Advertisment

ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടിയേക്കും; ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം; ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും സാധ്യത?

New Update

ഡല്‍ഹി :കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടിയേക്കും. കൂടുതല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുക. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അനുവാദം നല്‍കും. ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും സാധ്യതയുണ്ട്. മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടം ഈ മാസം 31 നാണ് അവസാനിക്കുന്നത്.

Advertisment

എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതുവരെ രണ്ടാഴ്ച കൂടുമ്പോള്‍ അവലോകനം നടത്താനാണ് കേന്ദ്ര തീരുമാനം. അതേസമയം, സ്‌കൂള്‍ തുറക്കല്‍, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കല്‍ എന്നിവ തുടങ്ങുന്നതിന് കേന്ദ്ര തീരുമാനം നിര്‍ണായകമാകും.

publive-image

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അടുത്ത രണ്ടാഴ്ച കൂടി അനുമതി നല്‍കാനുള്ള സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വ‍ൃത്തങ്ങള്‍ പറയുന്നത്. മെട്രോ സര്‍വീസ് പുനരാരംഭിച്ചേക്കും. ഷോപ്പിംഗ് കോംപ്ലക്സുകള്‍ക്ക് അനുമതിയുണ്ടാകില്ല. കണ്ടെയ്‍ന്‍മെന്‍റ് സോണുകളുടെ എണ്ണം ചുരുക്കുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തിലും ഇളവുകളുടെ കാര്യത്തിലും വ്യക്തതയുണ്ടാവും.

മെയ് 17നാണ് ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് നീട്ടിയത്. നാലാംഘട്ട ലോക്ക്ഡൗണില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ജൂണ്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, ജിംനേഷ്യം സെന്ററുകള്‍, റസ്റ്ററന്റുകള്‍ എന്നിവ തുറക്കാനുള്ള അനുമതി നല്‍കിയേക്കില്ല. ജൂലൈയിലോ, ഓഗസ്റ്റിലോ ആയിരിക്കും സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കുക. എന്നാല്‍, ഓരോ സംസ്ഥാനങ്ങളുടെ അവസ്ഥയ്ക്ക് അനുസൃതമായി തീരുമാനമെടുക്കാനും അനുമതി നല്‍കുമെന്ന് സൂചനയുണ്ട്. കൊവിഡ് കേസുകള്‍ നിയന്ത്രണ വിധേയമല്ലാതെ വര്‍ധിക്കുകയാണെങ്കില്‍ ഹോം ക്വാറന്‍റൈന്‍ വര്‍ധിപ്പിക്കാനും മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാനും സാധ്യതയുണ്ടെന്നും പറയുന്നു.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6387 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,51,767 ആയി ഉയർന്നു. 170 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്, രാജ്യത്ത് മരണസംഖ്യ ഇതോടെ 4337 ആയി ഉയർന്നു. ഇതുവരെ 64426 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. നിലവിൽ 83004 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതൽ രോഗികൾ ഇത് വരെ 54758 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 1792 പേർ മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചു.

അതേസമയം കൊവിഡ് പരിശോധനയ്ക്കുള്ള മാനദണ്ഡം ഐ സി എം ആർ വിപുലീകരിച്ചു. ആരോഗ്യ പ്രവർത്തകരെ കൂടാതെ പൊലീസ്, വിമാനത്താവള ജീവനക്കാ‍ർ, കച്ചവടക്കാ‍ർ എന്നിവരെ കൂടി കൊവിഡ് പരിശോധനക്ക് വിധേയരാക്കാൻ ഐസിഎംആർ നിർദേശിച്ചു. നേരത്തെ ആരോഗ്യ പ്രവർത്തകരെയും, കുടിയേറ്റ തൊഴിലാളികളെയും പരിശോധിക്കാനായിരുന്നു നിർദ്ദേശം. അതിനിടെ സ്കൂളുകളോ ,കോളേജുകളോ തുറക്കാൻ അനുമതിയില്ലന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ആവ‍ർത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയെന്ന റിപ്പോർട്ടുകളും മന്ത്രാലയം തള്ളി.

covid 19 lock down
Advertisment