പത്രത്തിൽ കണ്ട ഫോറത്തിൽ പൊലീസ് വേരിഫിക്കേഷൻ കോളം കാണുന്നില്ല ; അത്യാവശ്യ സാധനങ്ങൾ, മരുന്നുകൾ എന്നിവ വാങ്ങാൻ പോകുന്നവർക്കെല്ലാം ഡിക്ലറേഷൻ ഫോറം നൽകാൻ പൊലീസ് സംവിധാനം ഉണ്ടോ? മാധ്യമ പ്രവർത്തകന്റെ കുറിപ്പും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണവും ഇങ്ങനെ

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, March 25, 2020

പച്ചക്കറിയും പലവൃഞ്ജനങ്ങളും വാങ്ങാൻ പോയ ആളെ ഡിക്ലറേഷൻ ഫോറം നൽകിയിട്ടും പൊലീസ് തടഞ്ഞു. ഡിക്ലറേഷൻ ഫോം പൊലീസ് സ്‌റ്റേഷനിൽ പോയി ഒപ്പിട്ടു വാങ്ങണമെന്ന് പറഞ്ഞാണ് പൊലീസ് വാഹനം അടക്കം തടഞ്ഞത്. എന്നാൽ അന്വേഷണത്തിൽ ഇത്തരത്തിൽ പൊലീസ് വേരിഫിക്കേഷൻ വേണ്ട എന്നാണ് മനസ്സിലാകുന്നത്. പൊലീസ് മേധാവി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്.

മാധ്യമ പ്രവർത്തകന്റെ കുറിപ്പും അതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണവും ചുവടെ:

ഇന്ന് രാവിലെ പുതുപ്പള്ളിയിൽ കുറച്ചു ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ പോയി. പത്രത്തിൽ കണ്ട ഡിക്ലറേഷൻ എഴുതി കൈവശം വച്ചിരിന്നു. പുതുപ്പള്ളി കവലയിൽ പൊലീസുകാർ വാഹനത്തിൽ വരുന്നവരോട് കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. ഞാൻ ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ചത് അതിലൊരാളുടെ കയ്യിൽ കൊടുത്തു.

കൃത്യമായി കാര്യം എഴുതിയെങ്കിലും, പേര്… എവിടെ താമസം… എന്തിന് പോണു… തുടങ്ങിയ ചോദ്യങ്ങൾ… പിന്നെയാണ് ഡയലോഗ്… “മനോരമയിൽ പറഞ്ഞതു പോലെയൊന്നുമല്ല കാര്യം. നിങ്ങൾ എഴുതി ഫോറം ഒന്നും പോരാ. സ്റ്റേഷനിൽ നിന്നുള്ളത് വേണം…” പൊലീസ് ഏമാനായി. തർക്കിക്കാൻ പോയില്ല. അടുത്ത തവണ വാങ്ങിക്കോളാം എന്ന് പറഞ്ഞു. എൻ്റെ സംശയങ്ങൾ ഇതാണ്…

  1. അത്യാവശ്യ സാധനങ്ങൾ, മരുന്നുകൾ എന്നിവ വാങ്ങാൻ പോകുന്നവർക്കെല്ലാം ഡിക്ലറേഷൻ ഫോറം നൽകാൻ പൊലീസ് സംവിധാനം ഉണ്ടോ?
  2. പത്രത്തിൽ കണ്ട ഫോറത്തിൽ പൊലീസ് വേരിഫിക്കേഷൻ കോളം കാണുന്നില്ല.

ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയാൽ നന്ന്… പിന്നെ, മനോരമയിൽ മാത്രമല്ല, കേരള കൗമുദി, മാതൃഭൂമി എന്നീ പത്രങ്ങളിലും ഈ വാർത്തയുണ്ട്…

പൊലീസ് നൽകുന്ന വിശദീകരണം:

പോലീസ് വേരിഫിക്കേഷൻ കോളം ആവശ്യമില്ല. സ്വയം പ്രസ്താവന മാത്രം മതി. ഫോറം പോലീസ് നൽകില്ല. യാത്രക്കാരൻ പ്രിന്റ് എടുത്ത് പൂരിപ്പിച്ചോ വെള്ളപ്പേപ്പറിൽ മാതൃകയിൽ തയ്യാറാക്കിയോ കയ്യിൽ കരുതണം.

×