Advertisment

മൂന്നു മാസം ജോലി ചെയ്താൽ കിട്ടാത്തത്ര തുക കയ്യിൽ വന്നപ്പോൾ സ്വന്തമാക്കാൻ തോന്നിയില്ലേ ?; , ‘അത് വേണ്ട സേട്ടാ, എനിക്ക് ജോലി ചെയ്ത പൈസ മതി ; വഴിയില്‍ കിടന്നു കിട്ടിയ 32000 രൂപ പൊലീസില്‍ ഏല്‍പ്പിച്ച് ഇതരസംസ്ഥാന തൊഴിലാളി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : വഴിയില്‍ കിടന്നു കിട്ടിയ 32000 രൂപ പൊലീസില്‍ ഏല്‍പ്പിച്ച് ഇതരസംസ്ഥാന തൊഴിലാളി . വഴിയിൽനിന്നു കളഞ്ഞുകിട്ടിയ 32,000 രൂപ മണിക്കൂറുകൾക്കകം ഒറീസ സ്വദേശി കൻഹു ചരൺ ആണ് തിരിച്ചേൽപ്പിച്ചു മാതൃകയായത്.

Advertisment

publive-image

ഒൻപതു വർഷമായി കൊച്ചിയിലുണ്ട് കൻഹു ചരൺ. വീടുകളിൽ ചെടികൾ വെട്ടിയൊരുക്കുക, കാട് വെട്ടിത്തെളിക്കുക തുടങ്ങിയ ജോലികൾ ചെയ്യും. മലയാളം പഠിച്ചെടുത്തു. ‘വൈകിട്ട് വീട്ടിൽ നിന്ന് പണി കഴിഞ്ഞു പോയി കുറച്ചു കഴിഞ്ഞപ്പോഴാണ് കൻഹുവിന്റെ വിളി വന്നത്. ഒരു പഴ്സും കുറെ പണവും കളഞ്ഞു കിട്ടിയിട്ടുണ്ടെന്നു പറഞ്ഞു. എത്രയുണ്ടെന്നു ചോദിച്ചപ്പോൾ കുറെ ഉണ്ടെന്നായിരുന്നു മറുപടി. എങ്കിൽ അടുത്തുള്ള സ്റ്റേഷനിൽ ഏൽപിക്കാൻ പറഞ്ഞു’– കൻഹു ജോലി ചെയ്തിരുന്ന വീടിന്റെ ഉടമ മേജർ ബേസിൽ പീറ്റർ പറഞ്ഞു.

കലൂർ സ്വദേശി നയന പ്രകാശ് അമ്മയുടെ ഡയാലിസിസിനു കരുതി വച്ചിരുന്ന പണമാണ് ഇന്നലെ ബൈക്ക് യാത്രയ്ക്കിടെ നഷ്ടമായത്.വൈകിട്ട് കോട്ടയത്തു പോയി മടങ്ങും വഴി കുണ്ടന്നൂർ പാലത്തിൽ വച്ചാണു നയനപ്രകാശിനു പഴ്സ് നഷ്ടമായത്. കടവന്ത്ര എത്തിയപ്പോഴാണ് അറിയുന്നത് പഴ്സ് നഷ്ടമായെന്ന്. എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ പഴ്സിലാണുള്ളത്.

‘ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഉറപ്പിച്ചതാണ്. പണം നഷ്ടമായപ്പോൾ ആദ്യം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. കുറെ നേരത്തേയ്ക്ക് ഫുൾ ബ്ലാങ്ക് ആയി. പിന്നെ അമ്മയെ വിളിച്ചു പറഞ്ഞു. ആശ്വാസ വാക്കുകളും പൊലീസിൽ പറയാനുള്ള നിർദേശവുമാണ് അമ്മ നൽകിയത്. സ്റ്റേഷനിലേയ്ക്കു വിളിച്ചപ്പോൾ, പൊലീസ് ഇങ്ങോട്ടു വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനകം പണം കിട്ടിയ ആൾ സ്റ്റേഷനിൽ എത്തിച്ചിരുന്നു’– നയനപ്രകാശ് പറഞ്ഞു.

കൻഹു പഴ്സുമായി കടവന്ത്ര സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ അനീഷ് ജോയിയെ ഏൽപിച്ചു. ഉടമയെ ബന്ധപ്പെടുന്നതിനുള്ള ഫോൺനമ്പരുകൾ ഒന്നും ഉണ്ടായിരുന്നില്ല. പഴ്സിൽനിന്നു കിട്ടിയ ഒരു ആശുപത്രി കാർഡിലെ വിവരങ്ങൾ വച്ച് ബന്ധപ്പെട്ടാണു പൊലീസ് ഫോൺ നമ്പർ സംഘടിപ്പിക്കുന്നതും നയനപ്രകാശിനെ ബന്ധപ്പെടുന്നതും.

ഒരു മാസം ജോലിചെയ്താൽ കൻഹുവിന് ലഭിക്കുന്നത് 10,000 രൂപയാണ്. ഇതിൽ നല്ലൊരു ഭാഗം ചെലവിനു വേണം. ബാക്കിയുള്ള തുക നാട്ടിലേയ്ക്ക് അയച്ചു കൊടുക്കും. മൂന്നു മാസം ജോലി ചെയ്താൽ കിട്ടാത്തത്ര തുക കയ്യിൽ വന്നപ്പോൾ സ്വന്തമാക്കാൻ തോന്നിയില്ലേ എന്നാരോ ചോദിച്ചപ്പോൾ, ‘അത് വേണ്ട സേട്ടാ, എനിക്ക് ജോലി ചെയ്ത പൈസ മതി’ എന്ന് ചെറു ചിരിയോടെ പറഞ്ഞ് കൻഹു ഏവരുടെയും കയ്യടി വാങ്ങുകയാണ്.

Advertisment