/sathyam/media/media_files/VRvIJtOFkaxet0m4F1GP.webp)
കോഴിക്കോട്: മുൻ എം.എൽ.എയും സിപിഎം സംസ്ഥാന സമിതി അം​ഗവുമായ കെ.കെ ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. 153A മതസ്പർധ വളർത്തൽ, ഐ.ടി ആക്ട് 295A പ്രകാരവും കേസെടുക്കണമെന്നാണാവശ്യം.
യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് പരാതി നൽകിയത്. കാഫിർ പോസ്റ്റ് വ്യാ​​ജമാണെന്ന് അറിഞ്ഞിട്ടും പ്രചരിപ്പിച്ചതിനാലാണ് പരാതി.
കഴിഞ്ഞ ദിവസമാണ് വടകരയിൽ വിവാദമായ കാഫിർ പരാമർശ പോസ്റ്റ് കെ.കെ.ലതിക പിൻവലിച്ചത്. പിന്നാലെ അവർ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു. വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത കെ.കെ ലതികക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ​ദിവസമാണ് കെകെ ലതിക ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 'എന്തൊരു വർ​ഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനിൽക്കണ്ടെ. ഇത്ര കടുത്ത വർ​ഗീയത പ്രചരിപ്പിക്കരുത്'- എന്നായിരുന്നു പോസ്റ്റിൽ എഴുതിയിരുന്നത്.
യൂത്ത് ലീ​ഗ് പ്രവർത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്. പോസ്റ്റ് നിർമിച്ചതിൽ കാസിമിന് പങ്കില്ലെന്ന് കാണിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് കെ.കെ ലതിക പോസ്റ്റ് പിൻവലിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us