/sathyam/media/media_files/MY2SELHfrLhmpIE9vxMr.jpg)
കുവൈത്ത്: മനസ്സും ശരീരവും തളർത്തിയ അപകടം വരുത്തിവെച്ച മനോ വ്യഥയിൽ ആശുപത്രി കിടക്കയിൽ കുടുംബത്തെ കാണാൻ ആഗ്രഹം പറഞ്ഞു കൊണ്ടിരുന്ന റഹീം ഒടുവില്‍ നാട്ടിലെത്തി.
വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കുവൈത്തിലെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ബാലുശ്ശേരി ഏകരൂൽ എമ്മംപറമ്പ് സ്വദേശി റഹീമിന്റെ യാത്രാ വിലക്ക് നീങ്ങിയതോടെയാണ് നാട്ടിലേക്ക് പോവാനുള്ള വഴി ഒരുങ്ങിയത്.
ഇന്ന് വൈകുന്നേരമുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ റഹീം കോഴിക്കോട് എത്തി. കോഴിക്കോട് സി.എച്ച്. സെന്ററിലേക്ക് റഹീമിനെ കൊണ്ടുപോകും. കെഎംസിസി കേന്ദ്ര ട്രഷർ ഹാരിസ് വള്ളിയോത്ത്, സാമൂഹ്യപ്രവർത്തകൻ സലീം കൊമേരി എന്നിവര്‍ അനുഗമിച്ചു.
മലബാർ ഹോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, കെഎംസിസി സംസ്ഥാന പ്രസിഡന്റ് നാസർ മഷ്ഹൂർ തങ്ങൾ, അബ്ദുൾ അസിസ് പുല്ലാവൂർ, സമീർ മുസ്ലിയാർ, ലായിക്ക്, ലത്തീഫ് കെപി കൊല്ലം, സലീം കോട്ടയിൽ, അസ്‌ലം, മൻസൂർ എന്നിവർ സന്നിഹിതരായിരുന്നു.
2022 ഫിബ്രവരിയിലാണ് റഹീം ഓടിച്ചിരുന്ന വാഹനവും മറ്റ് നാല് വാഹനവും ട്രാഫിക് സിഗ്നലിൽ അപകടത്തിൽ പെട്ടത്. ഗുരുതര പരിക്കുകളോടെ ഇദ്ദേഹത്തെ ജാബ്രിയ മുബാറക് അൽ കബീർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് കേസ് നടപടികളുടെ നൂലാമാലകളിൽ പെട്ട് സ്വദേശത്തേക്കുള്ള മടക്ക യാത്രയും, റഹീമിന്റെ വിദഗ്ധ ചികിത്സയും മുടങ്ങുകയായിരുന്നു. തലയ്ക്കും, മറ്റ് ശരീരഭാഗങ്ങളിലും ഗുരുതര പരിക്കേറ്റ റഹീം പൂർണ്ണമായും കിടപ്പ് രോഗിയായി മാറി.
ആശുപത്രി വാസം അവസാനിപ്പിക്കുന്നതിനും,നാട്ടിൽ പോയി കുടുംബത്തെ കാണുന്നതിനും വിദഗ്ധ ചികിത്സ തേടുന്നതിനും ആഗ്രഹം പ്രകടിപ്പിച്ച് റഹീം പലതവണ സോഷ്യൽ മീഡിയയിലൂടെ സഹായ അഭ്യർത്ഥന നടത്തിയിരുന്നു.
കുവൈത്ത് കെഎംസിസി സാൽമിയ ഏരിയ മുൻ ജനറൽ സെക്രട്ടറിയും മുബാറക് അൽ കബീർ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ടെക്നോളജിസ്റ്റുമായ സി. അറഫാത്തിന്റെ ഇടപെടലാണ് റഹീമിന്റെ മോചനത്തിന് വഴി തുറന്നത്.
ഇന്ത്യൻ എംബസ്സി വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ സാജൻ നിയമ പോരാട്ടത്തിന് നൽകിയ സഹായ സഹകരങ്ങൾ കേസ് നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു. കുവൈത്തിലെ പ്രമുഖ അഭിഭാഷകൻ മുഹമ്മദ് അൽ അനസിയാണ് റഹീമിന് വേണ്ടി നിയമ പോരാട്ടം നടത്തിയത്.
കെഎംസിസി ട്രഷറർ ഹാരിസ് വള്ളിയോത്ത്, വെൽഫെയർ പാർട്ടിയുടെ കുവൈത്ത് ഘടകം, അസീസ് നരിക്കുനി, ശമീൽ അടിവാരം, കൊല്ലം ലത്തീഫ്,ഷമീർ മുസ്‌ലിയാർ, ഉൾപ്പടെ നിരവധി പേരുടെ സഹായ സഹകരണങ്ങൾ ലഭ്യമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us