Advertisment

തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയത് അഞ്ചു നേതാക്കള്‍ ! എ ഗ്രൂപ്പില്‍ പാലോട് രവിയും തമ്പാനൂര്‍ രവിയും സ്ഥാനാര്‍ത്ഥികളെ പങ്കിട്ടപ്പോള്‍ ഐ ഗ്രൂപ്പില്‍ ആ ദൗത്യം ഏറ്റെടുത്തത് ശിവകുമാറും ശരത്ചന്ദ്ര പ്രസാദും കരകുളവും. വാര്‍ഡിന്റെ അതിര്‍ത്തിപോലും അറിയാത്ത സ്ഥാനാര്‍ത്ഥികള്‍ വോട്ടു പിടിക്കാനിറങ്ങി കുടുങ്ങി ! കോണ്‍ഗ്രസിന്റെ പതാക തലതിരിച്ചു പിടിച്ചു നടന്നവര്‍ പോലും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കയറിക്കൂടിയത് നേതാക്കളുടെ പരിഗണനയില്‍. തോറ്റപ്പോള്‍ ഉത്തരവാദിത്വമേറ്റെടുക്കാതെ നേതാക്കള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: തലസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കാതെ മുതിര്‍ന്ന നേതാക്കള്‍. ഗ്രൂപ്പു വ്യത്യാസമില്ലാതെ നേതാക്കള്‍ തങ്ങളുടെ താല്‍പ്പര്യം മാത്രം നോക്കിയതാണ് ഇത്ര വലിയ പരാജയം ജില്ലയില്‍ കോണ്‍ഗ്രസിനുണ്ടാക്കിയതെന്നാണ് പ്രവര്‍ത്തകരുടെ വികാരം.

നേരത്തെ മാന്യമായ രീതിയില്‍ അംഗങ്ങളുമായി മൂന്നാം സ്ഥാനത്തായിരുന്നു തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ്. എന്നാല്‍ ഇക്കുറി അതു നാണം കെട്ട നമ്പരിലേക്ക് താന്നു. പക്ഷേ ഇതിനുത്തരവാദികളാരെന്നു ചോദിച്ചാല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയവര്‍ കൈയ്യൊഴിയുകയാണ്.

നേരത്തെ കോര്‍പറേഷനിലേക്കും മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ചില മാനദണ്ഡങ്ങള്‍ കെപിസിസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് അതെല്ലാം കാറ്റില്‍ പറത്തിയായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയം.

സീറ്റുകള്‍ എ,ഐ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ വീതം വച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് നേതാക്കള്‍ ഏറ്റെടുത്തു. ഡിസിസിയെ നോക്കുകുത്തിയാക്കിയായിരുന്നു സീറ്റ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്.

അതത് വാര്‍ഡുകളുടെ അതിര്‍ത്തിപോലും അറിയാത്തവര്‍ സ്ഥാനാര്‍ത്ഥികളായി. നേതാക്കളുടെ സില്‍ബന്ധിയെന്ന പരിഗണന മാത്രമായിരുന്നു പ്രധാന മാനദണ്ഡം. ഇതോടെ പാര്‍ട്ടി പതാക നേരെ പിടിക്കാനറിയാത്തവര്‍ വരെ സ്ഥാനാര്‍ത്ഥികളായി.

എ ഗ്രൂപ്പിലെ സീറ്റുകള്‍ തമ്പാനൂര്‍ രവിയും പാലോട് രവിയും തങ്ങളുടെ ആളുകള്‍ക്കായി വീതം വച്ചപ്പോള്‍ ഐ ഗ്രൂപ്പില്‍ ആ ദൗത്യം വിഎസ് ശിവകുമാറും, കരകുളം കൃഷ്ണപിള്ളയും ടി ശരത്ചന്ദ്ര പ്രസാദും ഏറ്റെടുത്തു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ ഡിസിസി ഓഫീസില്‍ കയ്യേറ്റവും തെറിവിളിയും നടന്നത് വിവാദമായിരുന്നു. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച പല നേതാക്കളെയും മാറ്റി നിര്‍ത്തിയതും വിവാദമായിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്‍ അപാകതകള്‍ സംഭവിച്ചതായും ഇത് വന്‍ തിരിച്ചടി നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ മുന്‍കൂട്ടി നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ തിരിച്ചടി സംഭവിച്ചപ്പോള്‍, വീതം വയ്പ്പിന് നേതൃത്വം നല്‍കിയവരെല്ലാം കൈയ്യൊഴിയുകയും ഉത്തരവാദിത്തം നെയ്യാറ്റിന്‍കര സനലിന് മേല്‍ കെട്ടിവയ്ക്കാന്‍ നീക്കം നടത്തുകയുമാണ്.

 

Advertisment