follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

റിക്ഷാപ്പണിയും തോട്ടിപ്പണിയും ചെയ്തതാണോ നീ മകനെ IAS ആക്കാൻ പോകുന്നതെന്ന് നാട്ടുകാര്‍ കളിയാക്കി. ഒടുവില്‍ മകന്‍ IAS നേടിയെത്തിയപ്പോള്‍ വലിയൊരു സ്വീകരണമൊരുക്കിയവര്‍ പറഞ്ഞു, "ഇത് ഞങ്ങളുടെ മനസ്സറിഞ്ഞ പ്രായശ്ചിത്തമാണ്"

പ്രകാശ് നായര്‍ മേലില » Posted : 06/05/2017

ആറാം ക്ലാസിൽ പഠിക്കുമ്പോൾ സമ്പന്നനായ സഹപാഠിയുടെ അച്ഛൻ അവരുടെ വീട്ടിൽ നിന്ന് ഗോവിന്ദ് എന്ന പയ്യനെ കോളറിൽ പിടിച്ചു പുറത്താക്കിയിട്ട് താക്കീതു ചെയ്തു.." മേലിൽ എന്റെ വീട്ടിൽ കയറിയാൽ കാലു തല്ലി ഒടിക്കും. എന്റെ മോൻ ഉന്നതനിലയിൽ പോകാനുള്ളതാണ് .. നിന്നെപ്പോലെ ഒരു തെരുവുതെണ്ടിയല്ലവൻ."

ആരാണീ ഗോവിന്ദ് ? വാരണാസിയിൽ ഒരു സൈക്കിൾ റിക്ഷാ തൊഴിലാളിയായ നാരായണ ജെയിസ്വാളിന്റെ നാലുമക്കളിൽ ഏറ്റവും ഇളയവനായിരുന്നു ഗോവിന്ദ്. മൂത്തത് മൂന്നും പെണ്മക്കൾ. വാരണാസിയിലെ "അലയപുര" യിലായിരുന്നു താമസം. ഒരു ദരിദ്ര കുടുംബം...ഗോവിന്ദ് പഠിത്തത്തിൽ ഒന്നാമനായിരുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ക്യാൻസർ ബാധിച്ചു അമ്മ ഇന്ദു മരിക്കുന്നത്. അവരുടെ ചികിത്സക്കായി സ്വന്തം റിക്ഷവരെ അച്ഛൻ നാരായണ ജെയിസ്‌വാളിനു വിൽക്കേണ്ടിവന്നു. പിന്നീട് റിക്ഷ വാടക്കെടുത്തായിരുന്നു ഉപജീവനത്തിന് വക കണ്ടെത്തിയത്.

മൂന്നു മക്കളെയും വിവാഹം കഴിച്ചയച്ചു . ഭർത്താക്കന്മാരെല്ലാം ചെറിയ തൊഴിൽ ചെയ്തു ജീവിക്കുന്നവരായിരുന്നു. വിവാഹങ്ങൾക്കായി ഉണ്ടായിരുന്ന വസ്തു വിൽക്കുകയായിരുന്നു.

ഗോവിന്ദ്, ഹരീഷ്ചന്ദ്ര യൂണിവേഴ്സിറ്റി യിൽ നിന്ന് ഡിഗ്രി പാസ്സായ ശേഷം സിവിൽ സർവീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഇതിനായി ഒറ്റമുറിയും അടുക്കളയും മാത്രമുണ്ടായിരുന്ന വീടും വിറ്റു. കിടപ്പാടം വിറ്റു മകനെ പഠിപ്പിക്കുന്നതിൽ പെൺമക്കൾക്ക് എതിർപ്പു ണ്ടായിരുന്നു. എന്നാൽ ഗോവിന്ദന്റെ കഴിവിൽ വിശ്വാസമുണ്ടായി രുന്നു ആ പിതാവ് പിന്നെ മറ്റൊന്നും ആലോചിച്ചില്ല.പല ദിവസങ്ങൾ പട്ടിണികിടന്നും സുഹൃത്തുക്കളോട് കടം വാങ്ങിയുമാണ് അദ്ദേഹം മകനെ പഠിപ്പിച്ചത്. വിലകുറച്ചു കിട്ടിയിരുന്ന പഴയ പുസ്തകങ്ങളും ,പഴയ വസ്ത്രങ്ങളും അദ്ദേഹം മകനുവേണ്ടി സംഘടിപ്പിക്കുമായിരുന്നു.

വെളിപ്പിന് തുടങ്ങുന്ന സൈക്കിൾ റിക്ഷാ ചവുട്ട് രാത്രി ഇരുട്ടും വരെ അദ്ദേഹം തുടർന്നു. മുന്നിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. മകൻ ഒരു IAS കാരനാകണം. ഇക്കാര്യങ്ങളൊക്കെ പെണ്മക്കൾക്കും അറിയാമായിരുന്നു. അതുകൊണ്ടാണ് ഇതുവരെ പഠിച്ചത് വച്ച് ഒരു ജോലി സംഘടിപ്പിക്കാൻ അവർ ഉപദേശിച്ചത്.മൂത്ത സഹോദരി മമതയുടെ അഭിപ്രായത്തിൽ സിവിൽ സർവീസ് പഠനത്തിനായി ഗോവിന്ദ് ഡൽഹിയിൽ പോയശേഷം പണം സംഘടിപ്പിക്കാൻ അച്ഛൻ രാപ്പകലില്ലാതെ നടത്തിയ പരിശ്രമം കണ്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. റിക്ഷ കേടാകുമ്പോൾ കൂലിപ്പണിക്കും, റോഡ് പണിക്കും , ഓട വൃത്തിയാക്കുന്ന ജോലിക്കും വരെ അച്ഛൻ പോകുമായിരുന്നു. അസുഖം വന്നാലും വെറുതെയിരിക്കില്ല.

അക്കാലത്തൊക്കെ പലരും അച്ഛനെ കളിയാക്കിയിരുന്നു.. റിക്ഷാപ്പണിയും തോട്ടിപ്പണിയും ചെയ്തതാണോ നീ മകനെ IAS ആക്കാൻ പോകുന്നതെന്ന്.

മനസ്സ് മുറിപ്പെട്ടിരുന്നെങ്കിലും അച്ഛൻ ആരോടും ഒന്നും പറഞ്ഞിരുന്നി ല്ല.ഒരു പുഞ്ചിരിയിൽ എല്ലാമൊതുക്കുമായിരുന്നു. പഠനസമയത്തു ഗോവിന്ദും ഏറെ കഷ്ടപ്പെട്ടിരുന്നു. ആഹാരം ദിവസം ഒരു നേരമാക്കി അവൻ ചെലവ് ചുരുക്കി. ഒരു തവണ പോലും പുതുവസ്ത്രം അവൻ വാങ്ങിയിരുന്നില്ല.

ഡൽഹിയിലെ താമസക്കാലത്ത് അവൻ ചായയും ഉപേക്ഷിച്ചു. ഒരു ദിവസം 8 കി.മീറ്റർ വരെ നടന്നു പോകുമായിരുന്നു. മൂന്നു സഹോദരിമാരും ഭർത്താക്കന്മാരുടെ അനുവാദത്തോടെ മറ്റുള്ള വീടുകളിൽ അടുക്കള ജോലിക്കു പോയി അങ്ങനെ കിട്ടുന്ന പണവും ഗോവിന്ദിന് പഠനത്തിനായി അയച്ചു കൊടുത്തിരുന്നു.ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വാശി ഗോവിന്ദിനെ മുന്നോട്ടു തന്നെ നയിച്ചു. ആദ്യ അവസരത്തിൽ തന്നെ IAS പരീക്ഷ ജയിച്ചു. 48 മത്തെ റാങ്ക്. സ്വന്തം ആരോഗ്യം പോലും കളഞ്ഞു ചോര നീരാക്കി പകലും രാത്രിയെന്നുമില്ലാതെ കഠിനാധ്വാനം ചെയ്ത ഒരച്ഛന്റെയും മൂന്നു പെൺമക്കളുടെയും പ്രാർഥനയും പരിശ്രമവുമാണ് ഗോവിന്ദ് ജെയിസ്‌വാൾ എന്ന ഇന്നത്തെ IAS ഓഫീസർ.

2007 - IAS ബാച്ചുകാരനായ അദ്ദേഹം ഇപ്പോൾ ഗോവയിലെ ഉന്നതമായ മൂന്നു പദവികൾ അലങ്കരിക്കുന്നു. തുറമുഖ സെക്രട്ടറി , സ്കിൽ ഡെവലപ്പ്മെന്റ് സെക്രട്ടറി ,വിജിലൻസ് ഡയറക്ടർ എന്നീ പദവികളാണ് അദ്ദേഹം വഹിക്കുന്നത്. 2011 ൽ ചന്ദൻ എന്ന IPS ഉദ്യോഗസ്ഥയെ വിവാഹം കഴിച്ചു. ഇരുവരും ഇപ്പോൾ ഗോവയിലാണ്.ഒരു കാലത്ത് അവഗണയോടെ ആളുകൾ തിരസ്ക്കരിച്ച ഗോവിന്ദിനും പിതാവിനും 2007 ൽ അതിവിശാലമായ സ്വീകരണമാണ് വാരണാസിയിൽ ഒരുക്കിയത്. ഇത് ഞങ്ങളുടെ മനസ്സറിഞ്ഞ പ്രായശ്ചിത്തമാണെന്നു അന്ന് വാരണാസി MLA വേദിയിൽ പറഞ്ഞതും അതുകൊണ്ടു തന്നെയാണ്.

വാരണാസി ഇന്ന് ഈ മിടുക്കനായ സ്വപുത്രന്റെ പേരിൽ അഭിമാനം കൊള്ളുന്നു. പട്ടിണിയോടും പ്രാരാബ്ദത്തോടും പടവെട്ടി നേടിയ മാതൃകാപരമായ വിജയം യുവതലമുറക്ക് പ്രേരണയാണ്. MLA യുടെ വാക്കുകൾ നിറഞ്ഞ കരഘോഷത്തോടെ ജനങ്ങൾ അന്ന് സ്വീകരിച്ചു.

ഇന്ന് ജെയിസ്‌വാൾ കുടുംബം തികച്ചും സന്തുഷ്ടരാണ്. വാരണാസിയിൽ അച്ഛനും സഹോദരിമാർക്കുമായി ഒരു മൂന്നുനിലക്കെട്ടിടം ഗോവിന്ദ് പണിതിട്ടുണ്ട്. അവിടെയാണ് ഇപ്പോൾ എല്ലാവരും താമസിക്കുന്നത്.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+