നേമത്തെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി എല്‍ഡിഎഫ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, April 19, 2019

തിരുവനന്തപുരം: തലസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി എല്‍ഡിഎഫ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ നേമം മണ്ഡലത്തിൽ താമസക്കാരല്ലാത്ത നിരവധിപ്പേരെ ബിജെപിക്കാർ അവസാനവട്ട വോട്ടർപട്ടികയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തിരുകി കയറ്റിയതായി സിപിഎം നേതാവും എല്‍ഡിഎഫ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി അധ്യക്ഷനുമായ എം.വിജയകുമാർ ആരോപിച്ചു.

ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ചീഫ് ഇലക്ട്രല്‍ ഓഫീസർക്ക് പരാതിയും നൽകി.ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പോലും അറിയാതെയാണ് സ്ഥലത്തില്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റിയിരിക്കുന്നത്. ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ രക്ഷകര്‍ത്താക്കളായി അപേക്ഷ നല്‍കിയവരുടെ പേരാണ് വോട്ടര്‍ പട്ടികയില്‍ നിയമവിരുദ്ധമായി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.

×