Advertisment

വ്യവസായിയില്‍നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസ്; നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടിപാര്‍ലറിലും വീട്ടിലും സി.ബി.ഐ റെയ്ഡ്

New Update

കൊച്ചി: നടി ലീന മരിയ പോളിന്‍റെ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിലും ചെന്നൈയിലെ വീട്ടിലും സി.ബി.ഐ. റെയ്ഡ് നടത്തി. ഹൈദരാബാദിലെ വ്യവസായിയില്‍നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

Advertisment

publive-image

ഒരു ബാങ്ക് തട്ടിപ്പ് കേസില്‍ സി.ബി.ഐ. പ്രതിയാക്കിയ ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍നിന്ന് സി.ബി.ഐ. ഓഫീസര്‍ ആണെന്ന വ്യാജേന രണ്ടുപേര്‍ പണം തട്ടാന്‍ ശ്രമിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ മണിവര്‍ണ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജന്‍ എന്നിവരാണ് പണം തട്ടാന്‍ ശ്രമിച്ചത്. സാംബശിവ റാവുവിനെ കേസില്‍നിന്ന് രക്ഷപ്പെടുത്താമെന്ന വ്യാജേന മണിവര്‍ണ റെഡ്ഡിയും സെല്‍വം രാമരാജനും സാംബശിവ റാവുവിനെ സമീപിക്കുകയായിരുന്നു.

സി.ബി.ഐ.യുടെ ഔദ്യോഗിക നമ്പര്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സ്പൂഫ് ചെയ്താണ് ഇവര്‍ സാംബശിവ റാവുവിനെ ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് ഇതിനെതിരേ സാംബശിവ റാവു പരാതി നല്‍കുകയും തുടര്‍ന്ന് മണിവര്‍ണ റെഡ്ഡിക്കും സെല്‍വം രാമരാജനുമെതിരേ സി.ബി.ഐ. കേസ് എടുക്കുകയും ചെയ്തു.

എന്നാല്‍ ഈ കേസിലെ രണ്ട് പ്രതികളുമായി ലീന മരിയ പോളിനും ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറിനും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരുടെ ചെന്നെയിലെ വീട്ടിലും കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലും റെയ്ഡ് നടത്തിയത്. അതേസമയം കേസില്‍ നടിയെ പ്രതിചേര്‍ത്തിട്ടില്ല. തുടരന്വേഷണത്തിന് ശേഷമായിരിക്കും കൂടുതല്‍ നടപടികളെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

leenamariya paul
Advertisment