Advertisment

വീട്ടിലേക്ക് വിളിച്ചു വരുത്തി മദ്യം നല്‍കി മയക്കി; ക്രൂരമായി മര്‍ദ്ദിച്ച ശേഷം തല ഭിത്തിയില്‍ ഇടിപ്പിച്ചു, നെഞ്ചില്‍ ആഞ്ഞുചവിട്ടി മരണം ഉറപ്പിച്ചു; മൃതദേഹം വീടിന് സമീപത്തെ പാടത്തെ ചതുപ്പില്‍ താഴ്ത്തുന്നതിന് മുമ്പായി വയര്‍ കീറി ശരീരഭാഗങ്ങള്‍ കവറിലാക്കി തോട്ടില്‍ തള്ളി; സംഭവത്തിന് പിന്നില്‍ നാലു വര്‍ഷം നീണ്ട ശത്രുത; കുമ്പളങ്ങി കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

New Update

കൊച്ചി: കുമ്പളങ്ങിയില്‍ മധ്യവയസ്‌കനെ കൊന്ന് ചെളിയില്‍ താഴ്ത്തിയ സംഭവത്തിന് പിന്നില്‍ നാലു വര്‍ഷം നീണ്ട ശത്രുതയെന്ന് പൊലീസ്. 39 കാരനായ ലാസര്‍ ആന്റണി എന്നയാളുടെ മൃതദേഹമാണ് കുമ്പളങ്ങി കടവ് പ്രദേശത്ത് ചെളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയത്. കേസില്‍ മുഖ്യപ്രതി ബിജുവിന്റെ ഭാര്യ അടക്കം രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായിരുന്നു.

Advertisment

publive-image

മരിച്ച ആന്റണി ലാസറിന്റെ മൃതദേഹം വയര്‍ കീറി കല്ല് നിറച്ച് ചെളിയില്‍ താഴ്ത്താന്‍ നിര്‍ദ്ദേശിച്ചത് ബിജുവിന്റെ ഭാര്യ രാഖിയാണെന്ന് പൊലീസ് പറഞ്ഞു. വയര്‍ കീറിയ ശേഷം ആന്തരീക അവയവങ്ങള്‍ കവറിലാക്കി തോട്ടില്‍ തള്ളിയതും രാഖിയാണെന്ന് പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി കുമ്പളങ്ങി സ്വദേശി ബിജു സംസ്ഥാനം വിട്ടതായും പൊലീസിന് വിവരം ലഭിച്ചു.

ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ബിജുവിന്റെ ഭാര്യ രാഖി, സുഹൃത്ത് കുമ്പളങ്ങി സ്വദേശി സെല്‍വന്‍ എന്നിവരാണ് അറസ്റ്റിലായത്. നാലുവര്‍ഷം മുമ്പ് ലാസറും സഹോദരനും ചേര്‍ന്ന് ബിജുവിനെ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ ബിജുവിന്റെ കൈ ഒടിയുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇരുവരും ശത്രുതയിലായിരുന്നു.

ജൂലൈ ഒമ്പതിന് സെല്‍വന്‍ വഴക്ക് പറഞ്ഞുതീര്‍ക്കാം എന്നു പറഞ്ഞ് ലാസറിനെ ബിജുവിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് മദ്യം നല്‍കി. മദ്യപിച്ച് അവശനായ ലാസറിനെ ബിജു ക്രൂരമായി മര്‍ദ്ദിച്ചു.തല ഭിത്തിയിലിടിപ്പിച്ചു. നെഞ്ചില്‍ ആഞ്ഞു തൊഴിച്ച് മരണം ഉറപ്പാക്കി. തുടര്‍ന്ന് വീടിന് സമീപത്തെ പാടത്തെ ചതുപ്പില്‍ താഴ്ത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ തുടരന്വേഷണത്തിലാണ് കൊല്ലപ്പെട്ടയാളുമായുള്ള ശത്രുതയാണ് കൊലയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്. മുഖ്യപ്രതി ബിജുവും കൂട്ടാളിയും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് സൂചിപ്പിച്ചു.

murder case
Advertisment