ ഫലമായി യഥാർത്ഥവിവരങ്ങൾക്ക് പകരം, ടെലിവിഷനിലൂടെയും നവമാധ്യമങ്ങളിലൂടെയും സഭാവിമതർ പ്രചരിപ്പിക്കുന്ന നുണകളാലും അബദ്ധപഠനങ്ങളാലും രാജ്യതലസ്ഥാനത്തെ സിറോ-മലബാർ വിശ്വാസികൾ തെറ്റിദ്ധരിപ്പിക്കപ്പെടുവാൻ സാധ്യതയുണ്ട്. ഇത് സിറോ മലബാർ സഭാനേതൃത്വം അതീവഗുരുതരമായി കാണേണ്ട ഒരു വസ്തുതയാണ്.

ഫരീദാബാദ് രൂപതയിൽ ജനിച്ചു വളർന്ന്, കോൺവെന്റ് വിദ്യാഭ്യാസം നേടിയ നല്ല ക്രിസ്തീയകുടുംബത്തിൽ നിന്നുള്ള ഇരുപതുവയസ് തികയാത്ത ഒരു പെൺകുട്ടിയെ, വളരെ വിദഗ്ദമായി തയ്യാറാക്കപ്പെട്ട ഒരു ലവ് ജിഹാദ് പദ്ധതിയുടെ വലയിലകപ്പെടുത്തി, ഈ രാജ്യത്തിന്റെ നിയമങ്ങൾപോലും അനുകൂലമാകുന്ന സാഹചര്യങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത് യു.എ.ഇ.യിലേക്ക് കടത്തുകയുണ്ടായി. ഏറെ വേദനാജനകമായ അത്തരം അവസരത്തിൽപ്പോലും രൂപതാനേതൃത്വം ക്രിയാത്മകമായ ഒരു പിന്തുണയും ആ കുടുംബത്തിന് നൽകിയില്ല. പെൺകുട്ടിയുടെ പിതാവ് ജോലിചെയ്യുന്ന സ്ഥാപനത്തിലെ മലയാളികല്ലാത്ത (ലത്തീൻ റീത്തിലുള്ള) വൈദികരാണ് ആ കുടുംബത്തെയും സുഹൃത്തുക്കളെയും അകമഴിഞ്ഞു സഹായിച്ചത്. അതുമാത്രമല്ല, ഈ സംഭവത്തിനുശേഷം കൃത്യമായ ഗൃഹപാഠം ചെയ്യാതെ രൂപതയിലെ മുതിർന്നകുട്ടികൾക്കും യുവജനങ്ങൾക്കായി ഒരു "തട്ടിക്കൂട്ട്" സെമിനാർ ജസോല ഇടവകയിൽ വച്ചു നടത്തുകയും, ആ പെൺകുട്ടിയെയും മാതാപിതാക്കളെയും, പ്രസ്തുത ഇടവകയിൽനിന്നും സെമിനാറിൽ പങ്കെടുത്തവരെയും അപമാനിക്കുന്നതരത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് പ്രസ്തുത ഇടവകയിലെ പരിഷ്‌കൗൺസിൽ, സെമിനാറിൽ നടന്നകാര്യങ്ങളെ അപലപിക്കുകയും, ഒരു ഡെലിഗേഷൻ വഴി രൂപതാധ്യക്ഷനെ അവരുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പിന്നീട് ആഴ്ചകൾക്കു ശേഷം, തന്റെ നിസ്സംഗത ഗുരുതരപ്രശ്നമാകുമെന്നുകണ്ട്, ഇരുട്ടിന്റെ മറവിൽ, വികാരിയച്ചനെപ്പോലും അറിയിക്കാതെ രൂപതാധ്യക്ഷൻ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുകയായുണ്ടായി. രാജ്യതലസ്ഥാനത്ത് നടന്ന അതിദൗർഭാഗ്യകരമായ ഈ സംഭവത്തെ അപലപിച്ച് ഒരു പ്രസ്താവനയിറക്കാൻപോലും രൂപതാധ്യക്ഷൻ തയ്യാറായില്ല. ലവ് ജിഹാദെന്ന ഈ ഗുരുതര വിപത്ത് രാജ്യത്തിന്റെ ഉന്നതഭരണസംവിധാനങ്ങളെയും ദേശിയമാധ്യമങ്ങളെയും അറിയിച്ചു ത്വരിതമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള സാദ്ധ്യതകൾ രൂപതാധ്യക്ഷൻ തന്റെ ക്രൂരമായ നിശബ്ദത വഴി ഇല്ലാതാക്കി. പ്രസ്തുതസംഭവവികാസങ്ങളിൽ അദ്ദേഹത്തിന്റെ നിലപാട് സംശങ്ങൾക്കതീതമല്ല.

എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിലാണ് ഇക്കഴിഞ്ഞ സിനഡ് തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ വായിക്കാത്തത്. അത്തരത്തിലുള്ള നടപടി ഫരീദാബാദ് രൂപതയിലും ആവർത്തിക്കുക വഴി, ഈ രൂപതയും രൂപതാധ്യക്ഷനും സഭാസിനഡിനെ അനുസരിക്കാത്ത, അബദ്ധപഠനങ്ങൾ പ്രചരിപ്പിക്കുന്ന വിമതർക്കൊപ്പമാണ് എന്ന തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത് പ്രതികൂലമായ സാഹചര്യങ്ങളിൽപോലും വിശ്വാസതീക്ഷ്ണതയോടെ ജീവിക്കുന്ന, കേരളത്തിലെ എല്ലാ രൂപതകളിൽനിന്നും ജോലിക്കും പഠനത്തിനുമായി ഡൽഹിയിൽ താമസമാക്കിയിരിക്കുന്ന സിറോ മലബാർ സഭാതനയർക്കു അങ്ങേയറ്റം അപമാനകരമാണ്. ഡൽഹി സിറോ മലബാർ ലെയ്റ്റി മൂവ്മെന്റ് രൂപതാനേതൃത്വത്തിന്റെ ഇത്തരം അധാർമികപ്രവണതകളെയും നിഷേധാത്മകനിലപാടുകളെയും ശക്തമായി അപലപിക്കുന്നു. തങ്ങളുടെ പെൺകുട്ടികളുടെ ഭാവിയെ ബാധിക്കുന്ന അതീവപ്രാധാന്യമുള്ള ഒരു സഭാനിർദേശത്തെ വിശ്വാസികളുടെ പക്കലെത്തിക്കുന്നതിനു വിഘാതം നിൽക്കുന്ന രൂപതാധ്യക്ഷന്റെ നിലപാട് ഒരിക്കലും സ്വീകാര്യമല്ല എന്ന് സ്ത്രീകളുൾപ്പെടെയുള്ള രൂപതാസമൂഹം പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങൾ കഷ്ടപ്പെട്ട് വളർത്തിവലുതാക്കുന്ന പ്രിയമക്കളുടെ ഭാവിയെപ്പോലും തകർക്കുന്ന പ്രവണതകളെക്കുറിച്ചു മാതാപിതാക്കളെ ബോധവൽക്കരിക്കാനുള്ള സിറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെപ്പോലും അനാവശ്യമായ വൈരാഗ്യബുദ്ധിയോടെ എതിർക്കുന്ന ഒരുരൂപതയും രൂപതാനേതൃത്വവും ഡൽഹിയിലെ സിറോ മലബാർ വിശ്വാസികൾക്ക് കടുത്തഭാരമായി മാറുകയാണ്. ഗുരുതരമായ അച്ചടക്കലംഘനങ്ങൾ നടത്തുന്ന രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയ്ക്കെതിരെ മാതൃകാപരമായ ശിക്ഷണനടപടികളെടുക്കണമെന്നു സിറോ മലബാർ സഭയുടെ സിനഡിനോട് വിനയപൂർവ്വം ആവശ്യപ്പെടുകയും ചെയ്യുന്നു.

ജോയ് തോമസ്

(കൺവീനർ)

സിറോ മലബാർ ലെയ്റ്റി മൂവ്മെന്റ്, ഡൽഹി-ഫരീദാബാദ്.

Advertisment