Advertisment

പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനൊരുങ്ങി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ; ജനാധിപത്യത്തിന്റെ വിജയമെന്ന് വിക്രംസിംഗെ

author-image
admin
New Update

Image result for മൈത്രിപാല സിരിസേന

രാഷ്ട്രീയ അട്ടിമറികള്‍ക്കുശേഷം മരവിപ്പിച്ച പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനൊരുങ്ങി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. നവംബര്‍ 14ന് പാര്‍ലമെന്റ് ചേരുമെന്ന് സിരിസേന അറിയിച്ചു. സ്വന്തം പാര്‍ട്ടിയില്‍നിന്നടക്കം എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് സിരിസേന പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുന്നത്.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെത്തുടര്‍ന്ന് സിരിസേനയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നവംബര്‍ 16വരെ പാര്‍ലമെന്റിന്റെ സമ്മേളനങ്ങളെല്ലാം മരവിപ്പിച്ചിരുന്നു. പ്രസിഡന്റിന്റെ നടപടി പാര്‍ലമെന്റ് സ്പീക്കര്‍ കരു ജയസൂര്യയും അംഗീകരിച്ചിരുന്നില്ല. രാജ്യാന്തര നയതന്ത്ര സമ്മര്‍ദങ്ങള്‍ക്കുവഴങ്ങിയാണ് സിരിസേന പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാന്‍ തയ്യാറായതെന്നാണ് സൂചന. പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാനുള്ള തീരുമാനം ജനാധിപത്യത്തിന്റെ വിജയമാണെന്ന് വിക്രംസിംഗെ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി റെനില്‍ വിക്രംസിംഗയെ പുറത്താക്കി മഹീന്ദ രജ്പക്‌സെയെ പ്രധാനമന്ത്രിയാക്കിയതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. തന്നെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയതില്‍ മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് പ്രധാനമന്ത്രിയെ പുറത്താക്കിയതെന്നായിരുന്നു സിരിസേന ഇതിനുകാരണമായി ഉയര്‍ത്തിക്കാണിച്ചത്.

പ്രധാനമന്ത്രി നിയമനത്തില്‍ രജപക്‌സെയ്‌ക്കെതിരെ വിക്രംസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. രജ്പക്‌സെയ്‌ക്കെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ശ്രീലങ്കന്‍ തമിഴരുടെ മുഖ്യകക്ഷിയായ തമിഴ് നാഷണല്‍ അലയന്‍സ് (ടിഎന്‍എ) പ്രഖ്യാപിച്ചു. രജ്പക്‌സെയുടെ നിയമനം ഭരണഘടനയുടെ 19ാം ഭേദഗതിയുടെ ലംഘനമാണെന്നാണ് ടിഎന്‍എയുടെ നിലപാട്.

നിലവില്‍ രജ്പക്സെ-സിരിസേന സഖ്യത്തിന് 95 സീറ്റുകളാണുള്ളത്. വിക്രംസിംഗെയ്ക്ക് 106ഉം. 225 ആംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് വേണം. വിക്രമസിംഗെയുടെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കെ ഭൂരിപക്ഷമില്ലാത്ത പ്രസിഡന്റിന് പ്രധാനമന്ത്രിയെ പുറത്താക്കാന്‍ ആകില്ലെന്നാണ് വിലയിരുത്തല്‍.

Advertisment