Advertisment

പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കെ കൊലക്കേസ് പ്രതി ഗൃഹപ്രവേശനചടങ്ങിനായി സ്വന്തം വീട്ടിലെത്തി; പൊലീസ് എത്തുംമുമ്പേ കടന്നുകളഞ്ഞു

New Update

കോഴിക്കോട്: പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കെ കൊലക്കേസ് പ്രതി ഗൃഹപ്രവേശനചടങ്ങിനായി സ്വന്തം വീട്ടിലെത്തി. ചടങ്ങ് കഴിഞ്ഞ് ഇയാള്‍ തിരിച്ചുപോകുകയും ചെയ്തു.

Advertisment

publive-image

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിപറമ്പത്ത് അസ്ലം വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി സുമോഹനാണ് പൊലീസിനെ വെട്ടിച്ച് വീണ്ടും കടന്നുകളഞ്ഞത്. വളയം സ്വദേശിയായ ഇയാള്‍ പുതുതായി നിര്‍മിച്ച മുതുകുറ്റിയിലെ വീട്ടിലെത്തി ഗൃഹപ്രവേശവും കഴിഞ്ഞാണ് വെള്ളിയാഴ്ച രാത്രി തിരിച്ചുപോയത്. രാവിലെ 11.30 മുതല്‍ സുമോഹന്‍ വീട്ടിലുണ്ടായിരുന്നു. വിദേശത്തായിരുന്ന സുമോഹനനെ തിരഞ്ഞ് വ്യാഴാഴ്ച രാത്രി നാദാപുരം സി.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം വീട്ടിലെത്തി. എന്നാല്‍, കണ്ടെത്താന്‍ കഴിയാതെ തിരിച്ചുപോയി.

വിദേശത്തുനിന്നെത്തിയ ഇയാള്‍ നേപ്പാള്‍ അതിര്‍ത്തിയിലൂടെയാണ് രാജ്യത്ത് കടന്നതെന്നാണ് വിവരം. ലുക്കൗട്ട് നോട്ടീസുള്ളതിനാല്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴിയെത്തിയാല്‍ പിടികൂടുമെന്നതിനാലാണിത്. സുമോഹന്‍ കേരളത്തിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്ന് വടകര റൂറല്‍ പൊലീസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. സുമോഹനനൊപ്പം ഇതേ കേസിലുള്‍പ്പെട്ട മുത്തങ്ങച്ചാലില്‍ പ്രമോദും (38) ഉണ്ടായിരുന്നു.

ഇരുവരുടെയും പേരില്‍ നാദാപുരം പൊലീസാണ് നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവര്‍ വളയം സ്വദേശികളാണ്. അസ്ലം വധക്കേസിലെ ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം. 2016ലാണ് സ്‌കൂട്ടറില്‍ സുഹൃത്തിനൊപ്പം പോവുകയായിരുന്ന അസ്ലമിനെ നാദാപുരം ചാലപ്പുറം വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കുസമീപംവെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.

Advertisment