follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

യു ഡി എഫും കോണ്‍ഗ്രസും പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് തന്നെ സമ്മതിച്ചിട്ടുണ്ട്. പിന്നെ കേരളാ കോണ്‍ഗ്രസ് എന്ത് പറയാന്‍ ?

കേരളാ കോണ്‍ഗ്രസ് വിടാനുള്ള എന്‍റെ തീരുമാനം വികാരപരമായിരുന്നു. ആ തെറ്റ് സമ്മതിക്കുന്നു. തിരികെയെത്തിച്ചത് കെ എം മാണിയുടെ വാത്സല്യം - സ്റ്റീഫന്‍ ജോര്‍ജ്ജ് മനസ് തുറക്കുന്നു

ഗള്‍ഫ് ഡസ്ക് » Posted : 21/01/2017

കോണ്‍ഗ്രസ് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പ്രസ്താവനയും പ്രതിപക്ഷ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ചുകൊണ്ടുള്ള ലീഗിന്റെയും ആര്‍ എസ് പിയുടെയും നിലപാടുകളും യു ഡി എഫ് വിടാനെടുത്ത കേരളാ കോണ്‍ഗ്രസ് തീരുമാനം ശരിയെന്ന് വ്യക്തമാക്കുന്നതാണെന്ന് പാര്‍ട്ടി ജനറല്‍സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എം എല്‍ എ.

ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയ സ്റ്റീഫന്‍ ജോര്‍ജ്ജുമായി സത്യം ഓണ്‍ലൈന്‍ ഖത്തര്‍ ചീഫ് റിപ്പോര്‍ട്ടര്‍ ശരത് മുള്ളൂര്‍ നടത്തിയ അഭിമുഖത്തിലായിരുന്നു അഭിപ്രായ പ്രകടനം. മുമ്പ് കേരളാ കോണ്‍ഗ്രസ് വിടാനിടയായ സാഹചര്യം സംബന്ധിച്ചും സ്റ്റീഫന്‍ ജോര്‍ജ്ജ് അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്.അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

? കേരള കോണ്‍ഗ്രസിനായി എന്‍ ഡി എയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നാണ് ബി ജെ പി ജനറല്‍സെക്രട്ടറി എം ടി രമേശ്‌ പറഞ്ഞത്. കേരളാ കോണ്‍ഗ്രസിന്റെ മനസ് ബി ജെ പിയ്ക്കൊപ്പമുണ്ടാകുമോ?

ബി ജെ പി ക്ഷണം ഉണ്ടായെന്ന കാര്യം സത്യമാണ്. മറ്റ്‌ മുന്നണികളും ക്ഷണിച്ചിട്ടുണ്ട്. പക്ഷേ ഒരു മുന്നണിയിലും ചേരാതെ നിന്നാല്‍ ജനപക്ഷത്ത് നിന്നുകൊണ്ട് ആരെയും ഏത് സര്‍ക്കാരിനെയും വിമര്‍ശിക്കാം. അങ്ങനെ ജനകീയ ഇടപെടലുകളിലൂടെ ശക്തമായ ഒരു പാര്‍ട്ടിയായി വളരാം. അതിനാല്‍ സ്വതന്ത്ര നിലപാട് തുടരാന്‍ തന്നെയാണ് കേരളാ കോണ്‍ഗ്രസ് തീരുമാനം.

? കൂടുതല്‍ ഓഫറുകള്‍ ബി ജെ പി മുന്നോട്ട് വയ്ക്കുന്നു എന്ന് കേള്‍ക്കുന്നു.

ഓഫറുകള്‍ പല വശത്തു നിന്നും ഉണ്ടാകാം. അധികാരവും ഓഫറുകളും മാത്രമല്ല രാഷ്ട്രീയം. പകരം കേരളാ കോണ്‍ഗ്രസിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങളായ കര്‍ഷകരുടെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും ഉന്നമനവും പുരോഗതിയും അതിനായുള്ള പ്രവര്‍ത്തനങ്ങളുമാണ് ഞങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്നത്.

? പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനം ശരിയല്ലെന്നാണല്ലോ യു ഡി എഫിലെ പൊതുവിമര്‍ശനം. പഴയ സഹപ്രവര്‍ത്തകര്‍ എന്ന നിലയില്‍ എങ്ങനെ വിലയിരുത്തുന്നു?

കോണ്‍ഗ്രസുകാര്‍ തന്നെ അത് പറഞ്ഞ സ്ഥിതിക്ക് ഇനി ഞങ്ങളായിട്ട് അത് പറയേണ്ടതില്ലല്ലോ. മുസ്ലീം ലീഗും ആര്‍ എസ് പിയും അഭിപ്രായ വ്യത്യാസം തുറന്നു പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ പരസ്യമായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. യു ഡി എഫ് വിടാന്‍ അന്ന് ഞങ്ങളെടുത്ത തീരുമാനം ശരിയെന്നതിന് വേറെ തെളിവ് വേണോ?? കേരള കോണ്‍ഗ്രസിന്‍റെ ശക്തനായ യുവ നേതാവായിരുന്നു താങ്കള്‍. യുവജനസംഘടനകളുടെ അധ്യക്ഷനും ചെറുപ്പത്തില്‍ എം എല്‍ എയും ജില്ലാ പഞ്ചായത്ത് അംഗവുമൊക്കെയായി. പിന്നീട് താങ്കള്‍ പാര്‍ട്ടി വിട്ടു, കെ എം മാണിയെ ഉപേക്ഷിച്ചു. ഇപ്പോള്‍ മടങ്ങി വന്നിരിക്കുന്നു. എന്ത് തോന്നുന്നു ഈ ചാഞ്ചാട്ടങ്ങളെപ്പറ്റി?

തികച്ചും തെറ്റായ തീരുമാനങ്ങളായിരുന്നു ഞാന്‍ എടുത്തത് എന്ന കാര്യം ഞാന്‍ തന്നെ സമ്മതിക്കുന്നു. എല്ലാ കാലവും കേരളാ കോണ്‍ഗ്രസുകാര്‍ എതിര്‍ത്ത ആളുകളുമായി സഹകരിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ട്. വികാരപരമായ ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ വഴി തെറ്റിയുള്ള സഞ്ചാരം.

അതിനിടയിലും പൊതുവേദികളില്‍ എന്നെ കാണുമ്പോള്‍ ഒപ്പമുള്ള 99 കുഞ്ഞാടുകളെയും ഉപേക്ഷിച്ച് വഴിതെറ്റിപ്പോയ ഒരു കുഞ്ഞാടിനുവേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത് എന്ന് ചെയര്‍മാന്‍ കെ എം മാണി സാര്‍ പല തവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. ആ വാത്സല്യവും പരിഗണനയും തന്നെയാണ് എന്നെ പാര്‍ട്ടിയില്‍ തിരികെ എത്തിച്ചത്.

1991 ല്‍ അന്ന് കെ എഫ് സി പ്രസിഡന്റായിരുന്ന ഞാന്‍ ഏറ്റുമാനൂരില്‍ നിയമസഭാ സ്ഥാനാര്‍ഥിയാകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നതാണ്. പക്ഷേ പാര്‍ട്ടി തീരുമാനം മറിച്ചായിരുന്നു. ഞാനതിനെ എതിര്‍ത്തില്ലല്ലോ? കഴിഞ്ഞ തവണ സംഭവിച്ചത് വികാരപരമായ ഒരു തെറ്റായ സമീപനമായിരുന്നു. ഇനി അതൊക്കെ പഴങ്കഥ. ഞാന്‍ ശക്തമായി തന്നെ പാര്‍ട്ടിയില്‍ തിരികെയെത്തിയിരിക്കുകയാണ്.

? താങ്കള്‍ ശക്തമായി തിരിച്ചുവന്നു. പാര്‍ട്ടിയ്ക്ക് ശക്തമായ ഒരു തിരിച്ചുവരവ് ഉണ്ടാകുമോ?

സമകാലിക രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്കും രാഷ്ട്രീയത്തിനും ശക്തമായ ഒരു സ്പേസ് ഉണ്ടെന്നുറപ്പാണ്. 1964 ലെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനാണ് കേരളാ കോണ്‍ഗ്രസ് ലക്‌ഷ്യം വയ്ക്കുന്നത്. അത് നടക്കും.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+