Advertisment

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്.വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 17 പേര്‍ക്കു പരുക്കേറ്റു.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

 വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ക്രുരമായ ലാത്തിച്ചാര്‍ജ്

Advertisment

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം കമ്മിറ്റി എസ്.പി ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലും വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 17 പേര്‍ക്കു പരുക്കേറ്റു. എസ്.പി ഓഫിസിലേക്കു പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ജില്ലാപഞ്ചായത്ത് ഓഫിസിനു മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലിസ് തടഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് ഉദ്ഘാടനം ചെയ്തതിനു ശേഷമായിരുന്നു സംഘര്‍ഷം.

publive-image

ഉദ്ഘാടനശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ഏറെനേരം ശ്രമിച്ചു. പൊലിസുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഏറെ നേരമായിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതിരുന്നതോടെ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ജലപീരങ്കി ഉപയോഗിച്ചതിനൊപ്പം പൊലിസ് ഇരുവശത്തു നിന്നും ലാത്തിച്ചാര്‍ജും നടത്തി. 16 പേരെ അറസ്റ്റുചെയ്തു നീക്കി. പൊലിസ് അകാരണമായി മര്‍ദിച്ചെന്നാരോപിച്ച് ഡി.സി.സി സെക്രട്ടറി രജിത്ത് നാറാത്ത് ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ നിരാഹാരം സമരം നടത്തി. അവശനായ രജിത്തിനെ പിന്നീടു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഇടപെട്ട് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.  ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍, സി.ഐമാരായ സി.പി സുഭാഷ്, കെ. കൃഷ്ണന്‍, ടൗണ്‍ എസ്.ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തിലാണു സമരക്കാരെ പൊലിസ് തടഞ്ഞത്.

രജിത്തിനു പുറമെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുല്‍റഷീദ്, കെ.എസ്.യു ജില്ലാസെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, യൂത്ത് കോണ്‍ഗ്രസ് പുഴാതി മണ്ഡലം സെക്രട്ടറി മനേഷ് കൊറ്റാളി, യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം സെക്രട്ടറിമാരായ കെ. കമല്‍ജിത്ത്, ജൂബിലി ചാക്കോ, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി നൗഫല്‍ വാരം, ജമാല്‍ വിളയാംകോട്, അഫ്‌സല്‍ റഫീഖ്, യൂത്ത് കോണ്‍ഗ്രസ് ധര്‍മടം മണ്ഡലം പ്രസിഡന്റ് ഷമേജ് പെരളശ്ശേരി,

മാങ്ങാട്ടിടം മണ്ഡലം സെക്രട്ടറി ഷിനു പ്രമോദ്, ന്യൂനപക്ഷ സെല്‍ ജില്ലാ കോഓഡിനേറ്റര്‍ ഷക്കീല തുടങ്ങിവര്‍ക്കാണു പരുക്കേറ്റത്. ഇവര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സതേടി. ഡി.സി.സി.ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂര്‍, ടി. ജയകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം വൈസ് പ്രസിഡന്റ് ഒ.കെ പ്രസാദ്, കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് ടി.സി താഹ എന്നിവര്‍ക്കു പ്രാഥമിക ശുശ്രൂഷ നല്‍കി.

Advertisment