Advertisment

80:20 ന്യൂനപക്ഷ വിവേചനം തിരുത്താന്‍ പിന്നോക്കാവസ്ഥ പഠിക്കേണ്ടതില്ല: ലെയ്റ്റി കൗണ്‍സില്‍

New Update

publive-image

Advertisment

കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80 ശതമാനം മുസ്ലീം, 20 ശതമാനം ക്രിസ്ത്യന്‍ ഉള്‍പ്പെടെ ഇതരവിഭാഗങ്ങള്‍ക്കെന്ന നീതിനിഷേധ അനുപാതം തിരുത്താന്‍ ക്രൈസ്തവ പിന്നോക്കാവസ്ഥ പഠനറിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ മാത്രം മതിയെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

2011 ഫെബ്രുവരി 22ന് ഇറക്കിയ ന്യൂനപക്ഷക്ഷേമ ഉത്തരവിലാണ് ആദ്യമായി 80:20 അനുപാതം ഇടംപിടിച്ചത്. തുടര്‍ന്നിങ്ങോട്ട് മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഇറക്കിയ എല്ലാ ക്ഷേമപദ്ധതികളിലും ഈ അനുപാതം തുടര്‍ന്നതാണ് ചോദ്യംചെയ്യപ്പെട്ടത്.

80:20 അനുപാതം യാതൊരു പഠനവും നടത്താതെയാണെന്ന് 2019 ഒക്‌ടോബര്‍ 14ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുമ്പോള്‍ നിലവിലുള്ള നീതിരഹിത അനുപാതം നിര്‍ത്തലാക്കി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ക്ഷേമപദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

വിശുദ്ധ മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് എന്നിവ കേള്‍ക്കുമ്പോള്‍ ക്രൈസ്തവര്‍ക്കുള്ള പദ്ധതികളാണെന്ന് തോന്നുമെങ്കിലും ഇവയില്‍പോലും 80:20 അനുപാതമാണുള്ളത്. പിന്നോക്കാവസ്ഥ മാത്രമല്ല, വളര്‍ച്ചാനിരക്കിലെ കുറവുള്‍പ്പെടെ നിരവധിയായ ഒട്ടേറെ ഘടകങ്ങള്‍ ന്യൂനപക്ഷക്ഷേമപദ്ധതി പ്രഖ്യാപനങ്ങള്‍ക്ക് മാനദണ്ഡമാക്കണമെന്നും 80:20 എന്ന നീതിനിഷേധം ഉടന്‍ തിരുത്തണമെന്നും വി.സി സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

cbci laity council
Advertisment