ലെബനീസ് പോലീസില്‍ ഇനി കട്ട സുന്ദരിമാര്‍ ! ചുമ്മാ കള്ളനെ പിടിച്ചാല്‍ മാത്രം പോരാ, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും വേണം !

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, July 7, 2018

ബെയ്റൂട്ട്: വനിതാ പോലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചത് ലെബനനില്‍ പുതിയ വിവാദത്തി തിരികൊളുത്തി. ട്രാഫിക് സിഗ്‌നലുകളിലും നഗരങ്ങളിലെ പ്രധാന റോഡുകളിലും ഡ്യൂട്ടി ചെയ്യുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇറക്കം കുറഞ്ഞ ഷോര്‍ട്സ് യൂണിഫോമായി നല്‍കിയതാണ് കാരണം. ബ്രൗമ്മാന മേയര്‍ പിയറെ അച്ചക്കാറിന്റെ വകയായിരുന്നു ഈ പരിഷ്‌കരണം.

കടുത്ത വേനലില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് വനിതാ പോലീസുകാര്‍ക്ക് ഷോര്‍ട്സ് നടപ്പിലാക്കിയതെന്നാണ് മേയറുടെ വാദം. യൂണിഫോം പരിഷ്‌ക്കരിച്ചതിലൂടെ പോലീസുകാരും ടൂറിസ്റ്റുകളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അദ്ദേഹം പറയുന്നു.

ഇറക്കം കുറഞ്ഞ ഷോര്‍ട്സ് യൂണിഫോമാക്കിയതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമാണുള്ളത്. ഇതൊന്നും വലിയ പ്രശ്നമാക്കേണ്ടെന്നും ഈ വനിതാ ഉദ്യോഗസ്ഥരെല്ലാം ഏറെ ബഹുമാനിക്കപ്പെടുന്നവരാണെന്നും പുതിയ ഷോര്‍ട്സ് അത്ര ചെറുതല്ലെന്നുമാണ് ചിലരുടെ അഭിപ്രായം.

എന്നാല്‍ ഇറക്കം കുറഞ്ഞ ഷോര്‍ടിസിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്. പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നീളമേറിയ പാന്റ്സ് യൂണിഫോമായിരിക്കെ വനിതാ ഉദ്യോഗസ്ഥരുടെ വസ്ത്രത്തിന്റെ ഇറക്കം കുറച്ചത് ടൂറിസത്തിന്റെ പ്രചരണത്തിന് വേണ്ടിയാണെന്നാണ് ഇവരുടെ വാദം. എന്തായാലും ലെബനനിലെ പുതിയ യൂണിഫോം സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. വനിതാ പോലീസുകാരുടെ ഒട്ടേറെ വീഡിയോകളാണ് യൂട്യൂബിലൂടെ കത്തിക്കയറുന്നത്.

×