Advertisment

സ്വകാര്യ മേഖലയിലുള്ള ലക്ഷ്മി വിലാസ് ബാങ്കിന് മൊറട്ടോറിയം; ഡിസംബര്‍ 16 വരെ ബാങ്കില്‍നിന്ന് 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ല

New Update

ഡല്‍ഹി: സ്വകാര്യ മേഖലയിലുള്ള ലക്ഷ്മി വിലാസ് ബാങ്കിന്റെ ഇടപാടുകൾക്ക് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തി. ഡിസംബര്‍ 16 വരെ ബാങ്കില്‍നിന്ന് 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ല. മൂലധന സമാഹരണം നടത്തുന്നതും വിലക്കി.

Advertisment

publive-image

അതേസമയം ചികിത്സ, വിദ്യാഭ്യാസ ഫീസ്, വിവാഹം എന്നീ ആവശ്യങ്ങൾക്കായി ആർബിഐയുടെ രേഖാമൂലമുള്ള അനുമതിയോടെ നിക്ഷേപകര്‍ക്ക് 25,000 രൂപയിലധികം പിന്‍വലിക്കാനാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. കാനറാ ബാങ്ക് മുൻ നോൺ‑എക്സിക്യൂട്ടീവ് ചെയർമാൻ എൻ മനോഹരനെ ലക്ഷ്മി വിലാസ് ബാങ്ക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതായി ആർബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സെപ്റ്റംബറിൽ ആർബിഐ നിയോഗിച്ച മൂന്നംഗ സമിതിയുടെ മേൽനോട്ടത്തിൽ ഓഹരിയുടമകൾ ബാങ്ക് ഡയറക്ടർമാരിൽ ഏഴുപേരെ പുറത്താക്കിയിരുന്നു. കിട്ടാക്കടം പെരുകിയതോടെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്ക് തുടര്‍ച്ചയായി നഷ്ടം നേരിടുകയായിരുന്നു.

ഇതോടെ നിക്ഷേപകര്‍ വന്‍തോതില്‍ തുക പിന്‍വലിക്കാന്‍ തുടങ്ങിയത് ബാങ്കിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കി. സെപ്റ്റംബറിൽ അവസാനിച്ച ത്രിമാസ പാദത്തിൽ 396.99 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. പുനരുദ്ധാരണ പദ്ധതികൾ സമർപ്പിക്കാൻ ബാങ്ക് അധികൃതരോട് ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യം ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, രണ്ടാമത് ക്ലിക്‌സ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായി ലയനത്തിന് ശ്രമിച്ചുവെങ്കിലും ആർബിഐ അനുമതി നൽകിയിരുന്നില്ല. ഇത് പ്രതിസന്ധി വർധിപ്പിക്കുകയും ചെയ്തു.

ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായുള്ള ലയനമാണ് ഇനി ആർബിഐയുടെ മുന്നിലുള്ളത്. സമീപകാലത്ത് യെസ് ബാങ്ക്, പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയ്ക്കും ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു.

bank-moratorium
Advertisment