Advertisment

'മമ്മൂക്ക ആരെയും അദ്ദേഹം ശ്രദ്ധിക്കുന്നില്ല എന്നാണു നമ്മൾ കരുതുക. പക്ഷേ, സിനിമയിലെന്നപോലെ ജീവിതത്തിലും അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും' - 'അബ്രഹാമിന്റെ സന്തതികളി'ലെ പുതിയ താരോദയം രതീഷ്‌ കൃഷ്ണന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സിനിമ ഒരു മായിക ലോകമാണ്. പ്രായഭേദമെന്യേ അത് നമ്മെ നിരന്തരം മോഹിപ്പിച്ചു കൊണ്ടിരിക്കും. അതുകൊണ്ടാണ് ലോകത്തെ മുഴുവൻ ഒരു സ്ക്രീനിലേക്ക് ആവാഹിക്കാൻ അതിന്റെ പിന്നണി പ്രവർത്തകരായ ഒരുപറ്റം സ്വപ്ന ജീവികൾക്കു കഴിയുന്നത്. തിയേറ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നതു തന്നെ അങ്ങനെയാണല്ലോ.

അബോധാവസ്ഥയിൽ ഇരിട്ടുനിറഞ്ഞ കാഴ്ചപ്പാടിൽ നമ്മെ മറ്റൊരു ലോകത്തിലേക്ക് കൈപിടിച്ചാനയിക്കുന്നതാണ് സ്വപ്നമെങ്കിൽ അതെ പാതയിൽ നമ്മുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കാൻ കെൽപ്പുള്ളൊരു മാധ്യമമായി സിനിമ മാറിയതും ഇത്തരം ചിന്താഗതികളുടെ സുന്ദരമായ പ്രതിഫലനമാണ്.

അതിരുകളില്ലാതെ സ്വപ്നം കാണുന്നവനെ നിരന്തരം മോഹോപ്പിച്ചു കൊണ്ടിരിക്കുന്ന ആ ഇരുണ്ട മുറിയിലെ വലിയ സ്‌ക്രീനിൽ എത്രയോ പ്രതിഭകൾ ജീവിക്കുന്നു, വളരാൻ ആഗ്രഹിക്കുന്നു, മിന്നിമറഞ്ഞിരിക്കുന്നു. ഇതൊക്കെയും കാലചക്രത്തിനൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ്.

പക്ഷെ ഇപ്പോഴും ഈ കലാരൂപത്തോടുള്ള അഭിനിവേശം കൂടുകയല്ലാതെ തെല്ലും ചോർന്നതായി നാം കേട്ടിട്ടുണ്ടാവില്ല. അതിനൊരു ഉദാഹരണമാണ് യുവനടനായ രതീഷ് കൃഷ്ണന്റെ ജീവിതം. അബ്രഹാമിന്റെ സന്തതികളിലൂടെ മികച്ചൊരു തുടക്കം ലഭിച്ച ആ നടനെ കൂടുതൽ അറിയുമ്പോൾ മുൻപ് പറഞ്ഞവയൊക്കെ നൂറു ശതമാനം യാഥാർഥ്യവുമായി ചേർന്ന് നിൽക്കുന്നവയാണെന്നു മനസിലാക്കാം.

publive-image

എങ്ങനെയാണ് അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയിലേക്ക് എത്തിപ്പെടുന്നത് ?

എന്റെ കാര്യത്തിൽ ഒരുപാടു ഉത്തരങ്ങൾ മറഞ്ഞിരിക്കുന്നൊരു ചോദ്യമാണത്. അതുകൊണ്ടുതന്നെ ഒറ്റവാക്കിൽ ഉത്തരം പറയുക എന്നത് ശ്രമകരമാണ്. മമ്മൂക്കയുമായുള്ള ചെറിയ ഒരു വാട്സ്അപ് സൗഹൃദം ആണ് നിമയിലേക്കുള്ള എന്റെ വാതിൽ തുറന്നത്. മുത്തുഗൗവിൽ ഒരു വേഷം ചെയ്ത്നിൽക്കുകയായിരുന്നു ഞാൻ. ദീർഘ കാലമായുള്ള മ്മൂക്കയുമൊത്തുള്ള ചെറിയ ചെറിയ സംഭാഷണങ്ങളിൽ, ഞാൻ അഭിനയിച്ച ഷോർട്ഫിലിമുകളും മിമിക്രി വിഡിയോസും അടക്കം ഞാൻ അദ്ദേഹത്തിന്അയച്ചു കൊടുത്തിരുന്നു.

ഒരുദിവസം അപ്രതീക്ഷിതമായി പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിക്കുകയായിരുന്നു. പുതിയതായി ചിത്രീകരണം ആരംഭിക്കുന്ന ഒരു ചിത്രത്തിലേക്ക് അദ്ദേഹം മമ്മുക്കയുടെ നിർദേശമനുസരിച്ചു എന്നെ ക്ഷണിച്ചു. ശരിക്കും ആ നിമിഷങ്ങൾ എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അതൊക്കെ ഇക്ക കാണുന്നുണ്ടായിരുന്നു എന്ന് അറിഞ്ഞപ്പോള്‍.. സത്യത്തില്‍ എനിക്ക് കുറച്ച്‌ നാളത്തേയ്ക്ക് ഉറക്കം തന്നെ നഷ്ടപ്പെട്ടിരുന്നു. എല്ലാം സംഭവിക്കേണ്ടതുഅതിന്റെ സമയത്തു നടക്കുമെന്ന് വിശ്വസിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നൊരാളാണ് ഞാൻ. സിനിമ ഒരുപാട് മോഹിപ്പിച്ചപ്പോഴും ഇത്തരത്തിലൊരു നല്ല തുടക്കം വിദൂര സ്വപ്നം മാത്രമായിരുന്നു.

മമ്മൂക്കയെപ്പോലൊരു മഹാനടനൊപ്പമുള്ള തുടക്കം ശരിക്കും ഒരു ഭാഗ്യമല്ലേ ?

തീർച്ചയായും. നമ്മൾ വിചാരിക്കുന്നതിനേക്കാൾ ആഴവും പരപ്പും ഏറെയുള്ളൊരു വ്യക്തിത്വമാണ് മമ്മുക്ക. പലപ്പോഴും എന്റെയൊക്കെ ചിന്തകളുടെ അപ്പുറത്താണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഞാൻ പലപ്പോഴും ആലോചിക്കും ഇത്ര ഉയരത്തിലുള്ളൊരാൾക്കു മറ്റുള്ളവരുടെ കാര്യങ്ങളിൽ കരുതലും ശ്രദ്ധയും കൊടുക്കാൻ എങ്ങനെ കഴിയുമെന്ന്. ആരെയും അദ്ദേഹം ശ്രദ്ധിക്കുന്നില്ല എന്നാണു നമ്മൾ ഓർക്കുക. പക്ഷെ അദ്ദേഹം നമ്മെ അനുദിനം വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. അഭിനയത്തിലെന്നപോലെ ജീവിതത്തിലും ഒരു മജീഷ്യനാണ് മമ്മുക്ക.

publive-image

ആദ്യ ചിത്രം തന്നെ ഇത്രത്തോളംശ്രദ്ധിക്കപ്പെടുമെന്നു കരുതിയിരുന്നോ ?

ഇല്ല. ഈ സിനിമയുടെ ആദ്യ നിമിഷം മുതൽ ആകാംക്ഷയുടെ ഉന്നതിയിൽ നിന്നൊരു പ്രേക്ഷകനാണ് ഞാൻ. വളരെ അത്ഭുതകരമായാണ് എന്നെ ഇതിലേക്ക് ക്ഷണിക്കുന്നത്. അന്നുമുതൽ ഇന്നുവരെ ഞാൻ ഒരു മായിക ലോകത്തെത്തിയതു പോലെ ആസ്വദിക്കുകയാണ്. അതിനിടയിൽ വിജയപരാജയങ്ങൾ എന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ടിട്ടില്ല . കാരണം ഇതൊരു വിജയ ചിത്രമായിരിക്കുമെന്ന് പ്രേക്ഷകർപ്പോലും കണ്ണുമടച്ചു വിശ്വസിച്ചാണ് തിയേറ്ററിലേക്ക് വന്നത്. അതിനു കാരണക്കാർ മൂന്നുപേരാണ്. മമ്മൂക്ക, ഷാജിപാടൂർ, ഹനീഫ് അഥേനി.

ഈ ടീമിനെപ്പറ്റി?

ഞാനെന്തു പറയാനാണ്. ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ഒന്നും പറയാനില്ല. അത്രയ്ക്ക് മികച്ചൊരു യൂണിറ്റായിരുന്നു. അല്ല ഒരു കുടുംബമായിരുന്നു. ഇവരെപ്പറ്റിയൊക്കെ എന്നേക്കാൾ നന്നായിട്ടറിയാവുന്നവരാണ് നിങ്ങളൊക്കെ. എങ്കിലും എല്ലാവരുടെയും സപ്പേർട്ട് വളരെ വലുതായിരുന്നു. നമ്മൾ രക്ഷപ്പെടണമെന്ന് ഇവരൊക്കെ അൽമാർത്ഥമായി ആഗ്രഹിക്കുന്നുണ്ടന്നു അവരുടെ ഇടപെടലിൽ നിന്നു തന്നെ മനസിലാകും.

നിർമാതാവ് ജോബിച്ചായനൊക്കെ അത്രയ്ക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. സ്റ്റണ്ടിലെ മാഫിയ ശശിയെന്നു വിളിക്കുന്ന ശശിയേട്ടൻ സംഘട്ടന രംഗങ്ങളിലൊക്കെ വളരെ ക്ഷമയോടെ അദ്ദേഹം പെരുമാറി. പിന്നെ കൺട്രോളർ AD ശ്രീകുമാര്‍ ചേട്ടന്‍ , ക്യാമറാമാൻ ആൽബിച്ചേട്ടൻ ,അസ്സോസിയേറ്റ് ഡയറക്ടർ ശ്യാമന്തക്, കോസ്റ്റും ഡിസൈനർ വീണ, Art Director സന്തോഷ് രാമൻ ചേട്ടൻ ,എനിക്കൊപ്പം അഭിനയിച്ച മാക്ബുലും അനൂപേട്ടനും പിന്നെ അൻസൺ. എല്ലാവരും ഒരുപാട്സഹായിച്ചു. എന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനവും ഇതൊക്കെ തന്നെയാണ്.

publive-image

മുൻപ് ചില തിരിച്ചടികൾ ഉണ്ടായി എന്ന് കേട്ടിരുന്നു. എങ്ങനെയാണ് അവയൊക്കെ മറികടന്നത്?

സിനിമ സൗഭാഗ്യങ്ങളുടെ കാലവറയെന്ന പൊതുവിലുള്ള മിഥ്യധാരണയായിരുന്നു ഒരുകാലം മുൻപുവരെ എനിക്കും. അതിനുമാറ്റമുണ്ടായത് ഇപ്പറഞ്ഞ സമയത്താണ്. അന്ന് സൗഹൃദം നടിച്ചു നല്ലൊരുതുക ഒരാൾ കബളിപ്പിച്ചെടുത്തു. എന്റെ ആത്മാർത്ഥമായ കൂട്ടുകെട്ടുപോലും ദുരുപയോഗിക്കപ്പെട്ടു. എനിക്കിന്നത്തെപ്പോലെ അന്ന് പരിചയങ്ങളൊന്നുമില്ല. വളരെ വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്. പിന്നീട് പ്രതീക്ഷിക്കാത്ത സംഭവങ്ങളുടെ തുടർച്ചയായിരുന്നു. ആ ഷോക്കിൽ മുഖത്തിന്റ ഒരുവശം തളർന്നുപോയി. ഒരുപാട് സമയമെടുത്തു എല്ലാം പഴയ നിലയത്തിലാകാൻ. ഇപ്പോഴും ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്തതാണ് ഇതൊക്കെയും.

ഇങ്ങനെ ഒരു തിരിച്ചു വരവിനു പ്രജോതനമായത് എന്താണ് ?

എന്നും എന്നെ പ്രജോദിപ്പിക്കുന്നതു എന്റെ സ്വപ്‌നങ്ങൾ തന്നെയാണ്. ഉള്ളതു പറഞ്ഞാൽ ഒരു സ്വപ്നജീവി. സിനിമയിൽ മമ്മൂക്ക എന്നെ ഇൻട്രൊഡ്യൂസ് ചെയ്യുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. അത് ഞാൻ അദ്ദേഹത്തോടു പറഞ്ഞപ്പോൾ നിഗൂഢതകൾ ഒളിപ്പിച്ച ഒരു പുഞ്ചിരിയായിരുന്നു മറുപടി. പക്ഷെ യഥാർത്ഥത്തിൽ അതുതന്നെയല്ലേ സംഭവിച്ചത് ? ഇതുപോലെ പലതും പൂർത്തിയായിരിക്കുന്ന രണ്ടു തിരക്കഥകൾ സഹിതം രൂപപ്പെടുത്തിയെടുക്കാൻ സ്വപ്‌നങ്ങൾ എന്നെ കയ്യഴിഞ്ഞു സഹായിച്ചിട്ടുണ്ട്.

ആദ്യ ചിത്രം ?

ആദ്യ ചിത്രം മുത്തുഗൗ ആണ്. ഫ്രൈഡേ ഫിലിംസിലെ വിജയേട്ടനാണ് ആ അവസരം തന്നത്. അതിനു ശേഷം സുഹൃത്ത് സഞ്ജു ഉണ്ണിത്താന്റെ ആഭാസത്തിൽ അഭിനയിച്ചു. പിന്നീട് ഫ്രൈഡേയുടെ തന്നെ ആട് 2 വിൽ ഒരു ചെറിയവേഷം ചെയ്തിരുന്നു. എങ്കിലും ഒരു അഭിനേതാവെന്ന നിലയിൽ ലഭിച്ച ഐഡന്റിറ്റി ഉള്ള വേഷം അബ്രഹാമിന്റെ സന്തതികളിലെ സൽമാൻ ആയിരുന്നു. അതിനു കാരണം മമ്മൂക്കയാണ്.

publive-image

സിനിമ റിലീസായശേഷമുള്ള പ്രതികരണങ്ങളിൽ തൃപ്തനാണോ ? കുടുംബത്തിൽ നിന്നുള്ള പിന്തുണ ?

മമ്മൂക്കയെ അറ്റാക്ക് ചെയ്യുന്ന സീനുകളൊക്കെ ഉണ്ട് അബ്രഹാമിൽ. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രതികരണം ഞാൻ കാത്തിരുന്നു. ഞാൻ ഈ സിനിമക്കു വേണ്ടി ജോലി ഉപേക്ഷിച്ച ആളാണ്. ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനിയർ ആയിരുന്നു. ഷൂട്ടിങ്ങിനു ലീവ് തടസമായി വന്നപ്പോൾ ജോലി ഉപേക്ഷിച്ചു. കാരണം എല്ലായ്പ്പോളും ഫസ്റ്റ്ഓപ്ഷൻ സിനിമയാണ്. ആ സമയത്തൊക്കെ ഭാര്യ രഞ്ജു തന്ന ആത്മവിശ്വാസം വളരെ വലുതാണ്.

ഞാൻ ഒരു നടനാകണമെന്ന് എന്നേക്കാൾ ആഗ്രഹിച്ചൊരു വ്യക്തി എന്റെ അച്ഛനാണ്. ഇവരൊക്കെ കൂടെയുള്ളതു തന്നെയാണ് ഇപ്പോഴും കരുത്ത്. ഇപ്പോൾ ട്രോളന്മാർ പോലും ഏറ്റെടുത്തതാണ് പുതിയവാർത്ത. ഞാൻ എല്ലാം പോസിറ്റീവായി ചിന്തിക്കുന്ന ആളായതു കൊണ്ടുതന്നെ ഈ ചിത്രത്തിലെ വേഷത്തിനു കിട്ടിയ സ്വീകാര്യത എനിക്ക് ഇതിലൂടെയൊക്കെ മനസിലാകും.

 

തകർച്ചയുടെ പഴയ ഓർമ്മകൾക്കിടയിലും എത്രമാത്രം താൻ സിനിമയെ സ്നേഹിക്കുന്നു എന്നത് രതീഷിന്റെ വാക്കുകളിൽനിന്നു തന്നെ നമുക്ക് മനസിലാകും. പണ്ട് ആരോ പറഞ്ഞത് ഓർക്കുകയാണ്. വീഴുന്നതല്ല വീണിടത്തു നിന്നും എഴുന്നേൽക്കാൻ ശ്രമിക്കാത്തതാണ് പരാജയമെന്നത്.

നിരവധി ഹ്രസ്വ ചിത്രങ്ങളിലും മിമിക്രി വേദികളിലും സജീവമായി പ്രവർത്തിക്കുന്ന ഇപ്പോൾ സിനിമയിൽ എത്തി നിൽക്കുന്ന രതീഷ്കൃഷ്ണനെന്ന യുവാവ് വീണിടത്തുനിന്നു എഴുന്നേൽക്കാൻ ശ്രമിച്ചു. അതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. ഈ അവസരത്തിൽ ഒന്നേ പറയുവാനുള്ളു, ഭാവുകങ്ങൾ സഹോദരാ... ഇതിലും മികച്ച നാളെകൾ നിങ്ങളുടെ ജീവിതം ഇനിയും മാറ്റിമറിക്കട്ടെ...

Advertisment