Advertisment

ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ വൻ സ്ഫോടനത്തിൽ മരണം 78 ആയി: നാലായിരത്തില്‍ അധികം പേർക്ക് പരിക്കേറ്റു: തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് ലെബനൻ സർക്കാർ ; ബെയ്റൂത്തിലേത് ആക്രമണമാണെന്ന് ട്രംപ്

New Update

ബെയ്റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ വൻ സ്ഫോടനത്തിൽ മരണം 78 ആയി. നാലായിരത്തില്‍ അധികം പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സർക്കാർ പറയുന്നു.

Advertisment

publive-image

സ്ഫോടന ശബ്ദം 240 കിലോമീറ്റർ ദൂരെ വരെ കേട്ടു. സ്ഫോടനാഘാതത്തിൽ കാറുകൾ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കെട്ടിടങ്ങൾ തകർന്നു. വലിയ നാശനഷ്ടമാണ് ബെയ്റൂത്തിലുണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ലെബനൻ സർക്കാർ വ്യക്തമാക്കി. ബെയ്റൂത്തിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര സമൂഹം സഹായ വാഗ്ദാനവുമായി രംഗത്തെത്തി. ബെയ്റൂത്തിലേത് ആക്രമണമാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പ്രതികരിച്ചു. ലെബനൻ മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയെ വധിച്ച കേസിൽ വെള്ളിയാഴ്ച കുറ്റക്കാർക്ക് ശിക്ഷ വിധിക്കാനിരിക്കെയുണ്ടായ വൻ സ്ഫോടനത്തിന് പിന്നിലെ എല്ലാ സാധ്യതയും പരിശോധിക്കുമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്.

Advertisment