വീണ്ടും ടോപ്‌ ലെസ് ബോധവത്കരണം : സ്താനാര്‍ബുദ ബോധവത്കരണത്തിനായി സ്വന്തം മാറിടത്തിന്റെ ചിത്രം പോസ്റ്റ്‌ ചെയ്ത് യുവ മോഡല്‍ രംഗത്ത്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, April 19, 2018

മാറ് തുറക്കല്‍ ബോധവത്കരണം വീണ്ടും വൈറലാകുന്നു. മുലയൂട്ടലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ മലയാള നടിയും സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ ബോധ്യപ്പെടുത്താന്‍ തെലുങ്ക് നടിയും മാറിടം തുറന്നു കാണിച്ചതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു ബോധവത്കരണവുമായി ലണ്ടന്‍ മോഡല്‍ രംഗത്തെത്തിയിരിക്കുകയാണ്. സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് ലക്‌ഷ്യം.

പ്രായം മുപ്പതിന് താഴെയാണെന്നതിനാല്‍ നിങ്ങള്‍ ആരോഗ്യവതിയാണെന്നും കരുതി സ്താനാര്‍ബുദ സാധ്യതകളെ തള്ളിക്കളയാനാകില്ലെന്നാണ് സ്റ്റിന സാന്‍ഡേഴ്‌സ് എന്ന ഈ ലണ്ടന്‍ മോഡല്‍ പറയുന്നത് . ബയോപ്‌സിക്ക് ശേഷമുള്ള തന്റെ മാറിടത്തിന്റെ ചിത്രം പങ്കുവെച്ചാണ് യുവതികളോടായി സ്റ്റിനയുടെ ഉപദേശം.

ഒരുദിവസം കിടക്കയില്‍ വിശ്രമിക്കുന്നതിനിടയിലാണ് തന്റെ വലതുമാറിടത്തില്‍ ഒരു മുഴയുളളത് പോലെ സ്റ്റിനക്ക് തോന്നുന്നത്. ഉടന്‍ തന്നെ കൈകള്‍ കൊണ്ട് പരിശോധിച്ചപ്പോള്‍ സംഗതി സത്യമാണെന്ന് ബോധ്യപ്പെട്ടു. മുഴ അപകടകാരിയാണോ എന്നറിയുന്നതിന് വേണ്ടി ഉടന്‍ തന്നെ വൈദ്യ പരിശോധന നടത്താനും സ്റ്റിന തീരുമാനിച്ചു.

‘എനിക്ക് ഇന്ന് ഒരു ബയോപ്‌സിയുണ്ടായിരുന്നു. മാറില്‍ കണ്ട മുഴ 100 ശതമാനം അപകടകാരിയല്ലെന്ന് ഉറപ്പിക്കുന്നതിന് വേണ്ടി. മുപ്പതിന് മുമ്പ് സ്തനാര്‍ബുദത്തിനുള്ള സാധ്യത വളരെ കുറവാണ്.

ഓരോ വര്‍ഷവും ആയിരത്തില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം ബാധിച്ചതായി കണ്ടെത്താറുണ്ട്. അതുകൊണ്ട് നിങ്ങള്‍ സ്വയം പരിശോധന നടത്തേണ്ടത്‌ പ്രധാനമാണ്. നിങ്ങള്‍ എത്ര ചെറുപ്പക്കാരിയാണെന്നുള്ളതിലോ ആരോഗ്യവതിയാണെന്നുള്ളതിലോ കാര്യമില്ല.’ സ്റ്റിന കുറിക്കുന്നു.

ഗ്രാഫിക്‌സുകളുടെ സഹായത്തോടെ ചിത്രങ്ങള്‍ മനോഹരമാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പിന്‍വാങ്ങുകയും തന്റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ധൈര്യപൂര്‍വം പോസ്റ്റ് ചെയ്യുകയും ചെയ്ത് ആയിരത്തോളം ഫോളോവേഴ്‌സിനെ നഷ്ടപ്പെടുന്നതോടെയാണ് സ്റ്റിന ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോള്‍ 106000 ഫോളോവേഴ്‌സാണ് സ്റ്റിനക്ക് ഉള്ളത്.

×