കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു

കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു

New Update
george kurian kanthapuram ap abubakar musliyar

കോഴിക്കോട്: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് ജില്ലയിലെത്തിയ അദ്ദേഹം രാവിലെ ഒമ്പത് മണിക്ക് മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്. അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരവിഷയമായി.

Advertisment

ന്യൂനപക്ഷ ജനത അഭിമുഖീകരിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ശ്രമങ്ങൾ ഉണ്ടാവണമെന്നും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേക പദ്ധതികൾ ന്യൂനപക്ഷ വകുപ്പ് ആവിഷ്കരിക്കണമെന്നും കാന്തപുരം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

ഉന്നത കലാലയങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഏറെ സഹായകമായിരുന്ന  മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പിലെ അപാകതകൾ പരിഹരിക്കുക, അലിഗഢ് യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങളും ഗ്രാൻഡ് മുഫ്‌തി ഉന്നയിച്ചു.

നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി  പ്രവർത്തിച്ച പരിചയം വകുപ്പിൽ ഗുണം ചെയ്യട്ടെയെന്നും സമൂഹത്തിനായി നല്ല കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കട്ടെയെന്നും കാന്തപുരം ആശംസിച്ചു.

എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമവും പുരോഗതിയും സർക്കാരിന്റെ ലക്ഷ്യമാണെന്നും ന്യൂനപക്ഷങ്ങൾക്ക് ആശങ്കകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മർകസ് സാമൂഹ്യക്ഷേമ മിഷനായ ആർ സി എഫ് ഐയുടെ ഭിന്നശേഷി സംഗമത്തിലും മന്ത്രി സംബന്ധിച്ചു. കൂടിക്കാഴ്ചയിൽ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, അക്ബർ ബാദുഷ സഖാഫി, ഷമീം കെ കെ സന്നിഹിതരായിരുന്നു.

Advertisment