മുന്നണി പ്രവേശനത്തിന് പത്തോളം ചെറുപാര്‍ട്ടികളോട് പരസ്പരം ലയിച്ചു 3 പാര്‍ട്ടികളായി വരാന്‍ ഇടതുമുന്നണി നിര്‍ദേശം. ഈര്‍ക്കില്‍ പാര്‍ട്ടികളെ എല്‍ഡിഎഫിന് വേണ്ട

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, July 26, 2018

തിരുവനന്തപുരം : മുന്നണി പ്രവേശനം കാത്തുകഴിയുന്ന ചെറു കക്ഷികളോട് പരസ്പരം ലയിച്ച് ഒന്നായി വരാന്‍ ഇടതുമുന്നണി നിര്‍ദേശം. നിലവില്‍ പത്തോളം പാര്‍ട്ടികളില്‍ മുന്നണിയില്‍ കയറികൂടാന്‍ രംഗത്തുള്ളതില്‍ ഇവരോട് പരസ്പരം ലയിച്ചു 3 പാര്‍ട്ടികളായി വരാനാണ് നിര്‍ദേശം.

ഓരോ കേരളാ കോണ്‍ഗ്രസ്, ജനതാദള്‍, ഐഎന്‍എല്‍ എന്നീ മൂന്നു കക്ഷികള്‍ക്കെ ഇടതുമുന്നണിയില്‍ അംഗത്വം നല്‍കാനാകൂ എന്നാണു മുന്നണി യോഗത്തിലെ നിര്‍ദേശം.

ഇതോടെ മുന്നണി പ്രവേശനത്തിന് കത്ത് നല്‍കിയിരിക്കുന്ന ഫ്രാന്‍സീസ് ജോര്‍ജ് – ആര്‍ ബാലകൃഷ്ണപിള്ള വിഭാഗം കേരളാ കോണ്‍ഗ്രസുകളോട് നിലവില്‍ മുന്നണിയുടെ ഭാഗമായ സ്കറിയാ തോമസ്‌ വിഭാഗം കേരളാ കോണ്‍ഗ്രസില്‍ ലയിക്കാനാണ് നിര്‍ദേശം.

സാധ്യമല്ലാത്തവര്‍ മുന്നണിയില്‍ ഉണ്ടാകില്ല. എം പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയോട് മാത്യു ടി തോമസിന്‍റെ ജനതാദളില്‍ ലയിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാനും നിര്‍ദേശിച്ചിട്ടുണ്ട്. പി ടി എ റഹിം എം എല്‍ എ നേതൃത്വം നല്‍കുന്ന വിഭാഗത്തോട് ഐ എന്‍ എല്ലില്‍ ലയിക്കാനാണ് നിര്‍ദേശം.

ഇത്തരത്തില്‍ ലയിച്ച് ഒന്നാകാത്ത പാര്‍ട്ടികള്‍ക്ക് അംഗത്വം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുന്നണി നേതൃത്വം. ഇതോടെ സ്ഥാപിത താല്‍പര്യങ്ങളുമായി നില്‍ക്കുന്ന വിവിധ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്ക് ഒന്നിച്ചു ശക്തരാകേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

ഇതിനിടെയില്‍ ഇവരില്‍ പത്ത് പാര്‍ട്ടികള്‍ക്കും എല്‍ ഡി എഫിനും വേണ്ടാത്ത പാര്‍ട്ടിയായി പി സി ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടിയുമുണ്ട്. ജോര്‍ജും ഇടതുമുന്നണി പ്രവേശനത്തിന് ആഗ്രഹം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .

ഇത്തരത്തില്‍ ശക്തരായ പാര്‍ട്ടികളുമായി എല്‍.ഡി.എഫ് വിപുലീകരിക്കാനാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന് മുന്നണി യോഗം തീരുമാനിച്ചത് . മുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ച തുടരും. ആദ്യം അതത് പാര്‍ട്ടികള്‍ക്കുള്ളില്‍ ചര്‍ച്ച നടക്കട്ടെ എന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുന്നണിയുടെ ബഹുജന അടിത്തറ ശക്തിപ്പെടുത്താണ് താല്‍പര്യം. ഏതെങ്കിലും പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തില്ല. ആദ്യം ഘടകകക്ഷികള്‍ സ്വന്തം പാര്‍ട്ടികളില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചനടത്തണം.

അതിന് ശേഷം മുന്നണിയോഗത്തില്‍ വിവരം അറിയിക്കണം. അതിനനുസരിച്ച് പൊതുവായ അഭിപ്രായം രൂപപ്പെടുത്തുമെന്നും കണ്‍വീനര്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തിനെതിരായ നിലപാടുകള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 17ന് പഞ്ചായത്ത് തലങ്ങളില്‍ നാല് മുതല്‍ ഏഴ് വരെ സായാഹ്ന ധര്‍ണ നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ അവഗണനയാണ് ഉണ്ടായത്.

ഇത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ ഉന്നയിച്ച പല കാര്യങ്ങളും അംഗീകരിക്കാന്‍ തയ്യാറായില്ല. അതിനാല്‍ ശക്തമായപ്രക്ഷോഭം നടത്തും. കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണം നടത്താന്‍ നീക്കം നടക്കുന്നുണ്ട്. സാംസ്‌കാരിക കേരളം ഇതിനെതിരെ മുന്‍കൈ എടുക്കണമെന്നും കണ്‍വീനര്‍ ആവശ്യപ്പെട്ടു

×