ലോക്ക്ഡൗണ്‍ മഹബൂലയില്‍ ഫലം കണ്ടു; ജലീബില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, May 24, 2020

കുവൈറ്റ് സിറ്റി: ജലീബ് അല്‍ ഷൂയൂഖിലും മഹബൂലയിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് 45 ദിവസത്തിലേറെയായി. എന്നാല്‍ മഹബൂലയിലെ 202 കൊവിഡ് കേസുകളെ താരതമ്യം ചെയ്യുമ്പോള്‍ ജലീബില്‍ ഇത് ആയിരം കടന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

മേയ് എട്ട് മുതലുള്ള കണക്കുകള്‍ പ്രകാരം ഈ രണ്ടു മേഖലകളിലുമായി 1261 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജലീബില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 1059 കേസുകളാണ്. ഇത് കുവൈറ്റിലെ ആകെ കൊവിഡ് ബാധിതരുടെ 5.8 ശതമാനം വരും. എന്നാല്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മഹബൂലയില്‍ 202 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

45 ദിവസങ്ങള്‍ക്ക് മുമ്പ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഈ രണ്ടു മേഖലകളിലും പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു.

രണ്ട് സ്ഥലങ്ങളിലും ലോക്ക്ഡൗണ്‍ ഒരേസമയം ഏര്‍പ്പെടുത്തിയിട്ടും ജലീബില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ലോക്ക്ഡൗണിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ക്ഡൗണ്‍ മഹബൂലയില്‍ ഒരു പരിധിവരെ വിജയിച്ചുവെന്നാണ് നിലവിലെ നിഗമനം.

×