തൃശൂര്‍: ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ പുരസ്കാരത്തില്‍ മാറ്റമില്ലെന്ന് അക്കാദമി ചെയര്മാന് നേമം പുഷ്പരാജ്. ജൂറി തീരുമാനം അന്തിമമാണ്. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും നേമം പുഷ്പരാജ് പറഞ്ഞു. പുരസ്കാരം പുനഃപരിശോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയാണ് അക്കാദമി തീരുമാനം.
കാര്‍ട്ടൂണ്‍ വിവാദത്തില്‍ ജൂറിയുടെ തീരുമാനത്തെ പിന്തുണച്ച് നിര്‍വാഹക സമിതിയും രംഗത്തെത്തിയിരുന്നു. കാര്‍ട്ടൂണില്‍ മതനിന്ദ ഉണ്ടായിട്ടില്ലെന്നാണ് നിര്‍വാഹക സമിതിയില്‍ ഉയര്‍ന്ന അഭിപ്രായം. നിലവിലെ സാഹചര്യത്തില്‍ അവാര്‍ഡ് പുന:പരിശോധിക്കേണ്ട കാര്യമില്ല. മന്ത്രി എ.കെ ബാലന്റെ ഇടപ്പെടല്‍ അനവസരത്തിലുള്ളതാണെന്നും സമിതി വിലയിരുത്തിയിരുന്നു.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ.കെ സുഭാഷിന്റെ കാര്‍ട്ടൂണിന് അക്കാദമി പുരസ്കാരം ലഭിച്ചതാണ് വിവാദമായത്. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാര്‍ട്ടൂണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് അവാര്‍ഡ് പുനഃപരിശോധിക്കാന്‍ മന്ത്രി എ.കെ ബാലന് നിര്‍ദേശിച്ചത്.