ഹാൻഡ് ബ്രേക്ക് ഇടാതെ മകൻ കാറിൽ നിന്നിറങ്ങി: പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

യാത്ര പോകാനിറങ്ങിയ മകൻ ഷിജിൻ കെ. തോമസ് കാറിൽ കയറിയ ശേഷം ഗേറ്റ് തുറക്കാനായി അമ്മ അന്നമ്മ വീടിന്റെ മുൻവശത്തേക്ക് പോയിരുന്നു

New Update
housewife

കോട്ടയം: ഹാൻഡ് ബ്രേക്ക് ഇടാതെ മകൻ കാറിൽ നിന്നിറങ്ങിയതിനെ തുടർന്ന് പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. 

Advertisment

കോട്ടയം മീനടം നാരകത്തോട് കുറ്റിക്കൽ വീട്ടിൽ അന്നമ്മ തോമസ് (53) ആണ് മരിച്ചത്. അമ്മയും മകനും കാറിനടിയിൽപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. 

യാത്ര പോകാനിറങ്ങിയ മകൻ ഷിജിൻ കെ. തോമസ് കാറിൽ കയറിയ ശേഷം ഗേറ്റ് തുറക്കാനായി അമ്മ അന്നമ്മ വീടിന്റെ മുൻവശത്തേക്ക് പോയിരുന്നു.

ഇതിനിടെ അമ്മയെ സഹായിക്കാനായി മകൻ ഷിജിനും പുറത്തിറങ്ങി ഗേറ്റിനടുത്തേക്ക് പോയി. എന്നാൽ, കാറിന്റെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതോടെ കാർ പിന്നോട്ട് അതിവേഗം ഉരുണ്ടു നീങ്ങുകയായിരുന്നു.

പിന്നോട്ട് ഉരുണ്ട കാറിനടിയിൽപ്പെട്ട് അന്നമ്മയ്ക്കും മകൻ ഷിജിനും പരുക്കേറ്റു. കാർ ഉയർത്തി മാറ്റിയാണ് ഇരുവരേയും പുറത്തെടുത്തത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment