/sathyam/media/media_files/UlrwA40lp1BpLBbsN8xs.jpg)
കോഴിക്കോട് : ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വടകരയില്‍ ഇടത് - വലത് മുന്നണികള്‍ തമ്മിലുളള ഏറ്റുമുട്ടലിന് വഴിവെച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ലീഗ് പ്രവര്‍ത്തകന്‍ കുറ്റക്കാരനല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ സി.പി.എം പ്രതിരോധത്തിലേയ്ക്ക്.
വടകരയെ കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് വര്‍ഗീയമായി വിഭജിക്കുന്നുവെന്ന് മുറവിളികൂട്ടിക്കൊണ്ട് ആളിക്കത്തിച്ച കേസില്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ അല്ലെന്ന് വന്നതോടെ സംശയമുന സി.പി.എം പ്രവര്‍ത്തകരിലേക്ക് നീളുന്നതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലേക്ക് തളളിവിട്ടത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ കാസിം അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കേസ് നിര്‍ണായക വഴിത്തിരിവിലെത്തി.
പ്രാഥമിക അന്വേഷണത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം കുറ്റക്കാരനല്ലെന്ന് കാട്ടി പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയതോടെയാണ് ആരോപണ നിഴലില്‍ നിന്ന് യു.ഡി.എഫും മുസ്‌ളീം ലീഗും രക്ഷപ്പെട്ടത്. അതോടെ സംഗതി സി.പി. എമ്മിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്നു. ലീഗ് പ്രവര്‍ത്തകനെ കുറ്റവിമുക്തനാക്കി ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയ പൊലീസിന് വ്യാജ പ്രചാരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ഇതോടെയാണ് യുഡിഎഫ് നേതാക്കള്‍ സംശയത്തിന്റെ മുന സിപിഐ എമ്മിലേക്ക് ചൂണ്ടുന്നത്. സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സി.പി.എം നേതാവ് കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നു. കേസില്‍ യുഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് വ്യക്തമായതോടെ സി.പി.എമ്മിനെ കടന്നാക്രമിച്ച് നിയുക്ത എം.പി ഷാഫി പറമ്പില്‍ രംഗത്തെത്തി.
'' ഐക്യത്തിന്റെ മുഖത്ത് ആഞ്ഞു വെട്ടാനാണ് കാഫിര്‍ പ്രയോഗത്തിലൂടെ സി.പി.എം ശ്രമിച്ചത്. ടി.പിയുടെ മുഖത്ത് വെട്ടിയ വെട്ടുപോലെ തന്നെയാണ് ഇതും. നാടിനെ ഭിന്നിപ്പിക്കാന്‍ നടത്തിയ ഹീനശ്രമം വ്യാജമാണ് എന്ന് കോടതിയില്‍ തന്നെ തെളിഞ്ഞു.
ആ വ്യാജ വെട്ടിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം. മുന്‍ എം.എല്‍.എ കെ.കെ.ലതിക തന്നെ ഈ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചു. ഇത് ഒറിജിനലാണെന്ന് വിശ്വസിച്ച സി.പി.എം പ്രവര്‍ത്തകരോട് വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ മാപ്പു പറയണം. പൊലീസ് ഇപ്പോഴും കള്ളക്കളി നടത്തുന്നു- ഷാഫി ആരോപിച്ചു .
പ്രതികള്‍ ആരാണെന്ന് പൊലീസിനും സി.പി.എമ്മിനും അറിയാം. സൈബര്‍ സംഘങ്ങളെ ആവശ്യമുള്ളപ്പോള്‍ വെള്ളം ഒഴിച്ച് തലോടി വളര്‍ത്തി വലുതാക്കും. കുഴപ്പമുണ്ടാകും എന്നറിയുമ്പോള്‍ അതിനെ തള്ളിപ്പറയും. പിടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ ഭവിഷ്യത്ത് ഓര്‍ത്താണ് ഈ തള്ളിപ്പറയല്‍'' ഷാഫി പറമ്പില്‍ ആഞ്ഞടിച്ചു.
കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചതോടെ പൊലീസിന് മേലും സമ്മര്‍ദ്ദമേറി. ലീഗ് പ്രവര്‍ത്തകന്‍ തെറ്റുകാരനല്ലെന്ന് വ്യക്തമായതോടെ ഇടത് സോഷ്യല്‍മീഡിയ പേജുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കെ.കെ.ലതികയുടെ ഫോണും പൊലീസ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. കെ.കെ.ലതികയുടെ ഫോണ്‍ പരിശോധിച്ച പൊലീസ് മഹ്‌സര്‍ തയ്യാറാക്കിയിട്ടുണ്ട്. എഫ്.ബി പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് കെ.കെ ലതിക പൊലീസിന് നല്‍കിയ മൊഴിയെന്നാണ് പുറത്തുവരുന്ന വിവരം.
സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം നടക്കുകയാണ്. ഷെയര്‍ ചെയ്ത വിവാദ സ്‌ക്രീന്‍ ഷോട്ട് പിന്‍വലിക്കാനും കെ.കെ. ലതിക ഇതുവരെ തയാറായിട്ടില്ല.
ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കുമെന്നാണ് പൊലിസില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ലതികയെ തൊടാന്‍ പൊലീസ് തയാറായേക്കില്ല. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യകൂടിയാണ് ലതിക. അന്വേഷണം ലതികയിലേക്ക് എത്തുന്നത് സി.പി.എം നേതൃത്വത്തിന് വലിയ ക്ഷീണമുണ്ടാക്കും.
അജ്ഞാതമായ ഉറവിടത്തില്‍ നിന്നും വന്ന വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചുകൊണ്ട് എന്തിനാണ് മുന്‍ എം.എല്‍.എ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെയും ആര്‍.എം.പി നേതാക്കളുടെയും ചോദ്യം. ഇതിന് വ്യക്തമായ മറുപടി പറയാന്‍ സി.പി.എം നേതൃത്വത്തിന് ഇതുവരെ ആയിട്ടുമില്ല.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടി ആഭിമുഖ്യമുളള സൈബര്‍ പേജുകള്‍ക്കെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ശക്തമായി രംഗത്തു വന്നതാണ് യു.ഡി.എഫിന്റെ ആയുധം. വോട്ടെടുപ്പിന് തൊട്ടുതലേന്ന് ഇടത് സൈബര്‍ പേജായ അമ്പാടിമുക്ക് സഖാക്കളിലാണ് വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത് .സംഭവം വിവാദമായതോടെ പോസ്റ്റ് തന്നെമുക്കി അമ്പാടിമുക്ക് സഖാക്കള്‍ രക്ഷപ്പെട്ടു.
കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറെ പൊലിസ് പ്രതിചേര്‍ത്തിട്ടുണ്ട്, കേസില്‍ ഇതുവരെ 12 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുളളത്.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന പൊലിസ് ഇതുവരെ ആരെയും തൊട്ടിട്ടില്ല. പാര്‍ട്ടി യോഗങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ അനുമതിയില്ലാതെ പൊലീസ് മറ്റു നടപടികളിലേക്ക് കടക്കാനിടയില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us