follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

ഇരുകൈകളുമില്ലാതെ ജനിച്ച് "കാലക്ഷരങ്ങള്‍" കൊണ്ട് എഴുതിനേടിയത് 9 A+ ഉം ഒരു B+ ഉം ! കാല്‍വിരലുകള്‍കൊണ്ട് വരച്ചുതീര്‍ത്തത് ഇരുനൂറിലധികം വര്‍ണ്ണ ചിത്രങ്ങള്‍. പ്രവാസി മലയാളിയുടെ മകളായ ഈ കണ്‍മണി ജന്മവൈകല്യങ്ങളോട് പോരാടുന്നത് ഇങ്ങനെ

ന്യൂസ് ബ്യൂറോ, ആലപ്പുഴ » Posted : 06/05/2017

ആലപ്പുഴ: ഇരുകൈകളും ഇല്ലാത്ത കൊച്ചുമിടുക്കി കാലിലെ വിരലുകള്‍ക്കിടയില്‍ പേന ചേര്‍ത്ത് വച്ച് എസ് എസ് എല്‍ സി പരീക്ഷയെഴുതി നേടിയത് 9 A+ ഉം ഒരു B+ ഉം. അതും വടിവൊത്ത "കാലക്ഷരങ്ങള്‍" കൊണ്ട് ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള അധികസമയവും സഹായിയെയും വേണ്ടെന്നുവച്ച് മറ്റ്‌ കുട്ടികള്‍ക്കൊപ്പം അതേപോലെ എഴുതിയാണ് ഈ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നത്.

മാവേലിക്കര താമരക്കുളം വി വി എച്ച് എസ് എസിലെ വിദ്യാര്‍ഥിനിയായ മാവേലിക്കര തഴക്കര അറുനൂറ്റി മംഗലം അഷ്ടപതിയില്‍ ശശികുമാറിന്റെയും രേഖയുടെയും മകള്‍ കണ്‍മണിയാണ് ഈ അപൂര്‍വ്വ നേട്ടത്തിലൂടെ മലയാളക്കരയുടെ പ്രിയപ്പെട്ട കണ്‍മണിയായി മാറിയിരിക്കുന്നത്.വിദേശത്ത് പ്രവാസ ജീവിതം നയിക്കുകയാണ് ശശികുമാര്‍. ശശികുമാര്‍ - രേഖ ദമ്പതികള്‍ക്ക് ഏറെ കാത്തിരിപ്പിന് ശേഷമാണ് ആദ്യത്തെ കണ്മണി പിറന്നത്.

കാത്തിരുന്നു കിട്ടിയത് ഇരുകൈകളും ഇല്ലാത്ത വളര്‍ച്ചയെത്താത്ത പെണ്‍കുഞ്ഞിനെ. എന്നിട്ടും അവള്‍ ഭാഗ്യമാണെന്ന് ആ മാതാപിതാക്കള്‍ കരുതി. അവള്‍ക്ക് കണ്‍മണിയെന്നു പേരും നല്‍കി. പിന്നെ അവള്‍ക്ക് വേണ്ടിയായിരുന്നു ശശികുമാറിന്റെയും രേഖയുടെയും ജീവിതം.

ചെറുപ്പം മുതല്‍ സ്വന്തം കാര്യങ്ങള്‍ ആരുടേയും സഹായമില്ലാതെ ചെയ്യാന്‍ കണ്‍മണിയെ ശീലിപ്പിച്ചത് രേഖയാണ്. തന്നെത്താന്‍ കുളിച്ച് തലചീകി കണ്ണെഴുതി പൊട്ടുകുത്തും.

മകളെ അംഗവൈകല്യത്തിന്‍റെ പരിമിതികള്‍ അറിയിക്കാതെ വളര്‍ത്തുകയായിരുന്നു മാതാപിതാക്കള്‍ ഏറ്റെടുത്ത വെല്ലുവിളി. എന്നാല്‍ 5 വയസായ മകളെയും കൂട്ടി അവളെ സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ ലോകത്തിന്‍റെ കാഴ്ചപ്പാട് മറിച്ചാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

ഭിന്നശേഷിയുള്ള കുട്ടിയെ മറ്റ്‌ കുട്ടികള്‍ക്കൊപ്പം പഠിപ്പിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയാറായില്ല. കണ്‍മണിയെ ഭിന്നശേഷിക്കാരുടെ സ്കൂളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കളും തയാറായില്ല.

അതോടെ വീടിനടുത്തുള്ള ചെറുപുഷ്പം നേഴ്സറി സ്കൂളിലെ ലാലമ്മ ടീച്ചര്‍ കണ്‍മണിയുടെ അധ്യാപന ദൌത്യം ഏറ്റെടുത്തു. സ്വാധീന ശേഷിയുള്ള ഇടത് കാല്‍ വിരലുകള്‍ക്കിടയിലേക്ക് പെന്‍സില്‍ ചേര്‍ത്ത് വച്ച് കൊടുത്ത് സ്ലേറ്റില്‍ ആദ്യാക്ഷരങ്ങള്‍ എഴുതിച്ചത് ലാലമ്മ ടീച്ചറാണ്. നല്ല വടിവൊത്ത "കാലക്ഷരങ്ങളായി" അത് മാറി.അഞ്ചാം ക്ലാസ് മുതലാണ്‌ താമരക്കുളം വി വി എച്ച് എസ് എസില്‍ ചേര്‍ത്തത്. അതോടെ പഠനത്തിനൊപ്പം പാട്യേതര വിഷയങ്ങളിലും ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. വീട്ടില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍. ആദ്യമൊക്കെ സ്കൂട്ടറിനു മുന്നില്‍ ബെല്‍റ്റിട്ട് ഇരുത്തിയാണ്‌ രേഖ മകളെ സ്കൂളിലെത്തിച്ചത്.

ഒടുവില്‍ സ്കൂളിലെ അധ്യാപികയായ ബിന്ദു ടീച്ചര്‍ ഡ്രൈവിംഗ് പഠിച്ച് കണ്‍മണിയെ സ്കൂളില്‍ കൊണ്ടുപോയി തിരികെ കൊണ്ടുവരുന്ന ദൌത്യം ഏറ്റെടുത്തു. കണ്‍മണിയുടെ യാത്രാ ദുരിതം കണ്ടറിഞ്ഞ തഴക്കര പഞ്ചായത്ത് പ്രസിഡന്റിന്‍റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ചേര്‍ന്ന്‍ സ്വന്തമായി കാര്‍ വാങ്ങി നല്‍കിയത്.

ഇതിനിടെ സംഗീത പഠനം ആരംഭിച്ച കണ്‍മണി കഴിഞ്ഞ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ സംസ്കൃതം അഷ്ടപതി, ഗാനാലാപനം എന്നിവയില്‍ ഒന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജലശ്ചായം, എണ്ണശ്ചായം എന്നിവയില്‍ റവന്യൂ ജില്ലാ കലോത്സവത്തില്‍ ഒന്നാ൦ സ്ഥാനം നേടിയതും കാല്‍വിരലുകള്‍ കൊണ്ട് കലയൊരുക്കിയ ഈ കണ്‍മണിയായിരുന്നു. ജില്ലാ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ 4 തവണ തുടര്‍ച്ചയായി ഒന്നാം സ്ഥാനക്കാരിയായി.അതിനൊക്കെ അപ്പുറമാണ് കേരളത്തിലും വിദേശത്തുമായി മുന്നൂറിലധികം വേദികളില്‍ സംഗീത കച്ചേരി അവതരിപ്പിച്ച് ഈ മിടുക്കി ശ്രദ്ധേയയായി മാറിയത്.

ഇരുന്നൂറിലധികം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ കാല്‍ വിരലുകള്‍ കൊണ്ട് കണ്‍മണി രചിച്ചിട്ടുണ്ട്. മാവേലിക്കര രാജാ രവിവര്‍മ്മ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയിലെ പ്രൊഫ. ഉണ്ണികൃഷ്ണന്‍ മാഷാണ് കണ്‍മണിയെ ശാസ്ത്രീയമായി ചിത്രകല അഭ്യസിപ്പിക്കുന്നത്.

പ്രതിസന്ധികളിലൂടെ ജീവിത വിജയം നേടിയ പ്രതിഭകളുടെ ആത്മകഥകള്‍ വായിച്ചറിഞ്ഞ അറിവുകളാണ് കണ്‍മണിയുടെ പ്രചോദനം. ആന്‍ ഫ്രാങ്കിന്റെ ജീവിത കഥയും ഹെലന്‍ കെല്ലറുടെ അതിസാഹസികതയുമൊക്കെ അങ്ങനെ കണ്‍മണിയുടെ മനക്കരുത്തായി മാറി.

ആരെയും അതിശയിപ്പിക്കുന്ന പോരാട്ട വീര്യമാണ് ഈ 15 കാരിയുടെ മനക്കരുത്തിന്റെ കാതല്‍. ഏത് പ്രതിസന്ധികളെയും നേരിടാനുള്ള ഉള്‍ക്കരുത്ത് ഇപ്പോള്‍ തന്നെ കണ്‍മണിക്ക് വേണ്ടുവോളമുണ്ട്. കണ്‍മണിക്ക് ഒരു സഹോദരന്‍ കൂടിയുണ്ട്.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+