Advertisment

ഇഞ്ചിപ്പുല്ല് വീട്ടിനകത്തും പുറത്തും വളര്‍ത്താം; കീടങ്ങളെ അകറ്റാം

author-image
സത്യം ഡെസ്ക്
New Update

പാചകാവശ്യത്തിനും ഔഷധ നിര്‍മാണത്തിനുമുപയോഗിക്കുന്ന ഇഞ്ചിപ്പുല്ല് വീട്ടിനകത്ത് പാത്രങ്ങളിലാക്കി വളര്‍ത്താന്‍ പറ്റിയ സസ്യമാണ്. ഏകദേശം എട്ട് ഇഞ്ച് ആഴവും എട്ട് ഇഞ്ച് വ്യാസവുമുള്ള പാത്രത്തില്‍ ഇന്‍ഡോര്‍ ചെടിയായി വളര്‍ത്തി വിളവെടുക്കാവുന്നതാണ്. കൊതുകിനെ തുരത്താനായി ഇഞ്ചിപ്പുല്ല് ഉപയോഗിക്കാറുണ്ട്. നിങ്ങളുടെ തോട്ടത്തില്‍ ആളുകള്‍ കൂടുതല്‍ ഇടപെടുന്ന സ്ഥലത്തും മട്ടുപ്പാവിലുമെല്ലാം ഇഞ്ചിപ്പുല്ലിന്റെ തൈകള്‍ വെച്ചുപിടിപ്പിക്കാം.

Advertisment

publive-image

വെള്ളീച്ചകളെ തുരത്താനുള്ള ആയുധമായും ഇഞ്ചിപ്പുല്ല് ഉപയോഗിക്കുന്നവരുണ്ട്. വെള്ളീച്ചകള്‍ ആക്രമിക്കുന്ന ചെടികള്‍ക്ക് സമീപം ഇഞ്ചിപ്പുല്ല് വളര്‍ത്തിയാല്‍ മതി. അല്‍പം ചൂടുള്ള കാലാവസ്ഥയിലാണ് ഇഞ്ചിപ്പുല്ല് നന്നായി വളരുന്നത്. അതുകൊണ്ടുതന്നെ നല്ല രീതിയില്‍ വളരാന്‍ ധാരാളം വെള്ളം ആവശ്യമാണ്. നേരിട്ട് മണ്ണില്‍ വളര്‍ത്തുന്ന പുല്ലിന് കൃത്യമായി നനയ്‌ക്കേണ്ട ആവശ്യമുണ്ട്.

ഈര്‍പ്പം നിലനില്‍ക്കുന്നതും പോഷകസമ്പന്നവുമായ മണ്ണ് നിലനിര്‍ത്തിക്കൊണ്ടു തന്നെയാകണം ഇഞ്ചിപ്പുല്ല് വളര്‍ത്തേണ്ടത്. മുകളിലുള്ള മണ്ണ് വെള്ളം നനയ്ക്കാതിരിക്കുമ്പോള്‍ ഉണങ്ങിപ്പോയാലും അതിനുതാഴയുള്ള വേരുകളുള്ള ഭാഗം എപ്പോഴും ഈര്‍പ്പമുള്ളതായിത്തന്നെ നിലനിര്‍ത്തണം. നനയ്ക്കുമ്പോള്‍ മണ്ണിലേക്ക് വെള്ളം ഇറങ്ങുന്നുണ്ടെന്നും വേരുകള്‍ വെള്ളത്തില്‍ കുതിരുന്നുണ്ടെന്നും ഉറപ്പുവരുത്തണം.

പാത്രത്തിലാണ് നിങ്ങള്‍ ഇഞ്ചിപ്പുല്ല് വളര്‍ത്തുന്നതെങ്കില്‍ വെള്ളത്തിന്റെ ആവശ്യകതയ്ക്ക് വ്യത്യാസമുണ്ടാകാം. സാധാരണ തോട്ടത്തിലെ മണ്ണില്‍ വളര്‍ത്തുമ്പോള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഇങ്ങനെ വളര്‍ത്തുമ്പോള്‍ ആവശ്യമാണ്. പാത്രത്തിന്‍റെ വശങ്ങളിലൂടെ ഈര്‍പ്പം ബാഷ്പീകരിച്ചുപോകാന്‍ സാധ്യതയുള്ളതുകൊണ്ടാണിത്. മണ്ണില്‍ വളരുമ്പോള്‍ വേരുകള്‍ ഈര്‍പ്പം അന്വേഷിച്ച് അടുത്തുള്ള മണ്ണിലേക്ക് നീളുമെന്നതുകൊണ്ട് അത്രത്തോളം പ്രശ്‌നം വരില്ല.

തണുപ്പുള്ള സ്ഥലത്ത് വളര്‍ത്തുന്ന ഇഞ്ചിപ്പുല്ല് പാത്രങ്ങളിലാക്കി വീട്ടിനകത്ത് പരിപാലിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ചെടി നശിച്ചുപോകും. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണിത്. അനുകൂലമായ കാലാവസ്ഥയില്‍ വളരെ പെട്ടെന്ന് സമൃദ്ധമായി വളരുന്ന ചെടിയായതുകൊണ്ട് പ്രൂണ്‍ ചെയ്‍ത് അമിതവളര്‍ച്ച നിയന്ത്രിക്കാവുന്നതാണ്. ബ്രൗണ്‍ നിറത്തിലുള്ള ഇലകള്‍ പറിച്ചുകളയാം. പ്രൂണ്‍ ചെയ്‍ത് കഴിഞ്ഞാലും പുതിയ ഇലകള്‍ ഉണ്ടായി വരും. ഏകദേശം 6 അടി ഉയരത്തില്‍ വളരുന്ന ചെടിയായതിനാല്‍ പ്രൂണ്‍ ചെയ്‍ത് മൂന്ന് അടി ഉയരത്തിലാക്കി നിര്‍ത്തുന്നതാണ് അഭികാമ്യം.

വളരെ പെട്ടെന്ന് വളരുന്നതിനാല്‍ പാത്രം മാറ്റി പോട്ടിങ്ങ് മിശ്രിതം നിറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇലകളുടെ വളര്‍ച്ചയ്ക്ക് നൈട്രജന്‍ അടങ്ങിയ വളം ആവശ്യമാണ്. ഇന്‍ഡോര്‍ ആയാലും ഔട്ട്‌ഡോര്‍ ആയാലും വളര്‍ച്ചയുടെ ഘട്ടത്തില്‍ ആവശ്യത്തിന് വളം നല്‍കണം. വേനല്‍ക്കാലത്ത് നന്നായി വളപ്രയോഗം നടത്തുകയും മഴയത്തും തണുപ്പുകാലത്തും വളപ്രയോഗം നിര്‍ത്തുകയും വേണം.

പുതുതായി ചെടി നടാനായി പാത്രത്തില്‍ നിന്നും വേരോടുകൂടി പിഴുതെടുത്ത് ചെറിയ ചെറിയ തൈകളെ വേര്‍പെടുത്തിയെടുക്കണം. ഇങ്ങനെ കുഴിച്ചെടുക്കുമ്പോള്‍ വളരെ ആഴത്തില്‍ കുഴിച്ച് വേരിന് കേടുപാടുകളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. തണ്ട് മുറിച്ചുനട്ടും ഇഞ്ചിപ്പുല്ല് വളര്‍ത്താം.

lemongrass plant lemongrass plant farming
Advertisment