Advertisment

മലയോരത്തെ ദുർഘട വഴികളിൽ വെളിച്ചമെത്തിക്കാൻ പ്രവർത്തിച്ച സി സി നാണുസർവീസിൽ നിന്നും വിരമിക്കുന്നു

New Update

മണ്ണാർക്കാട്: പ്രകാശമില്ലാതെ പരാധീനതകളുടെ ഇരുളിലായിരുന്ന മൂന്നേക്കർ-മരുതുംകാട് വനമേഖലയിൽ വെളിച്ചമെത്തിക്കുന്നതിൽ അനല്പമായ പങ്കുവഹിച്ച കെ.എസ്.ഇ.ബി തച്ചമ്പാറ സെക്ഷൻ ഗ്രേഡ് ഓവർസീയർ സി.സി.നാണു സർവീസിൽ നിന്നും വിരമിക്കുന്നു.

Advertisment

publive-image

അവികസിതമായിരുന്ന മലനാട്ടിൽ വെളിച്ചമെത്തിച്ചതിലും തന്റെ കർത്തവ്യ നിർവഹണത്തിൽ ശുഷ്കാന്തി പുലർത്തിയ ഒരാൾ എന്ന നിലയിലും സർക്കാർ സർവ്വീസിനോട് വിടപറയുമ്പോൾ അത് മരുതുംകാട്, മൂന്നേക്കർ ഗ്രാമവാസികൾക്ക് ഒരു തീരാ നഷ്ടമെന്നുതന്നെയാണ് വിലയിരുത്തൽ.

കല്ലടിക്കോടൻ മലയുടെ താഴ്‌വാരങ്ങളിൽ കാട് മൂടിയ വഴികളിൽ മണ്ണെണ്ണ വിളക്കിന്‍റെ വെട്ടത്തില്‍ നിന്നും വൈദ്യുതിയുടെ വെള്ളിവെളിച്ചത്തിലേക്കു മിഴിനീട്ടിയതിൽ ഈ നിസ്വാർത്ഥ സേവകനും

ഭാഗഭാക്കായിട്ടുണ്ട്.

കാട്ടു വഴികളിൽ ആദ്യവെളിച്ചമെത്തിയ ആ ദിനത്തിന്‍റെ ഓര്‍മകള്‍ക്ക് മൂന്നേക്കറിലെ പഴമക്കാര്‍ക്കിടയില്‍ ഇന്നും ഹൈമാസ്‌ വിളക്കിന്റെ തിളക്കമാണ്. വൈദ്യുതി വരുന്നതിനു മുന്‍പ് കാട്ടുപ്രദേശത്ത് വെളിച്ചമേകിയിരുന്നത് ഗ്യാസ് ലൈറ്റുകളും മണ്ണെണ്ണ വിളക്കുകളുമായിരുന്നു. ആ നൂറു കണക്കിന് മണ്ണെണ്ണ വിളക്കുകള്‍ പിന്നീട് ഓര്‍മകളിലേക്ക് കണ്ണടച്ചു.

അന്തിമയങ്ങുന്നതിനു മുന്‍പ് വിളക്കുമരത്തില്‍ ഏണിചാരി മണ്ണെണ്ണയൊഴിച്ച് തിരികൊളുത്തിയിരുന്ന നാളുകള്‍ വാര്‍ധക്യം ബാധിച്ച പലരും ഓർമിക്കുന്നുണ്ടാകണം. എന്നാൽ മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതിയിലൂടെ വികാസം വന്ന നാട് ഇപ്പോൾ പൂര്‍ണമായും വെളിച്ചമറിഞ്ഞു.

മാത്രമല്ല മീൻവല്ലം പദ്ധതി ഒരു ദേശത്തിന് പ്രകാശഗോപുരമാവുകയും ചെയ്തു.ദീർഘകാലത്തെ സേവനത്തിനുശേഷമാണ് കരിമ്പ ചൂരക്കാട് തെക്കേക്കര സി.സി നാണു സർവ്വീസിൽനിന്നും വിരമിക്കുന്നത്. ഒരു സർക്കാർ ജീവനക്കാരൻ എന്നതിലുപരി, ജനസേവകനെന്ന നിലയിൽ ഇദ്ദേഹം ഈ നാടിനു പ്രിയപ്പെട്ടവനാണ്.

പതിറ്റാണ്ടുകൾക്ക് മുൻപ് ഗതാഗതയോഗ്യമായ റോഡുകൾ പോലും സാധ്യമല്ലാതിരുന്നകാലം മുതൽക്കേ ലൈൻമാൻ എന്ന വിശേഷണത്തോടെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് ഈ മലയോര ഗ്രാമത്തിൻ്റ അവിഭാജ്യ ഘടകമായിമാറിയതിനാൽ നാട്ടുകാർ നാണുവിന്‌ സമുചിതമായ യാത്രയയപ്പ് നൽകുകയാണ്.

പ്രവൃത്തിയിലെ ആത്മാർഥത കൊണ്ട് ജനകീയനായി മാറിയ നാണുവിന്‌ജനുവരി- 3 ഞായറാഴ്ച വൈകുന്നേരം 5 -ന് മൂന്നേക്കർ സെൻ്ററിൽ വച്ചാണ് മരുതും കാട് പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരിക്കുന്നത്.

ചുളളിയാംകുളം തിരുക്കുടുംബ ദേവാലയ വികാരി റവ.ഫാ.ജോബിൻ മേലേമുറിയുടെ അധ്യക്ഷതയിൽ ചേരുന്ന അനുമോദന സദസ്സിൽ ജനപ്രതിനിധികളും വിവിധ സംഘടന പ്രവർത്തകരും പങ്കെടുക്കും.

Advertisment