Advertisment

കത്വയിലെ എട്ടുവയസുകാരിയുടെ മൃതദേഹത്തോടും അനാദരവ് ; മൃതദേഹം സംസ്‌കരിക്കാന്‍ ഒരു തുണ്ട് ഭൂമിപോലും വിട്ടുകൊടുത്തില്ല ; നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിച്ചത് എട്ടുകിലോമീറ്റര്‍ ദൂരെ…

New Update

ശ്രീനഗര്‍:നിഷ്ഠൂരമായ കൂട്ടബലാല്‍സംഗത്തിനിരയായി കൊലപ്പെട്ട കത്വയിലെ എട്ടുവയസുകാരിയുടെ മൃതദേഹത്തോടു പോലും അനാദരവ്. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഒരു തുണ്ട് ഭൂമിപോലും നാട്ടുകാര്‍ വിട്ടുകൊടുത്തില്ലെന്നും മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ കുടുംബത്തെ ആട്ടിപ്പായിച്ചെന്നും റിപ്പോര്‍ട്ട്.

Advertisment

ഇത്രയും ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോടും നാട്ടുകാര്‍ ദയവില്ലാതെ പെരുമാറിയെന്ന വിവരമാണ് പുറത്തുവന്നത്. പിറന്നുവീണ നാട്ടില്‍ സംസ്‌കാരം നടത്താനാവാതെ വന്നതോടെ എട്ടുകിലോമീറ്റര്‍ അകലെയാണ് സംസ്‌കാരം നടത്തിയത്.

publive-image

കത്വയിലെ രസാന ഗ്രാമത്തില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍ ചെരുവിലാണ് ഒടുവില്‍ ആ കുടുംബം തങ്ങളുടെ പിഞ്ചോമനയുടെ മൃതദേഹം അടക്കിയത്. ഇവിടെ ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന ഗോതമ്പുവയലിന്റെ ഒരു അരികിലായാണ് ആ കുരുന്നിന്റെ അന്ത്യവിശ്രമം.

ജനുവരിയിലാണ് ദാരുണമായി കുഞ്ഞ് കൊലചെയ്യപ്പെടുന്നത്. കാണാതായി ദിവസങ്ങള്‍ കഴിഞ്ഞ് മൃതദേഹം കണ്ടെത്തി. ഇന്‍ക്വസ്റ്റും മറ്റു നടപടികളും കഴിഞ്ഞായിരുന്നു സംസ്‌കാരത്തിനായി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കിയത്.

മൃതദേഹം അടക്കാന്‍ നാട്ടില്‍ സ്ഥലം കിട്ടാതായതോടെ നാല് അകന്ന ബന്ധുക്കളെ അടക്കം ചെയ്ത വിദൂര ഗ്രാമംതേടി ഇവര്‍ക്ക് പോകേണ്ടിവന്നു. അവിടെ അഞ്ചടി നീളത്തില്‍ കുഴിയെടുത്ത് അതിലാണ് കുഞ്ഞിന് അന്ത്യവിശ്രമത്തിന് ഇടം കണ്ടെത്തിയത്.

ആടുകളെ പോറ്റി ഉപജീവനം നടത്തുന്ന ബക്കര്‍വാള്‍ വിഭാഗത്തിലെ മുസ്ളീം ഗോത്രവിഭാഗത്തില്‍ പെട്ടതാണ് പെണ്‍കുട്ടിയുടെ കുടുംബം. സമുദായത്തിന് അവിടെ സ്ഥലമൊന്നുമില്ലെന്ന് പറഞ്ഞാണ് രസാനയിലെ നാട്ടുകാര്‍ മൃതദേഹം അടക്കാന്‍ അനുമതി നിഷേധിച്ചത്. ബ്രാഹ്മണ ഭൂരിപക്ഷ മേഖലയാണിത്.

മൃതദേഹം വിട്ടുകിട്ടിയതിന് പിന്നാലെ താമസിച്ചിരുന്ന സ്ഥലത്തുതന്നെ അടക്കാനായി വൈകീട്ട് ആറുമണിയോടെ കുഴിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഗ്രാമീണരെത്തി തടസ്സപ്പെടുത്തുകയായിരുന്നു. നിങ്ങളുടേതല്ല ഭൂമിയെന്ന് പറഞ്ഞ് ആക്രോശിക്കുകയും സ്ഥലം ഞങ്ങളുടേതാണെന്ന് പറഞ്ഞ് രേഖകള്‍ കാട്ടുകയും ചെയ്ത് കുടുംബത്തെ തുരത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിനാകമാനം അപമാനകരമായ സംഭവങ്ങളാണ് അരങ്ങേറിയതെന്ന വിവരമാണ് പുറത്തുവരുന്നത്.

Advertisment