Advertisment

സീറ്റ് വിഭജനത്തിൽ തർക്കം തീരാതെ ഇടതു മുന്നണിയും ! ചങ്ങനാശേരിയിൽ നിലപാടിലുറച്ച് കാനം. വിട്ടുവീഴ്ചയില്ലെന്ന് കാനം പറഞ്ഞതോടെ ചർച്ച വഴിമുട്ടി. ജോസ് കെ മാണിയെ അനുനയിപ്പിച്ച് പ്രശ്ന പരിഹാരത്തിന് സി പി എം നീക്കം. ചങ്ങനാശേരി കിട്ടാത്തതിൽ ജനാധിപത്യ കേരളാ കോൺഗ്രസിനും നീരസം ! ഷേക്ക് പി ഹാരിസിന് മത്സരിക്കാൻ സീറ്റില്ലാതായതോടെ എൽ ജെ ഡിയും പ്രതിഷേധത്തിൽ. എൽ ഡി എഫ് യോഗത്തിനെത്താതെ നേതാക്കളുടെ പ്രതിഷേധം. എൽ ഡി എഫിൽ ഇപ്പോൾ നടക്കുന്നതും ഇതുവരെ ഉണ്ടാകാത്ത കാര്യങ്ങൾ

New Update

തിരുവനന്തപുരം: പൂ പറിക്കുന്നയത്ര എളുപ്പത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കിയിരുന്ന ഇടതു മുന്നണിയിലും ഇക്കുറി കലഹം. ഘടകകക്ഷികളുടെ പിടിവാശിക്ക് മുന്നിൽ വഴങ്ങിയതോടെ സി പി എമ്മിന് മത്സരിക്കാനുള്ള സീറ്റെണ്ണം കുറഞ്ഞു. എന്നിട്ടും മുന്നണിയിലെ തർക്കം തുടരുകയാണ്.

Advertisment

publive-image

ഇടതുമുന്നണിയിലെ പ്രധാന കീറാമുട്ടിയാണ് ചങ്ങനാശ്ശേരി. സീറ്റിലുള്ള സമവായ ചർച്ചകൾ ഇന്നത്തെ എൽഡിഎഫ് യോഗത്തിലും എങ്ങും എത്തിയില്ല. ചങ്ങനാശ്ശേരി വിട്ടുനൽകാൻ കഴിയില്ലെന്ന് അവസാന ഘട്ട ഉഭയകക്ഷി ചർച്ചയിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിലപാട് കടുപ്പിച്ചു.

publive-image

സിപിഐയ്ക്ക് പുറമെ ജോസ് കെ മാണിയും ജനാധിപത്യകേരള കോൺഗ്രസുമാണ് ചങ്ങനാശ്ശേരിക്കായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. കോട്ടയത്തെ കാഞ്ഞിരപ്പള്ളി സീറ്റ് ഉൾപ്പെടെ നാല് സീറ്റുകൾ വിട്ട് നൽകിയപ്പോൾ പകരം ചങ്ങനാശ്ശേരി സീറ്റ് വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാൽ ഈ സീറ്റിനായി സിപിഐയ്ക്ക് പിറകെ കേരള കോൺഗ്രസ് എമ്മും, ജനാധിപത്യ കേരള കോൺഗ്രസും രംഗത്ത് എത്തിയതോടെ സിപിഎം വെട്ടിലായി.

ചങ്ങനാശ്ശേരി കേരള കോൺഗ്രസ് എമ്മിന് നൽകാനുള്ള സിപിഎം നീക്കവും ഇതോടെ പാളി. കാഞ്ഞിരപ്പള്ളി വിട്ട് നൽകുന്നതോടെ കോട്ടയം ജില്ലയിൽ ഒരു സീറ്റായി ചുരുങ്ങുമെന്ന് ഉറപ്പായ സിപിഐ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ല.

ചങ്ങനാശ്ശേരിയ്ക്ക് പകരം പൂഞ്ഞാർ എന്ന സിപിഎം ഓഫറും സിപിഐ തള്ളി. സിപിഐ നിലപാട് മാറ്റാത്ത സാഹചര്യത്തിൽ ഇനി ജോസ് കെ മാണിയുമായി ചർച്ച ചെയ്ത് സമവായം ഉണ്ടാക്കാനാകും സിപിഎം ശ്രമം.

publive-image

ചങ്ങനാശ്ശേരിയിൽ ജോസ് കെ മാണി വിട്ടുവീഴ്ച്ച ചെയ്യുമെന്ന പ്രതീക്ഷയിലാണ് സിപിഎം. അതിനിടെ സീറ്റ് വിഭജനത്തിലെ തർക്കത്തിൻ്റെ പേരിൽ എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ എൽജെഡി നേതാക്കളായ എംവി ശ്രേയാംസ് കുമാറും ഷേക്ക് പി ഹാരിസും മാറിനിന്നിരുന്നു. നാല് സീറ്റുകൾ വേണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ചാണ് ഇരുവരും യോഗത്തിൽ നിന്ന് വിട്ടുനിന്നത്.

ഷേക്ക് പി ഹാരിസിന് മത്സരിക്കാൻ അമ്പലപ്പുഴ, കായംകുളം എന്നിവയിൽ ഒന്ന് നൽകണമെന്ന് എൽജെഡി ആവശ്യപ്പെട്ടിരുന്നു.എൽജെഡിക്കും ജനതാദൾ എസിനും മൂന്നു സീറ്റുകൾ വീതം നൽകാനാണ് എൽഡിഎഫ് യോഗത്തിലെ തീരുമാനം. വടകര, കൽപ്പറ്റ, കൂത്തുപറമ്പ് എന്നീ സീറ്റുകൾ എൽജെഡിക്കും കോവളം, തിരുവല്ല, ചിറ്റൂർ എന്നിവ ജനതാദൾ എസിനും നൽകാനാണ് മുന്നണി തീരുമാനം.

കോവളത്ത് നീലലോഹിതദാസ് നാടാറും ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും തിരുവല്ലയിൽ മാത്യു ടി തോമസുമാണ് മത്സരിക്കുക.

എൽഡിഎഫ് സീറ്റ് വിഭജനത്തിൽ അതൃപ്തിയറിയിച്ച് ജനാധിപത്യ കേരള കോൺഗ്രസും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി സീറ്റ് നിഷേധിച്ചത് ഖേദകരമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ സി ജോസഫ് പറഞ്ഞു.

ജോസ് കെ മാണിക്ക് ചങ്ങനാശ്ശേരി സീറ്റ് കൊടുക്കുന്നത് തെറ്റാണ്. എന്നാൽ ഇതിന്റെ പേരിൽ ഇടതുമുന്നണി വിടില്ലെന്നും കെ സി ജോസഫ് വ്യക്തമാക്കിയിരുന്നു.

Advertisment