follow us

1 USD = 65.022 INR » More

As On 23-10-2017 22:54 IST

കുത്തബ് മിനാറിനെക്കാൾ ഉയരമുള്ള തൂണുകളും ഇന്ത്യയിലെ ഏറ്റവും വലിയ 10 തുരങ്കങ്ങളുമായി നിര്‍മ്മിച്ച കൊങ്കണ്‍ റെയില്‍വേ ഈ ശ്രീധരന്‍ എന്ന മഹാമനുഷ്യന്‍റെ ഒരത്ഭുതമാണ്. ഇന്ത്യ കണ്ട വിസ്മയങ്ങളുടെ സൃഷ്ടാവായ ഇ ശ്രീധരന്‍റെ വഴിത്താരകളിലൂടെ

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 17/06/2017

ഇ. ശ്രീധരൻ,.. ഇന്ന് ഭാരതം എറ്റവും അത്ഭുതാദരങ്ങളോടെ മാത്രം പറയുന്ന ഒരു പേര്.

1956 ൽ കാകിനദ എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനിയരിoഗിൽ ബിരുദമെടുത്ത് 1962ൽ റെയിൽവേയിൽ ഒരു സാധാരണ എഞ്ചിനിയറായി കയറുമ്പോൾ, ഈ പൊന്നാനിക്കാരനെ കാത്ത് ഒരു മഹാരാജ്യത്തിന്റെ ചില ഭാഗധേയങ്ങൾ ഉണ്ടന്ന് ആരും പ്രതീക്ഷിച്ചില്ല.1964 ൽ തമിഴ് നാടിനെയും രാമേശ്വരത്തെയും നിലം പരിശാക്കിയ ചുഴലിക്കൊടുങ്കാറ്റിൽ, രാമേശ്വരത്തെക്കുള്ള പാമ്പൻ പാലം പൂർണമായി തകർന്നു... ഒരു തീവണ്ടിയടക്കം ഒലിച്ച് പോയി... ആ പാലം ആറുമാസം കൊണ്ട് പൂർവസ്ഥിതിയിലാക്കാനുള്ള ചുമതല, യുവാവായ ശ്രീധരനിൽ വന്നു ചേർന്നു...

തകർന്നെങ്കിലും, കേടുപറ്റാതെ മുങ്ങിക്കിടന്ന പില്ലറുകൾ, മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വീണ്ടെടുത്ത് പാലം പുനർനിർമിച്ചത് 45 ദിവസം കൊണ്ട്... മാലോകർ വാപൊളിച്ച് നിന്ന ആ മഹാദൗത്യം, ഇന്നും രാമേശ്വരത്ത് തലയുയർത്തി നിൽക്കുന്നു...

പിന്നീട്, കൊൽകത്ത മെട്രോ നിർമാണത്തിന്റെയും ചുമതല അദ്ദേഹം കൃത്യസമയത്ത് പൂർത്തിയാക്കി.... അതുകൊണ്ട് തന്നെ, അദ്ദേഹത്തെ തന്നെ കൊങ്കണ്‍ പദ്ധതി ഏല്പിക്കാൻ റയിൽവേ മന്ത്രിയായ ജോർജ് ഫെർണാണ്ടാസ്സിനു രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു....

കൊങ്കണ്‍ : കുത്തബ് മിനാറിനെക്കാൾ ഉയരമുള്ള തൂണുകള്‍,
1500 ലധികം പാലങ്ങൾ, 80 കിലോമീറ്ററിലധികം തുരങ്കങ്ങള്‍...
ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യയിലെ എറ്റവും വലിയ റയിൽവേ പദ്ധതി
സാധാരണ രീതിയിൽ നടപ്പാക്കിയാൽ, അൻപത് കൊല്ലം കൊണ്ട് പോലും പൂർതിയാകില്ല എന്നുറപ്പുള്ള പദ്ധതിക്ക് വേണ്ടി, റയിൽവേ മന്ത്രാലയത്തിൽ നിന്ന് മാറി കൊങ്കണ്‍ റയിൽവേ കോർപറേഷൻ രൂപീകരിച്ചു. ബോണ്ടുകളും, കടപ്പത്രങ്ങളുമിറക്കി വൻ തോതിൽ ധനസമാഹരണം ആരംഭിച്ചു. 736 കിലൊമീറ്റർ നീളമുള്ള പദ്ധതിയുടെ നിർമാണം 1990 ൽ ആരംഭിച്ചു... എട്ട് വർഷമായിരുന്നു കാലാവധി...

ഏത് പദ്ധതി വന്നാലും, പരിസ്ഥിതി വാദവും, കപട മാനുഷികതാ വാദവുമായി വരുന്ന കൂട്ടർ ഇവിടയുമുണ്ടായിരുന്നു. ഗോവയിലും കർണാടകയിലും, ബസ് ലോബിയുടെ സ്പോണ്‍സർഷിപ്പോടെ കത്തോലിക്ക സഭയായിരുന്നു പ്രക്ഷോഭത്തിന്റെ ചുക്കാൻ പിടിച്ചത്... കാര്യങ്ങൾ മുൻകൂട്ടി കണ്ട ശ്രീധരൻ, അതെല്ലാം മുളയിലെ നുള്ളി. മുൻകൂറായി നഷ്ടപരിഹാരം കൊടുത്ത് കൊണ്ട് സ്ഥലമെറ്റെടുക്കൽ വേഗത്തിലാക്കി....

1500 ലധികം പാലങ്ങൾ, നൂറോളം വൻ തുരങ്കങ്ങൾ, മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വൻ വയടക്ടുകൾ... അങ്ങിനെ, മൂന്ന് ഷിഫ്റ്റുലായി പണി തകർത്ത് മുന്നേറി. ഒട്ടു മിക്ക സ്ഥലങ്ങളിലും ഗതാഗത സൗകര്യം പോലുമില്ലായിരുന്നു... എഞ്ചിനിയർമാരും, തൊഴിലാളികളും കൂലിപ്പണിക്കാരുമെല്ലാം ലേബർ ക്യാമ്പുകളിൽ താമസിച്ച്, താത്കാലിക ക്യാന്ടീനുകളിൽ ഭക്ഷണം കഴിച്ച് ചരിത്രമെഴുതിക്കൊണ്ടിരുന്നു.... മലയിടിച്ചിലുകളും, മഴയുമൊന്നും അവിടെ വിഷയമായില്ല....

[ ഈ പാതയിലെ പത്ത് തുരങ്കങ്ങൾ, അതുവരെ ഇന്ത്യയിൽ നിർമിച്ച എറ്റവും വലിയതിനേക്കാൾ വലുതാണ്. ‌ എല്ലാ തുരങ്കങ്ങളും കൂടി ചേർത്ത് വെച്ചാൽ 80 കിലോമീറ്റരിലധികമുണ്ടാകും, രത്നഗിരിക്കപ്പുറമുള്ള പനവേൽ വയടക്ടിന്റെ എറ്റവും വലിയ തൂണിനു ,കുത്തബ് മിനാറിനെക്കാൾ ഉയരമുണ്ട്... ]ഗോവയിലെ മാണ്ടോവി നദിയിലെ പാലത്തിനടിയിലൂടെ, ചെറു കപ്പലുകൾക്ക് വരെ കടന്നുപോകാം... എറ്റവും വലിയ വെല്ലുവിളി ഉയർത്തിയത്, മൃദു മണ്ണ് നിറഞ്ഞ മലകളിലൂടെയുള്ള തുരങ്ക നിർമാണമാണ്. തുരക്കുന്തോറും ഇടിഞ്ഞ്‌ വീണുകൊണ്ടിരുന്ന തുരങ്കങ്ങളിൽ അനേകം ജീവിതങ്ങൾ പൊലിഞ്ഞു. പ്രത്യേകിച്ച്, ഗോവയിലെ പെർണം തുരങ്കത്തിൽ.

അന്ന് ഉണ്ടായിരുന്ന ഒരു സാങ്കേതിക വിദ്യക്കും, ഈ വെല്ലുവിളി അതിജീവിക്കാനായില്ല. ഒടുവിൽ, തുരക്കുന്നതിനോടൊപ്പo, കോണ്ക്രീറ്റ് പമ്പ് ചെയ്ത് കയറ്റി, തുരങ്കത്തിന്റെ നീളത്തിൽ ഒരു ഒരു കോണ്ക്രീറ്റ് പാറ ഉണ്ടാക്കി, അത് തുരന്നെടുത്തു തുരങ്കമാക്കി.

ലോകത്തിലാദ്യം ഈ വിദ്യ വിജയകരമായി നടത്തിയത് കൊങ്കണ്‍ പദ്ധതിയിലാണ് ....
ഈ വൻ പദ്ധതിയുടെ സാമ്പത്തിക ലാഭം നോക്കി വെള്ളമിറക്കിയവരെ ഒരു കളിയും ശ്രീധരൻ അനുവദിച്ചില്ല. ശ്രീധരനെ കൊങ്കണ്‍ റെയിൽവേയിൽ നിന്ന് മാറ്റാൻ, ശ്രമിച്ചപ്പോൾ, പോർടർമാർ മുതൽ ഉന്നതോദ്യോഗസ്ഥർ വരെ ജോലി നിർത്തിവെച്ചു. അവസാനo, എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച്, 1998 ജനുവരി 26 നു തന്നെ കൊങ്കണിലൂടെ ആദ്യ തീവണ്ടി കൂകിപ്പാഞ്ഞു...

ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിൽ നടന്ന നടന്ന എറ്റവും വലിയ റയിൽവേ പദ്ധതി..... ലോകത്തിലെ തന്നെ എറ്റവും ദുഷ്കരമായ ഭൂപ്രക്രുതിയിലൂടെ, നമ്മുടെ നാട്ടിൽ യാഥാർഥ്യമാകുന്നത് ലോകം നോക്കി നിന്നു....

കൃത്യസമയത്ത് പണിതീർത്ത ഡൽഹി മെട്രോക്ക് ശേഷം, മലയാളിയുടെ യാത്രാ സംസ്കാരത്തെ പുനർനിർവചിക്കാൻ, 80 ന്റെ യുവത്വത്തോടെ ശ്രീധരൻ നമ്മുടെയിടയിൽ ഊര്‍ജസ്വലതയോടെ ഓടിനടക്കുന്നു ....

ഇപ്പോഴും, ഓരോ കൊങ്കണ്‍ യാത്രയിലും, തുരങ്കങ്ങളിലെ അവസാനിക്കാത്ത ഇരുളുകളിലൂടെ പായുമ്പോൾ, വയടക്ടുകളുടെ മുകളിലൂടെ മേഘമാലകളെ തലോടി പോകുമ്പോൾ.... അറിയാതെ തല കുനിച്ച് പോകുന്നു....
മനുഷ്യപ്രയത്നത്തിനു മുൻപിൽ ഒരു വെല്ലുവിളികളും തടസ്സമല്ല എന്ന് തെളിയിച്ച നിശ്ചയ ദാർഢ്യങ്ങൾക്ക് മുൻപിൽ...

ഈശ്വരന് മുന്‍പിലും ജനങ്ങള്‍ക്ക് മുന്‍പിലും വിനീത ഹൃദയനായ ശ്രീധരൻ സാര്‍പലപ്പോഴും ക്ഷേത്ര മുറ്റത്ത് Govt.of India യുടെ കാറ് പ്രൗഢിയോടെ വന്ന് നിന്നാൽ അതിൽ നിന്ന് ഇറങ്ങുക വിനീത ഹൃദയനായ ശ്രീധരൻ സാറായിരിക്കും. രാഷ്ട്രം ആദരിക്കുന്ന ഉത്തുംഗ ശൃംഗത്തിലിരിക്കുമ്പോഴും ക്ഷേത്ര മുറ്റത്ത് കുശലാന്വോഷണ പ്രജ്ഞനായ നാട്ടുകാരനും മതിൽ കെട്ടിനുള്ളിൽ ഉള്ളുരുകിയ അചഞ്ചല ഭക്തി പേറുന്ന ഭഗവത് ദാസനുമാണ് ഈ 84കാരൻ.

1932 ജൂൺ 12 നു നീലകണ്ഠൻ മൂസതിന്‍റെയും കാർത്തിയായനി എന്ന അമ്മാളു അമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ കറുകപുത്തൂരിൽ ജനനം. അടുത്തുള്ള ചാത്തനൂർ പ്രൈമറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വീടിന് 20 കിലോമീറ്റർ അകലെയുള്ള കുമരനല്ലൂർ ഹൈസ്കൂളിൽ തുടർപഠനത്തിനു പോയി.

പക്ഷേ എന്നും നടന്ന് കൊണ്ടുള്ള ഈ യാത്ര അദ്ദേഹത്തിനു ബുദ്ധിമുട്ടായപ്പോൾ കൊയിലാണ്ടിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് അദ്ധേഹം പറിച്ച് നടപ്പെട്ടു.റോൾ മോഡലായത് സഹോദരി ഭർത്താവ് നാരായണ മേനോന്‍

ശ്രീധരൻ എന്ന പ്രതിഭയുടെ ജീവിതത്തിലെ വലിയ വഴിതിരിവാണ് സഹോദരി ഭർത്താവ് നാരായണ മേനോനുമായുള്ള സഹവാസമായിരുന്നു . അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വലിയ ഒരു റോൾ മോഡലായിരുന്നു മേനോൻ.

കൊയ് ലാണ്ടിയിലെ സ്കൂൾ പഠനാനന്തരം അദ്ദേഹം ചരിത്ര പ്രസിദ്ധമായ പാലക്കാട് വിക്ടോറിയ കോളേജിൽ പഠനം നടത്തി. അവിടെ വെച്ചാണ് ടി എൻ ശേഷനുമായി പരിചയപ്പെടുന്നത്. കോളേജ് പഠന ശേഷം അദ്ദേഹം ആന്ദ്രയിൽ എൻജിനിയറിങ്ങിനു ചേർന്നു.

കുറഞ്ഞകാലം അധ്യാപക വൃത്തിയിൽ ഏർപ്പെട്ടുവെങ്കിലും 1953 ൽ സബ് എൻഞ്ചിനിയർ ആയി ബോംബെയിൽ ജോലി ആരംഭിച്ചതോടെയാണ് ശ്രീധരൻ എന്ന പ്രതിഭയുടെ ഔദ്യോഗിക ജീവീതം ആരംഭിക്കുന്നത്.

പിന്നീട് ഉന്നത റങ്കോടെ എഞ്ചിനിയറിങ്ങിൽ സിവിൽ സർവെന്റായി റയിൽവേയിൽ വരുന്നതോടെയാണ് ശ്രീധരൻ ശ്രദ്ധേയനാകുന്നത്.

1958 ൽ അദ്ദേഹം ഡിവിഷണൽ എഞ്ചിനിയർ ആയി സ്ഥാനകയറ്റം ലഭിച്ചു. റയിൽവേയുടെ ചരിത്രത്തിൽ ഇത്രയും പ്രായം കുറഞ്ഞ ഡിവിഷണൽ എഞ്ചിനിയർമാർ വിരളമാണ്. ഇതിൽ നിന്ന് അദ്ദേഹത്തിന്‍റെ കഴിവ് നമ്മുക്ക് അളക്കാം.

1964 ഡിസംബറിൽ 22 നു തമിഴ്നാട്ടിലെ പാമ്പൻ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലം തകരുകയും അതിനുമുകളിലൂടെ പോയിരുന്ന തീവണ്ടിയിലെ ഒരാൾ പോലും രക്ഷപെടാതെ എല്ലാവരും മരണത്തിനു കീഴങ്ങുകയും ചെയ്ത വലിയ ദുരന്തം.

അവധിക്കാലത്ത്‌ വിളിച്ചുവരുത്തി നല്‍കിയ ദൗത്യം വഴിത്തിരിവായിനടുവിലെ ലിഫ്റ്റ് ഒഴികെ പുർണമായും തകർന്ന പാലവും റോഡും പുനർനിർമ്മിക്കുക അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല. നാട്ടിൽ അവധി ആഘോഷിച്ചിരുന്ന ശ്രീധരനോട് തന്‍റെ മേലുദ്ധ്യോഗസ്ഥനായ ജിപി വാര്യർ അവധി കാൻസൽ ചെയ്ത് വരുവാൻ പറഞ്ഞു .

തിരിച്ചുവന്ന ആ മുപ്പത്തിരണ്ട് കാരനെ ആറ് മാസത്തെ സമയം നൽകി ധനുഷ്കോടിയിലേക്ക് പാമ്പൻ പാലത്തിന്‍റെ നിർമാണത്തിനായി പറഞ്ഞയക്കുമ്പോൾ വാര്യർസാർക്ക് അറിയാമായിരുന്നു ആ പ്രതിഭ അതിൽ വിജയിക്കും എന്ന്.

ആറ് മാസം സമയം പറഞ്ഞ പാമ്പൻ പാലം 46 ദിവസം കൊണ്ട് സാക്ഷാൽകരിക്കപ്പെടുകയും അതിൻ്റെ ഗുണ നിലവാരത്തിൽ യാതോരുകുറവും വരാതെ പുനർ നിർമ്മിക്കുകയും ചെയ്തത് ഈ എൻഞ്ചിനിയറുടെ വൈദഗ്ത്യമാണ് . ഈ ഒറ്റനിർമ്മാണം മഹാനായ നമ്മുടെ മെട്രോമാനെ രാജ്യത്തിനു പ്രിയപ്പെട്ടവനാക്കി.

കേന്ദ്രസർക്കാർ അദ്ദേഹത്തിനു പുരസ്കാരം നൽകി ആദരിച്ചു. പിന്നിട് പല നിർമ്മാണങ്ങളുടെയും ചുക്കാൻ രാജ്യം അദ്ദേഹത്തെ ഏൽപ്പിച്ചത് ഈ ഒറ്റ പ്രവർത്തിയുടെ ഫലമായാണ്. അദ്ദേഹത്തിൻ്റെ എൻഞ്ചിനിയറങ്ങ് വൈദഗ്ത്യം കൊണ്ട് രാജ്യത്തിനു ലഭിച്ച മഹത്തായ പല പ്രൊജക്റ്റളും ഉണ്ട്. ഒാരോന്നിലും അദ്ദേഹം ഉപയോഗിച്ച ടെക്നോളജിയും അർപ്പണ ബോധവും വാക്കുകൾക്ക് അതീതമാണ്.

അവയിൽ ചിലതാണ് കൊൽകത്ത മെട്രോയും 1979ലെ കൊച്ചിൻ ഷിപ്പിയാർഡും .1987 ല്‍ ചരിത്ര പ്രസിദ്ധമായ കൊങ്കൺ പാതകളും 1997ലെ ഡൽഹി മെട്രോയും അവസാനം നമ്മുടെ കൊച്ചിൻ മെട്രോയും ഒക്കെ. പദ്ധതി തുക ബജറ്റിനപ്പുറം കടക്കാതിരിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു . അതിനാലായിരുന്നു പറയുന്ന സമയത്തിനു മുന്‍പായി പദ്ധതി പൂര്‍ത്തിയാക്കുന്നത് .അദ്ദേഹത്തിൻ്റെ മഹത്തായ സംഭാവനകൾ മാനിച്ച് രാജ്യം പത്മശ്രീയും പത്മ വിഭുഷണും നൽകി ആദരിച്ചു. മെട്രോയുടെ വൻ വിജയത്തിനു കാരമായ അദ്ദേഹം "Metro Man" എന്നപേരിൽ അറിയപ്പെടുന്നു. മറ്റു അനവധി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

ഉന്നതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഈ മനുഷ്യന്‍റെ വിനയം അദ്ദേഹത്തെ പലരിൽനിന്നും വ്യത്യസ്തനാക്കുന്നു . പൊന്നാനി ചമ്രവട്ടം ജംഗ്ഷനു കുറച്ചകലെയുള്ള കുറ്റിക്കാട് എന്ന പ്രദേശത്ത് ഉള്ള വസതിയിൽ ഭാര്യ രാധയുമൊത്ത് വിശ്രമ ജീവിതം നയിക്കേണ്ട ഈ സമയത്തും പൊന്നാനി നഗരസഭ അടക്കം അനവധി തദ്ധേശ ഭരണ കൂടങ്ങളുടെയും പല ഉന്നത പദ്ധതികളുടെയും ഉപദേശകനായും ഈ ചുറുചുറുക്കുള്ള എൺപത്തിനാലുകാരൻ മാറുന്നു.

അങ്ങയുടെ വിജയത്തിനു പിന്നിൽ എന്താണ് എന്ന നമ്മുടെ ചോദ്യത്തിനു മുന്നിൽ "Cracks open the path for action seekers" എന്ന ഗീതാ വാക്യം ഉരുവിട്ട് അദ്ദേഹം വിനയാന്വിതനാകുന്നു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+