follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

കുടിയേറ്റവും, മനുഷ്യമനസ്സും അലക്സ് അബ്രാഹമിലൂടെ

തയ്യാറാക്കിയത്: ജയശങ്കർ പിള്ള,ചെയർമാൻ,ഇൻഡോ കനേഡിയൻ പ്രെസ്സ് ക്ലബ്. » Posted : 27/01/2017

മനുഷ്യ മനസ്സിനെ എക്കാലവും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള ഒന്നാണ് നർമ്മ സാഹിത്യം. മലയാളികൾക്ക് മാത്രം സ്വന്തമായ ടോമിന്റെ ബോബനും മോളിയും, ഇപ്പോൾ ടിന്റു മോനും എല്ലാം സമകാലിക സംഭവങ്ങളെ, പ്രശ്നങ്ങളെ, ജീവിത യാഥാർഥ്യങ്ങളെ നർമ്മത്തിന്റെ ഭാഷയിൽ, വരകളിലൂടെയും, വര്ണങ്ങളിലൂടെയും, എഴുതുകളിലൂടെയും എക്കാലവും ജനങ്ങളിൽ എത്തിക്കപ്പെടുകയും,അവരെ ചിരിക്കുകയും,ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പ്രവാസവും കുടിയേറ്റവും ആയി മലയാളികൾ നല്ലൊരു തോതിൽ കരകൾ കടക്കുന്നത് 1970 കളുടെ ആരംഭ ദശയിൽ ആണ്. എന്നാൽ അതിലും വളരെക്കാലം മുൻപേ തന്നെ ബോംബെ ,ഡൽഹി,കൽക്കട്ട,മദ്രാസ് (പഴയ സ്ഥലപ്പേരുകൾ ആണ്) എന്നിവിടങ്ങളിൽ മലയാളികൾ നമ്മുടെ സാന്നിധ്യം അറിയിച്ചിരുന്നു.സാഹിത്യം, കല, രാഷ്ട്രീയം, പൊതു പ്രവർത്തനം, മതം എന്നിങ്ങനെ പല മേഖലകളിൽ പ്രവർത്തിച്ചു കഴിവ് തെളിയിക്കുന്നതിനൊപ്പം സ്വന്തം ഉപജീവന മായ ജോലികളിലും സ്വർണ്ണ പതക്കങ്ങൾ നേടുകയും വിജയം വരിക്കുകയും ചെയ്തവർ ആണ് മലയാളികൾ.

ഇന്ന് ഞാനിവിടെ പരിചയപെടുത്തുന്നത് മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിന്റെ മലയോര ഗ്രാമത്തിൽ നിന്നും വടക്കേ ഇന്ത്യയിലേക്കും, സ്വർണ്ണം വിളയുന്ന ഗൾഫിലേക്കും, അവിടെ നിന്നും, പാശ്ചാത്യ സംസ്കാരത്തിലേക്കും കുടിയേറിയ മലയാള നർമ്മ സാഹിത്യകാരൻ, ഗാന രചയിതാവ്, പൊതു പ്രവർത്തകനും , കഠിന അദ്ധ്വാനിയും ആയ അലക്സ് അബ്രാഹമിനെ ആണ്.കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലും അധികം ഉള്ള തന്റെ പ്രാവാസജീവിതവും ,കുടിയേറ്റജീവിതവും തന്നിൽ ഉണർത്തിയ ചിന്തകളെ, സാധാരണ മനുഷ്യന്റെ പച്ചയായ ജീവിതത്തെ മലയാളികൾക്ക് വളരെ ലളിതവും, കലാപരവും, സാഹിത്യപരമായും മലയാളികൾക്ക് സമ്മാനിച്ച വ്യക്തിയാണ് അലക്സ്.

കേരളത്തിലെ മലയോര ജില്ല ആയ പത്തനം തിട്ടയിലെ തെള്ളിയൂർ എന്ന ഗ്രാമത്തിലെ അങ്ങാടിയിൽ വീട്ടിൽ കെ.സി അബ്രഹാമിന്റെയും, റേച്ചലിന്റെയും മകനായി ജനിച്ച അലക്സ് തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് 1971-ൽ ഫരീദാബാദിൽ നിന്നാണ്. പിന്നീട് അറബി നാടായ കുവൈറ്റിലേക്കും,1989-ൽ കുടുംബ സമേതം കാനഡയിലേക്കും കുടിയേറുക ആയിരുന്നു.

തികഞ്ഞ ഭാഷാ പ്രിയനായ അദ്ദേഹത്തിന് മലയാള ഭാഷ കൂടാതെ ഹിന്ദി, അറബി ഭാഷകളിൽ കൂടി പ്രാവീണ്യം സിദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ ഭാര്യ ലിസി യോടൊപ്പം ടൊറന്റോ വിൽ സ്ഥിര താമസമാക്കിയ ഇദ്ദേഹത്തിന് സിബി , സീബ എന്ന് പേരുള്ള രണ്ടു മക്കളും ഉണ്ട്.അദ്ദേഹത്തിന്റെ "ഉപ്പുമാങ്ങാക്കുഴി സ്പീക്കിംഗ് ", "ഞാൻ ഒരു ബേബി", "ശുനകന്റെ അങ്കിൾ" തുടങ്ങിയ നിരവധി നർമ്മകഥകൾ വളരെ പ്രശസ്തമാണ്. ചിരിയരങ്ങുകളും സാഹിത്യ സെമിനാറുകളും നടത്തുന്നതിന് നേതൃത്വം നൽകാറുള്ള അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത് ഹാസ്യ സാഹിത്യകാരനായിട്ടാണ് എങ്കിലും നാടകം എഴുതി അവതരിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്.

ഒട്ടു മിക്ക മലയാളി പ്രസിദ്ധീകരണങ്ങളിൽ തന്റെ തൂലിക ചലിപ്പിച്ച അലക്സ് ഇപ്പോൾ കാനഡയിൽ പ്രസിദ്ധീകരിക്കുന്ന മാറ്റൊലി മാഗസിന്റെ എഡിറ്റോറിയൽ ബോർഡ് മെമ്പർ കൂടി ആണ്.
കനേഡിയൻ മലയാളി അസോസിയേഷന്റെ കലാവേദി ചെയർമാൻ ആയി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹത്തിന്റെ ശ്രെമ ഫലമായി ആണ് "സി.എം.എ ബീറ്റ്സ്" ഓർക്കെസ്ട്രാ രൂപീകരിച്ചത്.
ഉയരങ്ങളിൽ മഹത്വം , ധ്വനി , ആലിംഗനം" തുട ങ്ങിയ നിരവധി മ്യൂസിക്ക് ആൽബങ്ങളുടെ രചയിതാവായ അലക്സിന്റെ നിരവധി ഗാനങ്ങൾ പ്രശസ്തമാണ്.

കാനഡായിലെ ആദ്യ മലയാള ടെലിവിഷൻ ചാനലായ "മലയാളശബ്ദ"ത്തിന്റെയും ഏക മലയാളം റേഡിയോയായ "മധുര ഗീതത്തിന്റെയും" ടൈറ്റിൽ സോങ്ങ് " എഴുതിയത് അലക്സ് ആണ് . പൊതുവെ പബ്ലിസിറ്റിയിൽ താല്പര്യമില്ലാത്ത അലക്സ് അബ്രാഹത്തെക്കുറിച്ച് പുറം ലോകം കൂടുതൽ അറിയാൻ തുടങ്ങിയത് മധുര ഗീതം റേഡിയോയിൽ നടത്തിയ ഒരു തത്സമയ ഇന്റർവ്യൂയിലൂടെയാണ്.

നല്ലൊരു നാടക രചയിതാവ് കൂടിയായ അലക്സ് എഴുതിയ "സ്വർഗ-നരകങ്ങളിൽ" എന്ന നാടകത്തിൽ തോമാശ്ലീഹായും , യേശൂക്രിസ്തുവും ആയും വേഷമിട്ടു ടൊറോന്റോ മലയാളം പള്ളിയിൽ അഭിനയിച്ചു.

ഈ അടുത്തകാലത്തായി അദ്ദേഹം എഴുതിയ അവാർഡുകൾ പ്രഹസനം ആകുന്നതെപ്പോൾ എന്ന ലേഖനം കുടിയേറ്റ ജീവിതത്തിൽ നിരന്തരം കാണുന്ന ചില നഗ്ന സത്യങ്ങളുടെ പ്രതി ബിംബം മാത്രം ആണ്.പ്രശസ്‌തികൾ തേടി പോകാതെ മലയാള ഭാഷയെയും, സാഹിത്യത്തെയും നെഞ്ചിലേറ്റി നിരവധി സംഭാവനകൾ നൽകിയ ഇദ്ദേഹത്തെ, മധുരഗീതം, മാറ്റൊലിമാസിക, ന്യൂമാർക്കറ്റ് മലയാളി കൂട്ടായ്മ എന്നിവർ ആദരിക്കുക ഉണ്ടായി പ്രായം പഠനത്തിനും അറിവ് സമ്പാദനത്തിനും തടസ്സമാകില്ല എന്ന് ഉള്ള തന്റെ വിശ്വാസത്തെ ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം കോളേജിൽ പോയി സി എൻ സി പ്രോഗ്രാമിൽ ഡിപ്ലോമ കരസ്ഥമാക്കി ഇദ്ദേഹം തെളിയിക്കുക ഉണ്ടായി.

വടക്കേ അമേരികായിൽ മലയാള ഹാസ്യ സാഹിത്യത്തിന് പുതിയ പുതിയ സംഭാവനകൾ ഇനിയും നൽകുവാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+