/sathyam/media/media_files/2025/11/02/1248829-kotta-2025-11-02-10-55-35.webp)
കോട്ടയം: തദ്ദേശ തെഞ്ഞെടുപ്പില്‍ ഇക്കുറി കോട്ടയം നഗരസഭയില്‍ തീപാറും പോരാട്ടം.. അഴിമതിയും കെടുകാര്യസ്ഥതയും ജീവനക്കാരുടെ തട്ടിപ്പും കാരണം വിവാദങ്ങള്‍ നിറഞ്ഞ അഞ്ചു വര്‍ഷക്കാലമാണ് കടന്നു പോകുന്നത്.
വികസനങ്ങൾ ഒന്നും നടപ്പാക്കാനും കഴിഞ്ഞില്ല. ഭരണസമിതിക്കെതിരെ ഇടതുപക്ഷം മൂന്നു തവണ അവിശ്വസാം കൊണ്ടുവന്നെങ്കിലും പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. 52 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 22 ഉം എല്‍ഡിഎഫിന് 22 കൗണ്‍സിലര്‍മാരാണ് ഉള്ളത്.
നഗരസഭയിലെ ഭരണ സ്തംഭനം ആരോപിച്ച് 2021 ലാണ് സിപിഎം ആദ്യ അവിശ്വാസ പ്രമേയം കോട്ടയം നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിനെതിരെ കൊണ്ടുവരുന്നത്.
അവിശ്വാസ പ്രമേയം പാസായി എങ്കിലും വോട്ടെടുപ്പില്‍ ഭാഗ്യം തുണച്ചത് യുഡിഎഫിന്റെ ബിന്‍സി സെബാസ്റ്റ്യനെ തന്നെ.
നഗരസഭയിലെ ബിജെപി ഇടതുപക്ഷ കൂട്ടുകെട്ട് കോണ്‍ഗ്രസിന് ആയുധവുമായി.. ഒരു നഗരസഭ കൗണ്‍സിലറിന്റെ മരണത്തിന് പിന്നാലെയാണ് രണ്ടാമത്തെ അവിശ്വാസ പ്രമേയം..
ആരുടെയും ഭരണ നേട്ടത്തിന് കൂട്ടുനില്‍ക്കാന്‍ ഇല്ലെന്ന് പറഞ്ഞ ബിജെപി മാറിയതോടെ അവിശ്വാസ പ്രമേയം പാസായില്ല. മൂന്നാമത്തെ അവിശ്വാസപ്രമേയത്തിലും ബിജെപി നിലപാട് തുടര്‍ന്നതോടെ അവിശ്വാസം പരാജയപ്പെട്ടു.
ഇക്കുറി ഭരണ സമിതിയുടെ വീഴച് ചൂണ്ടിക്കാട്ടി ഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ എല്‍.ഡി.എഫ് ആരംഭിച്ചു കഴിഞ്ഞു.
കോട്ടയം നഗരസഭയിലെ വികസന കാഴ്ചപ്പാടുകളും ജനോപകാരപ്രദമായ പദ്ധതിയുമായി എല്‍ഡിഎഫ് വികസനരേഖയും പ്രകടന പത്രികയും പുറത്തിറക്കി.
കാല്‍നുറ്റാണ്ടായി നഗരസഭയെ അഴിമതിയില്‍ മുക്കിയ യുഡിഎഫ് ഭരണത്തിന് താക്കീതായി മാറും പ്രകടന പത്രികയെന്നു എല്‍.ഡി.എഫ് അവകാശപ്പെടുന്നു.
ലൈഫ് പദ്ധതി നടപ്പിലാക്കും, ആധുനിക സൗകര്യത്തോടെ പുതിയ മുനിസിപ്പല്‍ ഓഫീസ് ആസ്ഥാന മന്ദിരം, മുനിസിപ്പല്‍ ബസ്റ്റാന്റ് ആധുനിക രീതിയിലുള്ള 10 നില കെട്ടിടം, തിരുനക്കര മൈതാനം ആധുനികവത്കരണം, പോലീസ് സ്റ്റേഷന്‍ മൈതാനം- പരിഷ്‌ക്കരണം, ഇല്ലിക്കല്‍ മൈതാനം- മണ്ണിട്ടുര്‍ത്തി ഗാലറി സ്റ്റേജ്, നെഹ്‌റു സ്റ്റേഡിയം വെള്ളം കയറാത്ത വിധം ഉയര്‍ത്തി പുതിയ ഗാലറി, താഴെ കടമുറികള്‍, സിന്ധസ്റ്റിക്ക് ട്രാക്ക്, പഴയ മീന്‍ചന്ത പുതുക്കി പണിയുക, കോടിമത പച്ചക്കറിമാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, മത്സ്യ മാര്‍ക്കറ്റ് കച്ചവടത്തിന് തുറന്ന് കൊടുക്കും, സ്ലോട്ടര്‍ ഹൗസ് പ്രവര്‍ത്തന ക്ഷമമാക്കും, ഉണക്കമീന്‍ ചന്ത- പുതുക്കി പണിയും, തോടുകള്‍ മാലിന്യമുക്തമാക്കി ആഴംക്കൂട്ടി വെള്ളംപ്പൊക്ക കെടുതിക്ക് പരിഹാരം ഉണ്ടാക്കും, തിരദേശ റോഡ് കോടിമതയില്‍ നിന്ന് ആരംഭിച്ച് 15-ല്‍ കടവ് ഇല്ലിക്കല്‍ റോഡുമായി ബന്ധിപ്പിക്കല്‍, മുനിസിപ്പല്‍ പാര്‍ക്ക് നവീകരണം, നാട്ടകം കൊടൂര്‍ തീരത്ത് പാര്‍ക്ക്, മീനച്ചിലാര്‍ തീരത്ത് പാര്‍ക്ക്, ടൗണില്‍ വരുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ കംഫര്‍ട്ട് സ്റ്റേഷന്‍, നാട്ടകത്തെ കുടിവെള്ള ക്ഷേമത്തിന് ശാശ്വത പരിഹാരം, ഗതാഗതകുരുക്ക് പരിഹരിക്കാന്‍ അടിപ്പാതകള്‍ നിര്‍മ്മിക്കല്‍, 37 -ാം വാര്‍ഡിനെ ബന്ധിപ്പിക്കുന്ന പൊക്കു പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍, തുടങ്ങി 110 ഓളം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം, യു.ഡി.എഫ് എങ്ങനെ പ്രതികരിക്കുമെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. നഗരസഭയില്‍ അധ്യക്ഷ ബിന്‍സിയും ഉപാധ്യക്ഷന്‍ ഗോപകുമാറും മുഖത്തോട് മുഖം നോക്കില്ലെന്നത് പരസ്യമായ രഹസ്യമാണ്. ബജറ്റില്‍ പോലും ഇതു പ്രതിഫലിച്ചു.
നഗരസഭാ ചരിത്രത്തിലെ ഏറ്റവും മോശം ബജറ്റായിരുന്നു കഴിഞ്ഞ തവണ അവതരിപ്പിച്ചത്. ഇതു യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കി.
പിന്നീടും ഇരുകൂട്ടരും പോരു തുടര്‍ന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ പരിഹരിച്ചു ഒന്നിച്ചു പ്രവർത്തിച്ചാൽ ഭരണ തുടര്‍ച്ച സാധിക്കുമെന്നു യു.ഡി.എഫ് കരുതുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്കാണ് കോട്ടയം മണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us