Advertisment

ചാലക്കുടിപ്പുഴ പാലത്തിനു മുകളിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി പുഴയിലേക്കു പതിച്ചു; ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു; അപകടത്തിൽ ചാലക്കുടിപ്പാലത്തിന് ബലക്ഷയം ?

New Update

ചാലക്കുടി : ദേശീയപാതയിൽ ചാലക്കുടിപ്പുഴ പാലത്തിനു മുകളിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി പുഴയിലേക്കു പതിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ലോറി ഇടിച്ചു പാലത്തിന്റെ കൈവരിയും വിളക്കുകാലും തകർന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.

Advertisment

publive-image

രാജസ്ഥാൻ ഭരത്പൂർ സ്വദേശികളായ ഡ്രൈവർ ഇമ്രാൻ റുദ്ദാർ (27), ക്ലീനർ സാഹിൽ അബ്ദുൽ ബാരിഷ് (18) എന്നിവരാണ് വെള്ളത്തിലേക്കു വീണ ലോറിയുടെ ക്യാബിനിൽ നിന്നു രക്ഷപ്പെട്ടു നീന്തിക്കയറിയത്. ഇവരെ പൊലീസ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30 നായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് പത്തനംതിട്ടയിൽ കാർ ഇറക്കി മടങ്ങുകയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽ പെട്ടത്.

പടിഞ്ഞാറു വശത്തുള്ള പാലത്തിലൂടെ പോകുകയായിരുന്നു ലോറി മുൻപിൽ പൊടുന്നനെ ബ്രേക്ക് ചെയ്ത കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ടു പുഴയിലേക്കു കൂപ്പുകുത്തിയതെന്ന് ജീവനക്കാർ പൊലീസിനു മൊഴി നൽകി.

കിഴക്കു ഭാഗത്തെ പാലത്തിൽ ലോറി കൊളുത്തിപ്പിടിച്ചില്ലായിരുന്നെങ്കിൽ പൂർണമായും മുങ്ങുമായിരുന്നു.എസ്ഐമാരായ എം.എസ്. ഷാജൻ, സിജുമോൻ എടത്താടൻ എന്നിവരുടെ നേതൃത്വത്തിലാണു ഗതാഗതം നിയന്ത്രിച്ചത്. രക്ഷാപ്രവർത്തനത്തിനു അഗ്നിരക്ഷാസേന ഓഫിസർ സി.ഒ.ജോയിയുടെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം നൽകി.

ലോറി പുഴയിലേയ്ക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ദേശീയപാതയിലെ പുഴയ്ക്കു കുറുകെയുള്ള പാലത്തിനു ബലക്ഷയമെന്നു സംശയം. പടിഞ്ഞാറു വശത്തെ പാലത്തിൽ നിന്നാണ് ലോറി പുഴയിലേയ്ക്കു മറിഞ്ഞത്. ഈ ഭാഗത്തെ കൈവരിയും വിളക്കുകാലും തകർന്നു.

അപകടത്തിന്റെ ആഘാതത്തിൽ ലോറിയുടെ പുറകുവശം കിഴക്കു ഭാഗത്തെ പാലത്തിൽ ആഞ്ഞിടിച്ചു കുടുങ്ങി നിൽക്കുകയായിരുന്നു. കിഴക്കു ഭാഗത്തെ പാലത്തിനും ഇത് ആഘാതമേൽപ്പിച്ചുവെന്നാണ് സംശയം.

ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പാലത്തിന്റെ ബലപരിശോധന നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയാകൂ.

accident report lorry accident
Advertisment