Advertisment

ബ്ലോക്കിന് മുകളിലോട്ടുള്ള നേതാക്കളാരും പൂഞ്ഞാറിലേയ്ക്ക് തിരിഞ്ഞു നോക്കിയില്ല. പണത്തിന്‍റെ കുറവും കേരള കോണ്‍ഗ്രസിന്‍റെ വിട്ടുപോക്കും ഉണ്ടായിട്ടും പൂഞ്ഞാറില്‍ വോട്ട് കൂടിയതിനു കാരണം സ്ഥാനാര്‍ഥി തന്നെ ! കാഞ്ഞിരപ്പള്ളിയില്‍ വേണ്ടതിലധികം ആളും അര്‍ത്ഥവും ഉണ്ടായിരുന്നിട്ടും എതിരാളിയുടെ ഭൂരിപക്ഷം മൂന്നിരട്ടിയായതാണ് കെപിസിസി പഠന വിഷയമാക്കേണ്ടത്. പഞ്ചായത്തില്‍ തോറ്റപ്പോഴും ഡിസിസി പാഠം പഠിച്ചില്ല. ജോസിനെ പുറത്താക്കി ജോസഫിനെ കൂട്ടിയത് കറക്കുന്ന പശുവിനെ വിറ്റ് അറക്കുന്ന കാളയെ വാങ്ങിയതുപോലായി. ചങ്ങനാശേരി, ഏറ്റുമാനൂര്‍ തോല്‍വികള്‍ ജോസഫ് ഗ്രൂപ്പിന്‍റെ മാത്രം സംഭാവന. കെപിസിസി സമിതിക്ക് മുമ്പില്‍ പരാതികെട്ടഴിച്ച് നേതാക്കള്‍ !

New Update

publive-image

Advertisment

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി അന്വേഷിക്കുന്ന കെപിസിസി സമിതിക്കുമുന്നില്‍ ഡിസിസി നേതൃത്വത്തിനെതിരെ പരാതിയുമായി നേതാക്കള്‍.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയം മറികടക്കാന്‍ ഒന്നും ചെയ്യാതെയിരുന്ന ഡിസിസി നേതൃത്വമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കുറ്റക്കാരെന്നും ഗ്രൂപ്പു വ്യത്യാസമില്ലാതെ നേതാക്കള്‍ പറഞ്ഞു.

അന്നു തന്നെ ഡിസിസി നേതൃത്വം മാറിയിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടി ഭേദപ്പെട്ടേനെയെന്നും നേതാക്കള്‍ കമ്മീഷനു മുന്നില്‍ വിവരിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അര്‍ഹിച്ചതിലും പ്രാധാന്യം ചില നേതാക്കള്‍ നല്‍കി. കടുത്ത തിരിച്ചടി കിട്ടിയിട്ടും പാഠം പഠിച്ചില്ല. ഇതു നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു.

ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ഏറ്റുമാനൂരും ചങ്ങനാശേരിയിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കണമായിരുന്നെന്നും നേതാക്കള്‍ കമ്മീഷനു മുന്നില്‍ വ്യക്തമാക്കി. ജോസിനെ വിട്ട് ജോസഫിനെ ഒപ്പം കൂട്ടിയത് കറക്കുന്ന പശുവിനെ വിറ്റ് അറക്കുന്ന കാളയെ വാങ്ങിയതുപോലെയായി. ആ ഇടപാടുകൊണ്ട് കോണ്‍ഗ്രസിന് നഷ്ടമേ ഉണ്ടായുള്ളു.

മാത്രമല്ല, അണികളില്ലാത്ത ജോസഫിന് ജില്ലയില്‍ 3 സീറ്റ് നല്‍കേണ്ടി വന്നത് കോണ്‍ഗ്രസിന്‍റെ അണികളെ നിരാശരാക്കി. ഏറ്റുമാനൂരും ചങ്ങനാശേരിയിലും ഈ നിരാശ പ്രകടമായിരുന്നു. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടത് കോട്ടയത്തും സമീപ ജില്ലകളിലും പോലും യുഡിഎഫിനെ ദോഷകരമായി ബാധിച്ചു. ജോസ് വിഭാഗം മുന്നണി വിട്ടാല്‍ വിട്ടുകിട്ടുന്ന സീറ്റുകള്‍ മാത്രമാണ് ചില നേതാക്കള്‍ നോക്കിയതെന്നും അവര്‍ പോകുമ്പോള്‍ വോട്ടു പോകാതെ നോക്കാന്‍ നേതാക്കള്‍ക്ക് ആയില്ലെന്നും വിമര്‍ശനം ഉണ്ടായി.

ജില്ലയില്‍ മത്സരിച്ചവരില്‍ ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒഴികെ എല്ലാവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി. വൈക്കത്ത് കാശില്ലെങ്കില്‍ പ്രചാരണത്തിനിറങ്ങില്ലെന്നു പറഞ്ഞ് സ്ഥാനാര്‍ത്ഥി പിആര്‍ സോനയെ നേതാക്കള്‍ പ്രതിസന്ധിയിലാക്കി. കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് തിരിച്ചടിയായി.

പൂഞ്ഞാറില്‍ പാര്‍ട്ടി ഘടകങ്ങള്‍ നിര്‍ജീവമായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന് മുകളിലുള്ള നേതാക്കളാരും പ്രചരണത്തിനായി പൂഞ്ഞാറിലേയ്ക്ക് തിരിഞ്ഞു നോക്കിയില്ല. രാഹുല്‍ ഗാന്ധിക്കൊപ്പം വന്ന നേതാക്കള്‍ രാഹുല്‍ പോയപ്പോള്‍ മടങ്ങിപ്പോയി.

കേരള കോണ്‍ഗ്രസ് വിട്ടുപോയിട്ടു പോലും അവിടെ കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ട് കൂട്ടാന്‍ കഴിഞ്ഞത് സ്ഥാനാര്‍ഥിയുടെ മികവുകൊണ്ടായിരുന്നു. അതേസമയം കാഞ്ഞിരപ്പള്ളിയുടെ കാര്യത്തില്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും ജനങ്ങള്‍ക്ക് ആവേശമുണ്ടായില്ല. ഒന്നര പതിറ്റാണ്ടു മുമ്പ് ഇവിടെ നിന്നും തോറ്റ് നാടുവിട്ട നേതാവിനെ വീണ്ടും മടക്കി കൊണ്ടുവന്നത് ജനങ്ങള്‍ക്ക് സ്വീകാര്യമായില്ല.

വേണ്ടതിലധികം പണവും നേതാക്കളുടെ സാന്നിധ്യവും ഉണ്ടായിട്ടും കാഞ്ഞിരപ്പള്ളിയില്‍ എതിരാളിയുടെ ഭൂരിപക്ഷം മൂന്നിരട്ടിയായ പാഠമാണ് കെപിസിസി പഠിക്കേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.

കാലങ്ങളായി ഒരേ പദവിയില്‍ തുടരുന്ന നേതാക്കള്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. പാര്‍ട്ടിയുടെ സംഘടനാ സംവീധാനത്തിന്റെ തകര്‍ച്ചയ്ക്ക് ഈ നേതാക്കള്‍ കാരണമായി. കെസി ജോസഫ് കോട്ടയത്തെ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തിയതില്‍ വലിയ വിഭാഗം നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തി.

പോഷക സംഘടനകളുടെ പ്രവര്‍ത്തനത്തിലും പലരും അതൃപ്തി അറിയിച്ചു. വിസി കബീര്‍, ഖാദര്‍ മങ്ങാട്, പുനലൂര്‍ മധു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്. പല സ്ഥാനാര്‍ത്ഥികളും ഇന്നലെത്തെ തെളിവെടുപ്പില്‍ നിന്നും വിട്ടു നിന്നിരുന്നു.

kerala congress
Advertisment