ഭൂമി വിവാദത്തിന്‍റെ ഒത്തുതീര്‍പ്പ് പത്രക്കുറിപ്പ് കണ്ടാല്‍ ചിരിച്ചുചാകും ! ക്രിസ്തീയ ചൈതന്യത്തില്‍ പരിഹരിച്ചത്രെ ? ഇവരൊക്കെ ഇത്രയ്ക്ക് തമാശക്കാരാണോ ? എന്തായാലും സംഭവിച്ചു. ഇനി നിങ്ങള്‍ പാപബോധത്തിനായി പ്രാർത്ഥിക്കുക. പിന്നെ കുമ്പസാരിക്കുക, നല്ലൊരു ധ്യാനം കൂടുക, അത് മറ്റേ ഭരണിപ്പാട്ടുകാരന്റേതാകരുത് !

സണ്ണി മണര്‍കാട്ട്
Sunday, March 25, 2018

എറണാകുള൦ – അങ്കമാലി ഭൂമി വിവാദവുമായി ബന്ധപെട്ട ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായി ഇന്നലെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഭയിലെ വിമത സഹായമെത്രാന്മാരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന വിവാദത്തില്‍.

പ്രസ്താവന വിമത മെത്രാന്മാര്‍ക്കും വൈദികര്‍ക്കും വേണ്ടി ഏകപക്ഷീയമായി തയ്യാറാക്കിയതാണെന്ന്‍ വ്യക്തമാക്കുന്നതാണ് ഇതിന്‍റെ ഉള്ളടക്കം.

കത്തിന്‍റെ പ്രധാന ഉള്ളടക്കം കര്‍ദ്ദിനാളിനുവേണ്ടിയെന്ന നിലയില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവരേയും വിവാദത്തില്‍ വിമത വൈദികര്‍ക്ക് എതിരായി വാര്‍ത്തകള്‍ എഴുതിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും കര്‍ദ്ദിനാള്‍ തള്ളി പറയുന്നു എന്നതായിരുന്നു.

കുറിപ്പ് വായിച്ചാല്‍ ഒന്ന് വ്യക്തം കർദ്ദിനാൾ അതിൽ ഒപ്പിടാൻ നിർബന്ധിതനായി എന്നു വേണം കരുതാൻ. മേജര്‍ ആർച്ച് ബിഷപ്പിനുവേണ്ടി ടിവി ചാനലുകളിലും സോഷ്യൽ മീഡിയയിലും സംസാരിച്ച ഒരു വിഭാഗത്തെ മാത്രമാണ് ഇതില്‍ തള്ളിപ്പറയുന്നത്.

ക്വട്ടേഷന്‍കാരുടെ ശൈലിയെ അനുസ്മരിപ്പിക്കുന്ന വിധം വിമത വൈദികര്‍ക്ക് വേണ്ടി ചാനലുകളില്‍ ഹാജരായി സഭാ നാഥനായ കര്‍ദ്ദിനാളിനെ തള്ളിപ്പറഞ്ഞവരെക്കുറിച്ച് ഈ കുറിപ്പില്‍ പരാമര്‍ശമില്ല .

അവരുടെയത്രയും നിലവാരമില്ലാതെ കര്‍ദ്ദിനാള്‍ അനുകൂലികള്‍ ചര്‍ച്ചയില്‍ സംസാരിച്ചിട്ടില്ല . അപ്പോള്‍ ആ ഭാഗത്തെ ഏകപക്ഷീയ സ്വഭാവം പുറത്തുവന്നു.

കര്‍ദ്ദിനാള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടവരുടെ പരസ്യ പ്രകടനങ്ങളും പ്രസ്താവനകളും എടയന്ത്രത്തും കൂട്ടാളികളും ചേര്‍ന്ന് ഔദ്യോഗികമാക്കി.

മാത്രമല്ല കർദ്ദിനാളിനെതിരെ ചാനല്‍ ചര്‍ച്ചകളില്‍ സംസാരിച്ച വ്യക്തിതന്നെ സഭയുടെ ഔദ്യോഗിക വക്താവിനെപോലെ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഏകപക്ഷീയമായ നിലപാടോടെ മാധ്യമങ്ങളെ അറിയിക്കാന്‍ എത്തിയതും വിരോധാഭാസമായി .

പിന്നെ തള്ളിപറയിച്ചത് സത്യം ഓണ്‍ലൈന്‍ ഉള്‍പ്പെടെ ഈ വിഷയത്തില്‍ മാവോയിസ്റ്റ് പിന്തുണയോടെ സഭയുടെ ചരിത്രത്തില്‍ ആദ്യമായി കത്തോലിക്കര്‍ക്ക് നാണക്കേടാകും വിധം വിധം പെരുമാറിയ വിമത വൈദികര്‍ക്കെതിരെയും, സഭാധ്യക്ഷനെയും സിനഡിനെയും ധിക്കരിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച വിമത മെത്രാനെതിരെയും വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെയാണ്.

[ എന്തായാലും ഈ പത്രക്കുറിപ്പ് പുറത്തുവന്നതോടെ വിമതന്മാരുടെ പിന്തുണ നഷ്ടപെട്ട ഈ പത്രങ്ങളൊന്നും പൂട്ടിപ്പോയില്ല എന്ന കാര്യം വിമത മെത്രാന്മാരായ എടയന്ത്രത്തും പുത്തന്‍വീട്ടിലും വൈദികരായി കണക്കാക്കപെടുന്നവരും മനസിലാക്കി കാണും എന്ന് വിചാരിക്കുന്നു. ]

ഇവര്‍ ഒന്ന് മനസിലാക്കുക, ഈ മാധ്യമങ്ങളൊന്നും വാര്‍ത്തകള്‍ നല്‍കിയത് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ അനുവാദം വാങ്ങിയിട്ടായിരിക്കില്ലെന്ന് വ്യക്തം.

അതിനാല്‍ കര്‍ദ്ദിനാളിനെക്കൊണ്ട് ഒപ്പിടുവിച്ച് ഒരു വാര്‍ത്താകുറിപ്പ് പുറത്തിറക്കിയെന്നു കരുതി നാളെ മുതല്‍ അവരൊക്കെ വിമതര്‍ പറയുന്നതങ്ങ്‌ അനുസരിച്ച് കളയും എന്ന്‍ കരുതാതിരിക്കുക.

മാധ്യമങ്ങള്‍ക്ക് വിമതരുമില്ല , ഔദ്യോഗികവുമില്ല. അതൊക്കെ സഭയില്‍. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത് വിഷയങ്ങളെ അടിസ്ഥാനമാക്കി , സംഭവിക്കുന്ന കാര്യങ്ങളുടെ വസ്തുതകള്‍ വിലയിരുത്തിയാണ്.

ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും വര്‍ഷങ്ങള്‍ മുന്‍പേ മികച്ച നിലയില്‍ പ്രചാരത്തിലുള്ള പത്രങ്ങളാണ് ഇവയൊക്കെ. അവര്‍ക്ക് ഇത് മാത്രം ശ്രദ്ധിക്കലല്ല ജോലി. പല വിഷയങ്ങളില്‍ ഒന്നുമാത്രം.

പിന്നെ ഇത്രയും വഷളായ ഒരു പ്രശ്നം പരിഹരിക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ പത്രക്കുറിപ്പ് കാണുമ്പോള്‍ ഒന്ന് വ്യക്തമാണ്, വിമതര്‍ക്ക് വേണ്ടി ഈ വിഷയങ്ങളൊക്കെ കൈകാര്യം ചെയ്യുന്നവര്‍ക്ക് വിവേകം മാത്രമല്ല വിവരവും ഇല്ലെന്ന്‍.

മറ്റൊന്ന് കാനോന്‍ നിയമം അനുസരിച്ച് വൈദീക സമിതിയല്ല ഈ പ്രശ്നം പരിഹരിക്കേണ്ടത്. കാരണം വൈദീക സമിതിയാണ് ഇതിലെ പരാതിക്കാർ. വൈദീക സമിതി പൗരസ്ത്യ കാനൻ നിയമമനുസരിച്ച് ഉപദേശക സഹായ സംഘം മാത്രമാണ്. അതായത് ഒരു സംഘടന.

മെത്രാൻമാരും രൂപതയിലെ ചുമതലപ്പെട്ടവരും ഉൾപ്പെടുന്ന കുരിയ (അതിരൂപതാ ഭരണ സമിതി) ആണ് രൂപതയെ സംബന്ധിച്ച് ഇതിൽ തീരുമാനമെടുക്കേണ്ടത്.

ഇതിനു മുകളിൽ സിനഡ് ആണ് തീരുമാനം എടുക്കേണ്ടത്. വൈദീക സംഘടനയ്ക്ക് അനാവശ്യ പ്രാധാന്യം കൈവരുന്നതിന് ഇത്തരം നീക്കങ്ങൾ വഴിയൊരുക്കും.

ഈ പ്രശ്നങ്ങള്‍ അനുഭവിച്ച വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം വൈദികരുടെ അനാവശ്യ പ്രാധാന്യം എടുത്തുകളഞ്ഞ് അവരെ ആത്മീയ കാര്യങ്ങളിലേയ്ക്ക് മാത്രം ഒതുക്കുക എന്നതാണ്.

സർക്കാറിനു പകരം തൊഴിലാളി യൂണിയൻ പോലുള്ള ഏതെങ്കിലും സംഘടനകൾ കാര്യങ്ങൾ തീരുമാനിക്കുന്നപോലെയിരിക്കും ഇത്. അവിടെയാണ് മുണ്ടാടനച്ചനെപ്പോലുള്ള രൂപതയുടെയോ സീറൊ മലബാർ സഭയുടേയോ ഔദ്യോഗിക വക്താക്കളല്ലാത്ത സംഘടനാ നേതാക്കൻമാർ സുപ്രധാന കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന തെറ്റായ പ്രവണത ഉടലെടുക്കുന്നത് .

സംഘടനകളുടെ അതിപ്രസരം സഭയ്ക്ക് ദോഷമേ ചെയ്യൂ. കാരണം സഭ വെറും ഒരു ജനകീയ സംഘടനയല്ല. അത് കൃത്യമായ ഭരണ ശ്രേണികളുള്ള ഒരു സംവിധാനമാണ്.

പ്രശ്നങ്ങളൊക്കെ തീര്‍ന്നെങ്കില്‍ ഈ മെത്രാന്മാരും വൈദികരും ആദ്യം ചെയ്യേണ്ടത് അനുതപിച്ച് പശ്ചാത്തപിച്ച്‌ നന്നായി കുമ്പസാരിച്ചു സ്വയം വിശുദ്ധീകരിക്കുക എന്നതാണ് . പരിശുദ്ധാത്മാവിനോട് പാപബോധത്തിനായി നിങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണം. കാരണം സ്വയം തിരിച്ചറിയാൻ കുറച്ച് പ്രയാസമുള്ളവയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

‘ക്രിസ്തീയമായ പരിഹാരം’- ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുമ്പോള്‍ ഇന്നലെ അതിരൂപതാ ആസ്ഥാനത്ത് സംഭവിച്ചത്

അതൊന്നും ചെയ്യാതെ ഇന്ന് ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തിയ വൈദികര്‍ ചെയ്തത് മാരക പാപമാണ്. ഈ വിശ്വാസങ്ങള്‍ ഒക്കെ ശരിയെങ്കില്‍ അതിനവരോട് ദൈവം പൊറുക്കില്ല.

പിന്നെ ധ്യാനം കൂടാന്‍ പോകുമ്പോള്‍ അത് പാറെക്കാട്ടിലിനെപ്പോലെ ഭരണപ്പാട്ടുകാരുടെ ധ്യാനമല്ലെന്ന് ഉറപ്പു വരുത്തുക. അത് പണസമ്പാദനത്തിനുവേണ്ടിയുള്ള നാടകമാണ്, ധ്യാനമല്ല . ധ്യാനത്തിനു പോകാൻ മാന്യ വൈദീകർ മറക്കരുത് കേട്ടോ… ഒരു നല്ല കുമ്പസാരത്തിനും….

×