Advertisment

ലക്ഷദ്വീപിൽ ലോകത്തെ ഏറ്റവും വലിയ കടൽവെള്ളരി വേട്ട. പിടികൂടിയത്  രാജ്യാന്തര വിപണിയിൽ 4.26 കോടി വിലവരുന്ന 852 കിലോ പച്ച കടൽവെള്ളരി !

New Update

publive-image

Advertisment

കൊച്ചി ∙ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുന്ന രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് 50,000 രൂപ വില വരുന്ന 852 കിലോ പച്ച കടൽവെള്ളരി ലക്ഷദ്വീപിൽ നിന്നും പിടികൂടി.

ലോകത്തെ ഏറ്റവും വലിയ കടല്‍ വെള്ളരി വേട്ടയാണിത്‌. കടത്താന്‍ തയ്യാറാക്കി വച്ച 1716 എണ്ണം കടൽവെള്ളരികളാണ് പിടികൂടിയത്. ആകെ 852 കിലോ തൂക്കമാണ് ഇതിനുള്ളത്.

ഏകദേശം നാലു കോടി 26 ലക്ഷം രൂപയിലധികം വില വരും ഇതിനെന്നാണ് കണക്കാക്കുന്നത്. മൽസ്യത്തൊഴിലാളികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സീ കുക്കുംബർ പ്രൊട്ടക്‌ഷൻ ടാസ്ക് ഫോഴ്സ് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ 12ന് കടൽവെള്ളരി പിടികൂടിയത്.

ജനവാസമില്ലാത്ത സുഹലി ദ്വീപിൽ നിന്നാണ് ശ്രീലങ്കയിലേയ്ക്ക് കയറ്റി അയയ്ക്കുന്നതിനായി തയാറാക്കി സൂക്ഷിച്ചിരുന്ന കടൽവെള്ളരി കണ്ടെടുത്തത്.

കുടലും മറ്റ് ആന്തരിക അവശിഷ്ടങ്ങളും നീക്കി പ്രിസർവേറ്റീവുകൾ ഉപയോഗിച്ച് ശേഷം വലിയ കണ്ടെയ്നറുകളിൽ നിറച്ച നിലയിലായിരുന്നു ഇവ.

രാജ്യാന്തര വിപണിയിൽ പച്ച കടൽവെള്ളരി കിലോയ്ക്ക് 50,000 രൂപയാണ് വില. വെള്ളരിയുടെ ആകൃതിയിലുള്ള ഒരിനം കടൽ ജീവിയാണ് കടൽവെള്ളരി എന്നറിയപ്പെടുന്നത്. ചൈന ഉൾപ്പടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഭക്ഷണമായും സൂപ്പുണ്ടാക്കുന്നതിനും മരുന്നിനുമാണ് ഇവ ഉപയോഗിക്കുന്നത്.

ലക്ഷദ്വീപ് സമൂഹങ്ങളിൽ നിന്നു പിടികൂടുന്ന കടൽവെള്ളരി ഫ്രീസ് ചെയ്ത് ശ്രീലങ്കയിലെത്തിച്ച് അവിടെ നിന്ന് ആവശ്യക്കാരുള്ള രാജ്യങ്ങളിലേയ്ക്ക് എത്തിക്കുന്നതാണ് പതിവ്. രാജ്യാന്തര വിപണിയിൽ വൻ വിലയാണ് എന്നതാണ് കള്ളക്കടത്തിന് മുഖ്യ കാരണം.

പരിശോധനയിൽ ചൂണ്ട, വലകൾ, കത്തി, പ്രിസർവ് ചെയ്യുന്നതിനുള്ള മരുന്നുകൾ, മണ്ണെണ്ണ, ജിപിഎസ് സംവിധാനങ്ങൾ, പായ്ക്കു ചെയ്യുന്നതിനുള്ള വസ്തുക്കൾ തുടങ്ങിയവ കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കടൽവെള്ളരി വേട്ടയ്ക്കു പിന്നിൽ പ്രവർത്തിച്ചവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

ഇവരെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. കടൽ വെള്ളരി പിടികൂടിയതു സംബന്ധിച്ച് അന്ദ്രോത്ത് ദ്വീപ് ജു‍ഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ എ.ടി.ദാമോദർ സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തി.

2001 വരെ കടൽവെള്ളരിയെ പിടികൂടുന്നതിൽ നിയമതടസമില്ലായിരുന്നു. അന്നുമുതല്‍ ഇവയെ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു .

keralam latest
Advertisment