follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

മിനി സ്ക്രീനിലെ ദുഷ്ടയായ തെൻമല റോസി; പാവം ക്രൂരയായ കൊട്ടാരക്കര സ്വദേശിനി മായാ സുരേഷ്...!

കൊട്ടാരക്കര ഷാ » Posted : 29/08/2017

പരീത് പണ്ടാരിയിലെ റസിയയെ മലയാളി അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. വിവാഹശേഷം അപ്രതീക്ഷിതമായി അഭിനയരംഗത്തേക്ക് കടന്നു വന്ന മായ എന്ന അദ്ധ്യാപികയും, ബ്യൂട്ടീഷനുമായ വീട്ടമ്മക്ക് എല്ലാം ഒരു വിസ്മയം പോലെയാണ് ഇന്ന് തോന്നുന്നത്. അഭിനയമികവു കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സീരിയൽ രംഗത്തും അനിഷേധ്യ സാന്നിധ്യമായി മായാ സുരേഷ് മാറിക്കഴിഞ്ഞു.അതെ, ഫ്ലവേഴ്സ് ചാനലിന്റെ രാത്രിമഴയിലെ തെന്നല റോസി തന്നെ, മലയാള പരമ്പര ചരിത്ര ലോകത്തെ വില്ലത്തി കഥാപാത്രം....! ജീവിതത്തിൽ തനി പാവം കുടുംബിനിയായ മായ പറയുന്നത്, അതിനോരോന്നിനും ഓരോ സമയമുണ്ടെന്നാണ്. കാരണം, ഇത്രയും പെട്ടെന്ന് മലയാളികൾ ഇത്ര ദേഷ്യത്തോടെ കാണുന്ന ഒരു സിനിമാ സീരിയൽ താരമായി വളർന്നു വരാൻ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല.

പ്രിയപ്പെട്ട ഭർത്താവ് സുരേഷ് കുമാർ എല്ലാ കലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നുണ്ട്.
വർഷങ്ങളായി ബാംഗ്ലൂരിൽ ആയിരുന്ന മായ മകൾ ദേവികയുടെ ജനന ശേഷം ആണ് ജീവിത വിരസതയിൽ നിന്ന് മാറ്റം ആഗ്രഹിച്ച് ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ചതും നവമാദ്ധ്യമങ്ങളിൽ സജീവമായതും. ഒരു ഫേസ്ബുക്ക് കൂട്ടായ്മയിൽ മായയുടെ ചിത്രം കണ് പരീത് പണ്ടാരിയുടെ ഡയറക്ടർ ഗഫൂർ ഏലിയാസ് വിശ്വാസപൂർവ്വം റസിയയെന്ന കഥാപാത്രം മായയെ ഏല്പിക്കുകയായിരുന്നു. പരീത് പണ്ടാരിയുടെ വിജയത്തിനൊപ്പം മായയും ജനശ്രദ്ധ നേടുകയായിരുന്നു. തുടർന്ന് മണ്ണാങ്കട്ടയും കരിയിലയും മിത്ത് വളപ്പൊട്ടുകൾ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തി.ഇതിനിടയിൽ ജനശ്രദ്ധ നേടിയ സീരിയൽ കാലമായിരുന്നു മായയുടെ കരിയറിലെ ഏറ്റവും വലിയ പ്രത്യേകത. പുനർജ്ജനി, സ്ത്രീധനം, കൃഷ്ണത്തുളസി, അളിയൻ Vs അളിയൻ, ചേച്ചിയമ്മ, ചന്ദനമഴ, ഒരു സിൽമാക്കഥ, എന്ന് സ്വന്തം ജാനകിക്കുട്ടി, സീൻ കോണ്ട്രാ തുടങ്ങി പലപ്പോഴും സിനിമയിലേക്ക് മടങ്ങാനാവാത്ത വിധം സീരിയൽ രംഗത്തെ തിരക്കുള്ള താരമായി മാറി മായാ സുരേഷ്. ഇത്രയധികം സീരിയലുകൾ ചെയ്തെങ്കിലും എവിടെ വച്ചു കണ്ടാലും ഇപ്പോൾ തന്നെ ചന്ദനമഴയിലെ തെന്മല റോസിയായി ജനം തിരിച്ചറിയുന്നതിന്റെ സന്തോഷത്തിലാണ് മായ.കൊല്ലം കരിക്കം പാലവിള വീട്ടിൽ ജനാർദ്ദനൻ-ശാരദ ദമ്പതികളുടെ ഇളയ മകളായ മായ പഠനകാലത്ത് തന്നെ കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
വാളകം ആർ വി എച്ച് സ്ക്കൂളിലും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ ബിരുദാനന്തര ബിരുദ പഠന കാലതാതും ശാസ്ത്രീയ സംഗീതം, നാടകം, ടാബ്ലോ, പ്രച്ഛന്നവേഷം, ഒപ്പം ചിത്രരചനയിലും മികവ് തെളിയിച്ച ചരിത്രവും മായക്കുണ്ട്. സദാനന്ദപുരം ആശ്രാമം സ്ക്കൂൾ അദ്ധ്യാപികയായി ജോലി നോക്കുമ്പോൾ ആണ് ഇരുപത്തിമൂന്നാം വയസ്സിൽ അഞ്ചൽ സ്വദേശിയായ സുരേഷ് കുമാർ മായയെ വിവാഹം കഴിക്കുന്നതും ഹരിദ്വാറിൽ എത്തുന്നതും. പിന്നീട് ബാംഗ്ലൂരിൽ എത്തി സെറ്റിലാവുകയും ചെയ്തു. ഈ കാലമത്രയും അഭിനയം വലിയൊരു മോഹമായി മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും മകളുടെ ജനനത്തിനു ശേഷമാണ് അഭിനയ ജീവിതത്തിലേക്ക് കടക്കാൻ ആവുന്നതും ശ്രദ്ധേയയായി മാറുന്നതും. സഹോദരൻ മജു കരിക്കം വല്ല്യേട്ടൻ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലും ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വസ്ത്ര നിർമ്മാണ കയറ്റുമതി രംഗത്തെ സജീവ സാന്നിദ്ധ്യമായി ബാംഗ്ലൂരിൽ ഉള്ള മജു സിനിമകൾക്കായി ഫിനാൻസ് ചെയ്യുന്നുണ്ട്.

മറ്റൊരു വലിയ സന്തോഷം, ചെറിയൊരു സെലിബ്രിറ്റി ആയതുകൊണ്ട് തന്നെയാണ് തനിക്ക് ഇതിനിടയിൽ താനേറ്റവുമധികം ആരാധിക്കുന്ന സൂപ്പർ സ്റ്റാർ മോഹൻലാലിനെ അപ്രതീക്ഷിതമായി കാണാനും പരിചയപ്പെടാനും കഴിഞ്ഞത്. മലയാളത്തിനപ്പുറം തമിഴിലും തെലുങ്കിലും പുതിയ ഓഫറുകൾ വരുന്നുണ്ടെങ്കിലും ഒരു മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവുകയെന്നത് ഇപ്പോഴും മായയുടെ ഒരു സ്വപ്നമായി അവശേഷിക്കുന്നു. മഞ്ജു എന്ന മറ്റൊരു സഹോദരി കൂടിയുണ്ട് മായാ സുരേഷിന്.

ചുരുങ്ങിയ കാലം കൊണ്ട് ബാംഗ്ലൂരിൽ അറിയപ്പെടുന്ന ബ്യൂട്ടീഷ്യൻ ആയി മാറി മായാ സുരേഷും മായയുടെ ഡ്രീംസ് എന്ന സ്ഥാപനവും. ഭർത്താവ് സുരേഷിന് ഡൽഹിയിലേക്ക് ജോലി മാറ്റം വന്നതോടു കൂടി അഭിനയ സാദ്ധ്യതയും മകളുടെ വിദ്യാഭ്യാസവും മുൻനിർത്തി മകൾ ദേവികയ്ക്കൊപ്പം തിരുവനന്തപുരത്താണ് മായ ഇപ്പോൾ ഉള്ളത്.

കലാഭവൻ ഷാജോൺ നായകനാവുന്ന പരീത് പണ്ടാരിയിലെ ദുഷ്ടയായ റസിയ തുടങ്ങി ബൈജു ദേവരാജിന്റെ രാത്രിമഴയിലെ തെന്മല റോസിയെന്ന നെഗറ്റീവ് കഥാപാത്രത്തിൽ എത്തി നിൽക്കുന്ന അഭിനയ ജീവിതത്തിൽ താനേറ്റവും നന്ദിപൂർവ്വം ഓർക്കുന്നതും കടപ്പെട്ടിരിക്കുന്നതും ആദ്യ സംവിധായകനായ ഗഫൂർ ഏലിയാസിനോടാണ്. അതോടൊപ്പം തന്നെയുൾപ്പെടുത്തിയ എല്ലാ സംരംഭങ്ങളുടെയും അണിയറ പ്രവർത്തകർക്കും ഹൃദയപൂർവ്വം നെഞ്ചിലേറ്റിയ മലയാളി പ്രേക്ഷകർക്കും സർവ്വേശ്വരനോടും നന്ദി പറയാൻ മായ മറന്നില്ല.

നിലവിൽ കരാറൊപ്പിട്ടിരിക്കുന്ന നാലോളം സീരിയലുകളും പുറത്തിറങ്ങാനിരിക്കുന്ന സിനിമകളും പ്രേക്ഷകർ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച് തനിക്ക് ഇപ്പോൾ നൽകുന്ന പ്രോത്സാഹനം തുടരുമെന്നുള്ള പ്രതീക്ഷയിലാണ് മായാ സുരേഷ്.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+