Advertisment

'അശ്വമേധം' - ആലപ്പുഴ ജില്ലയിലെ കുഷ്ഠരോഗ നിർണയ തുടർ നിരീക്ഷണ പരിപാടി തുടരുന്നു

New Update

publive-image

Advertisment

ആലപ്പുഴ: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025 ഓടുകൂടി കുഷ്ഠരോഗ നിർമ്മാർജ്ജനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടർച്ചയായ 3 വർഷങ്ങളിൽ നടത്തുന്ന പരിപാടിയായ കുഷ്ഠരോഗ നിർണയ തുടർ നിരീക്ഷണ പരിപാടി ജില്ലയിൽ തുടരുന്നു.

കുഷ്ഠരോഗത്തോട് സമൂഹത്തിനുള്ള വിമുഖത (Stigma) മാറ്റിയെടുക്കുകയും, സ്വയം രോഗ ലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ തേടത്തക്കവണ്ണം രോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് അശ്വമേധം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമാണിത്. തൊലിപ്പുറത്തുള്ള നിറം മങ്ങിയതോ, ചുവന്ന് തടിച്ചതോ സ്പർശനശേഷി കുറഞ്ഞതോ ആയ പാടുകൾ, ചൊറിച്ചിൽ ഇല്ലാത്ത പാടുകൾ, തടിച്ചതും തിളക്കമുള്ളതുമായ ചർമം, വേദനയില്ലാത്ത വ്രണം, കൈകാലുകളിലെ മരവിപ്പ് എന്നിവയൊക്കെയാണ് കുഷ്ഠരോഗ ലക്ഷണങ്ങൾ.

സ്വയം ശരീര പരിശോധന നടത്തി ഇത്തരം ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ച് കുഷ്ഠരോഗമല്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്. പദ്ധതിയുടെ ഭാഗമായി രണ്ടു വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരെയും ആരോഗ്യ വോളണ്ടിയർമാർ വീടുകളിലെത്തി രോഗലക്ഷണങ്ങൾ ചോദിച്ചറിയുകയും ചികിത്സയ്ക്കും തുടർ പരിശോധനകൾക്കും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യും.

ഭവന സന്ദർശനത്തിനായി ആയിരം ജനസംഖ്യക്ക് ഒരു പുരുഷ വോളണ്ടിയറും ഒരു സ്ത്രീ വോളണ്ടിയറും എന്ന നിലയിൽ ആരോഗ്യ പ്രവർത്തകരെ നിശ്ചയിച്ചിട്ടുണ്ട്. ത്വക് സംബന്ധമായ എല്ലാ രോഗങ്ങൾക്കും ചികിത്സിക്കാനാവശ്യമായ സഹായം ലഭ്യമാക്കും.

ഇതോടൊപ്പം തന്നെ ജീവിതശൈലി രോഗങ്ങളുടെ സർവ്വെയും നടത്തുന്നതാണ്. ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നവർക്കുള്ള ചികിത്സാസഹായങ്ങളും ഇതുവഴി ലഭ്യമാക്കും. പരിപാടിയുടെ ഉദ്ഘാടനം വെളിയനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വച്ച് നടത്തിയതായി ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു.

-ഉമേഷ്‌ ആലപ്പുഴ

aswamedham
Advertisment