Advertisment

ലോക്‌സഭാ കക്ഷി നേതൃസ്ഥാനത്തേക്ക് ശശി തരൂരോ മനീഷ് തിവാരിയോ ? കോണ്‍ഗ്രസ് തീരുമാനം ഇന്ന് ! കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്നു ചേരും. അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി പുതിയ നേതാവിനെ യോഗത്തില്‍ സോണിയാ ഗാന്ധി പ്രഖ്യാപിച്ചേക്കും. ശശി തരൂര്‍ നേതാവാകണമെന്ന് ഭൂരിഭാഗം എംപിമാരും പ്രവര്‍ത്തകരും ! ഹൈക്കമാന്‍ഡിന് തരൂരിനോട് അതൃപ്തിയെന്നു സൂചന. തരൂരല്ലെങ്കില്‍ മനീഷ് തിവാരിക്ക് നറുക്കു വീണേക്കും !

New Update

ഡല്‍ഹി : വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റിന്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ തന്ത്രപ്രധാന സമിതിയോഗം ഇന്നു ചേരും. ലോക്സഭയിലെ കക്ഷി നേതൃ സ്ഥാനത്തുനിന്ന് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റുന്നകാര്യം കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗൊഗോയി, രണ്‍വീത് ബിട്ടു തുടങ്ങിയവരുടെ പേരുകളാണ് ലോക്‌സഭാ കക്ഷി നേതാവായി പരിഗണിക്കുന്നത്.

Advertisment

publive-image

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത വിരോധിയായ അധീര്‍ രഞ്ജന്‍ ചൗധരിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തൃണമൂല്‍ അംഗങ്ങള്‍ മടിക്കുകയാണ്. ഇതു ലോക്സഭയിലെ പ്രതിപക്ഷഐക്യത്തെയടക്കം ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അധീറിനെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. തൃണമൂലുമായി സഹകരിക്കണമെന്നാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും ആഗ്രഹിക്കുന്നത്.

സോണിയയും രാഹുലും പങ്കെടുക്കുന്ന യോഗത്തില്‍ അധീറിനു പുറമേ രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ചീഫ് വിപ്പുമാരായ കൊടിക്കുന്നില്‍ സുരേഷ്, ജയറാം രമേഷ്, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയി തുടങ്ങിയവര്‍ പങ്കെടുക്കും.

നേതൃസ്ഥാനത്തേക്ക് തിരുത്തല്‍വാദി വിഭാഗത്തിലെ ആരെയെങ്കിലും കൊണ്ടുവരണമെന്നാണ് എംപിമാരുടെ താല്‍പ്പര്യം. ശശി തരൂരിനോടാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും താല്‍പ്പര്യമെങ്കിലും ഹൈക്കമാന്‍ഡിന് അത്ര താല്‍പ്പര്യം അദ്ദേഹത്തോട് ഇല്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ മനീഷ് തിവാരിക്ക് നറുക്കു വീണേക്കാം.

അതേസമയം നേതൃപദവിയില്‍ നിന്നും മാറ്റിയാല്‍ അധിര്‍ രഞ്ജന്‍ ചൗധരി എന്തു നിലപാടാകും സ്വീകരിക്കുകയെന്ന് വ്യക്തമല്ല. ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനാണ് അധിര്‍.

അതേസമയം പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചര്‍ച്ച ചെയ്യും. പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ധന, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, വാക്‌സിനേഷന്‍ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, കര്‍ഷകസമരം തുടങ്ങിയ കാര്യങ്ങളില്‍ സ്വീകരിക്കേണ്ട പ്രതിഷേധമുറകളാകും ചര്‍ച്ചയാവുക.

sasi tharoor
Advertisment